Connect with us

Articles

ഭൂമി ഏറ്റെടുക്കല്‍ നിയമവും സ്വാഹ!

Published

|

Last Updated

എന്തൊക്കെ പരിമിതികള്‍ ഉണ്ടായിരുന്നെങ്കിലും യു പി എ സര്‍ക്കാര്‍ 2013ല്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍- പുനരധിവാസ നിയമത്തിന് ഒരു ജനാധിപത്യ സ്വഭാവം ഉണ്ടായിരുന്നു. അതിന് മരണ വാറണ്ട് പുറപ്പെടുവിച്ച കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ കുത്തകകള്‍ക്ക് വേണ്ടി ഭൂമി പിടിച്ചെടുക്കാന്‍ ഓര്‍ഡിനന്‍സ് പാസാക്കിയിരിക്കുന്നു. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. രണ്ട് പാര്‍ലിമെന്റ് സമ്മേളനങ്ങള്‍ക്കിടയില്‍ അത്രയും അടിയന്തിര സ്വഭാവമുള്ള പ്രശ്‌നങ്ങളില്‍ മാത്രമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാറിന് അധികാരമുള്ളത്. സെഷന്‍ നടക്കുന്ന കാലയളവില്‍ തീര്‍ച്ചയായും ഭേദഗതി നിയമങ്ങള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കണമെന്ന കീഴ്‌വഴക്കത്തേയും ഇതിലൂടെ മോദി സര്‍ക്കാര്‍ കാറ്റില്‍ പറത്തുന്നു.
പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ 80 ശതമാനം ജനങ്ങളുടെ സമ്മതം വേണമെന്ന ഞശഴവ േീേ ളമശൃ രീാുലിമെശേീി മിറ ഠൃമിുെലൃമിര്യ ശി ഹമിറ അരൂൗശശെശേീി, ഞലവമയശഹശമേശേീി മിറ ൃലലെേേഹലാലി േഅര,േ 2013ലെ വ്യവസ്ഥകള്‍ ഉള്‍പ്പെടെ എല്ലാ ജനാനുകൂലമായ വകുപ്പുകളും എടുത്തുമാറ്റിക്കൊണ്ട് നഗ്നമായ കുത്തക സേവക്കാണ് ബി ജെ പി സര്‍ക്കാര്‍ കളമൊരുക്കിയിരിക്കുന്നത്. ഇനി മുതല്‍ ഭൂമി ഏറ്റെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ക്കും ഇരകളുടെ സമ്മതം വേണ്ടിവരില്ല. സര്‍ക്കാര്‍ അനുമതിപത്രം മാത്രം മതി. “വികസനത്തിന്” ആരുടെ ഭൂമിയും കൈയേറാന്‍ കുത്തകകളെ അനുവദിക്കുന്ന ഓര്‍ഡിനന്‍സ് വന്‍ സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
പുതിയ ഓര്‍ഡിനന്‍സ് കണ്ട് രാഷ്ട്രപതി പോലും അന്ധാളിച്ചുപോയി. എന്തിനാണ് ഇത്ര ധൃതിപിടിച്ച് ഇങ്ങനെ ഒരു ഓര്‍ഡിനന്‍സ് എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. പക്ഷേ, വൈകാതെ കൈയൊപ്പ് ചാര്‍ത്താന്‍ മാത്രം അധികാരമുള്ള ബഹുമാന്യനായ പ്രസിഡന്റ് ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടുകൊടുത്തു. എന്താണ് അതില്‍ എഴുതിയിരിക്കുന്നത് എന്ന് പോലും വായിച്ചുനോക്കാതെ എന്ന് പറഞ്ഞാല്‍ ദോഷം തോന്നരുത്.
ഒരു പ്രത്യേക വികസന ആവശ്യത്തിന് ഏറ്റെടുക്കുന്ന ഭൂമി നിശ്ചയമായും ആ ആവശ്യത്തിന് നിശ്ചിത വര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ചിരിക്കണമെന്നും അല്ലാത്തപക്ഷം ആ ഭൂമി തിരിച്ചുനല്‍കണമെന്നുമുള്ള വ്യവസ്ഥകളും കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാറ്റി വക്കൊണ്ടിരിക്കുകയാണ് ഈ ഓര്‍ഡിനന്‍സിലൂടെ. ആര്‍ക്കുവേണ്ടിയാണ് ഈ സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് വളരെ വ്യക്തമാണെങ്കിലും ഇത്ര ജനവിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്ന ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്‌തേ മതിയാകൂ. പാര്‍ലിമെന്റിന് പുറത്ത് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഇനിയും ഉയര്‍ത്തിക്കണ്ടില്ല എന്നതാണ് സങ്കടകരം.
ഏത് വികസന പദ്ധതികള്‍ നടപ്പാക്കുമ്പോഴും സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാത പഠനങ്ങള്‍ നടത്തണമെന്ന ധാരണ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട വ്യവസ്ഥയാണ്. നമുക്ക് നിലവിലുണ്ടായിരുന്ന നിയമത്തിലും ഇ ഐ എ അനിവാര്യമായ ഉപാധിയായിരുന്നു. എന്നാല്‍, എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തുന്ന മോദി സര്‍ക്കാറിന് പരിസ്ഥിതി ആഘാത പഠനം പുല്ലാണ്. അവര്‍ അത് വലിച്ചെറിഞ്ഞിട്ട് ഭൂമി കൈയേറാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. സാധാരണ വ്യക്തികളുടെ സ്വത്ത് സംരക്ഷിക്കാനുള്ള ചുമതല കൈയൊഴിയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രകൃതിയുടെ സംരക്ഷണവും പശ്ചിമഘട്ട സംരക്ഷണവുമൊന്നും സര്‍ക്കാറിന്റെ പരിഗണനാ വിഷയങ്ങളല്ലെന്ന പ്രഖ്യാപനവും ഈ ഓര്‍ഡിനന്‍സിലുണ്ട്.
അടിസ്ഥാന വികസനമെന്ന സങ്കല്‍പ്പത്തെയും ഓര്‍ഡിനന്‍സ് ചവുട്ടിയരക്കുന്നു. റോഡ്, ഊര്‍ജാവശ്യങ്ങള്‍ തുടങ്ങിയവ മാത്രമല്ല, സ്വകാര്യ മൂലധന വ്യവസായ വികസനാവശ്യകതകളും കൂടി അടിസ്ഥാന വികസനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഓര്‍ഡിനന്‍സ് വന്നിട്ടുള്ളത്. എന്നു പറഞ്ഞാല്‍, നാടിന്റെ വികസനമെന്നത് ഒരുപിടി വരുന്ന കുത്തകകളുടെ വികസനം മാത്രമാണ് എന്ന സങ്കുചിത വീക്ഷണത്തിലേക്ക് സര്‍ക്കാര്‍ വന്നെത്തിയിരിക്കുന്നു. അതിനു വേണ്ടി പണിയെടുക്കുന്ന ഇടനിലക്കാരന്റെ റോള്‍ മാത്രമാണ് സര്‍ക്കാറിനുള്ളതെന്ന് പറയേണ്ടിവരും. മറ്റൊന്നും ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ വകയില്ലാ എന്ന അവസ്ഥയിലേക്ക് രാജ്യവും ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും അകപ്പെട്ടുപോകുമോ?
രാജ്യത്തിന്റെ കാര്‍ഷിക രംഗമോ? കൃഷിഭൂമി വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട് നമ്മുടെ രാജ്യത്ത്. എന്നാല്‍, വ്യവസായ ഇടനാഴികള്‍ നിര്‍മിക്കാനും കൃഷിഭൂമി നികത്തി മുന്നേറാനും കോര്‍പറേറ്റുകള്‍ക്ക് പുതിയ മാറ്റങ്ങള്‍ വഴിയൊരുക്കും. ആറന്മുള വിമാനത്താവളത്തിനായി കൃഷിഭൂമി നികത്തുന്നതിനെതിരെ സമരം ചെയ്ത് കൈവരിച്ചത് മറക്കാവുന്നതല്ല. അതില്‍ സംഘ്പരിവാര്‍ ശക്തികളുമുണ്ടായിരുന്നു. എന്നാല്‍, പുതിയ ജനദ്രോഹ വ്യവസ്ഥകള്‍ നടപ്പായാല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമല്ല, വ്യാവസായിക ആവശ്യങ്ങള്‍ക്കും വിമാനത്താവള വികസനത്തിനും കൃഷിഭൂമി പിടിച്ചെടുക്കാം എന്ന സ്ഥിതി വരും. അപ്പോള്‍ ആറന്മുളയില്‍ പോലും സ്ഥിതി വ്യത്യസ്തമാകും. ഈ പോക്ക് നമ്മുടെ രാജ്യത്തെ, ജനജീവിതത്ത എവിടെ കൊണ്ടെത്തിക്കുമെന്നാലോചിക്കാന്‍ സമയമായിരിക്കുന്നു.
ജനങ്ങളെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് ആട്ടിയോടിക്കാനും അവരുടെ ഭൂസ്വത്ത് കൈക്കലാക്കാനും വന്‍കിട കമ്പനികള്‍ക്കും മൂലധന പ്രമാണിമാര്‍ക്കും ആവോളം അവസങ്ങള്‍ തുറന്നുകൊടുക്കുന്ന ഈ സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ രാജ്യദ്രോഹ പ്രവര്‍ത്തനമാണ് നടത്തുന്നത്. അത് ചെയ്യുന്ന രീതിയാകട്ടെ, തികച്ചും ജനാധിപത്യവിരുദ്ധമായ സമ്പ്രദായങ്ങള്‍ ഉപയോഗിച്ചും. പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ഭൂനിയമ ഭേദഗതി. കഴിഞ്ഞ നാല് വര്‍ഷം പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്ത നിയമമാണ് 2013ല്‍ യു പി എ സര്‍ക്കാര്‍ പാസാക്കിയത്. ആ നിയമമാണ് ഒരു ചര്‍ച്ചയും കൂടാതെ മോദിയും കൂട്ടരും വലിച്ചു ചവറ്റുകൊട്ടയില്‍ എറിയുന്നത്.
എത്ര വലിയ പാതകമായിരിക്കും അതെന്ന് കാലം രേഖപ്പെടുത്താന്‍ പോകുന്നേയുള്ളൂ. വന്‍ പ്രക്ഷോഭങ്ങള്‍ രാജ്യമെമ്പാടും ഇരകള്‍ നടത്തേണ്ടിവരും. അഥവാ, രാജ്യത്തെ മുഴുവന്‍ സാധാരണ ജനങ്ങളും ഇരകളായി മാറാന്‍ പോകുന്നുവെന്നതാണ് ഈ ഓര്‍ഡിനന്‍സിന്റെ ഒന്നാമത്തെ പ്രത്യാഘാതം.

Latest