Connect with us

Editorial

മാധ്യമ വിചാരണയിലെ ഗുണവും ദോഷവും

Published

|

Last Updated

അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന കുറ്റവിചാരണ തടയാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി സര്‍ക്കാറിനോടാവശ്യപ്പെട്ടിരിക്കുകയാണ്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പില്‍ ആരോപിതരായ ഏഴ് സ്ത്രീകള്‍ സമര്‍പ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്. മാധ്യമ വിചാരണകള്‍ പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും കുറ്റാരോപിതര്‍ക്ക് മാനഹാനിയുണ്ടാക്കാനും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടിയ കമ്മീഷന്‍, ചാനലുകള്‍ പ്രതികളായി ആരോപിക്കുന്നവര്‍ കുറ്റക്കാരല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ചാനലുകള്‍ക്കെതിരേ നഷ്ടപരിഹാരത്തിനും മാനനഷ്ടത്തിനും കേസ് കൊടുക്കാമെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച ഉത്തരവില്‍ നിരീക്ഷിക്കുന്നുണ്ട്.
കുറ്റകൃത്യങ്ങള്‍ കോടതിയില്‍ വിചാരണ ചയ്യപ്പെടുന്നതിന് മുമ്പേ മാധ്യമങ്ങളില്‍ ചെര്‍ച്ച ചെയ്യപ്പെടുന്നത് ഇന്ന് പതിവാണ്. നീതിപൂര്‍വകമായ അന്വേഷണത്തിനും വിചാരണക്കും തടസ്സമാകുന്ന തരത്തിലുള്ള അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമാണ് ഈ ചര്‍ച്ചകളില്‍ പലപ്പോഴും ഉയര്‍ന്നുവരാറുള്ളത്. ചോദ്യം ചെയ്യാനായി പൊലീസ് പിടികൂടിയവരെ പോലും കുറ്റവാളികളായോ നിരപരാധികളായോ ഇവര്‍ ചിത്രീകരിച്ചെന്നിരിക്കും. നിഷ്പക്ഷമായും വസ്തുനിഷ്ഠമായും കാര്യങ്ങള്‍ തീരുമാനിക്കേണ്ട ന്യായാധിപന്റെ മനസ്സിനെയും മസ്തിഷ്‌കത്തെയും ഇത്തരം മാധ്യമവിചാരണകള്‍ സ്വാധീനിച്ചു കൂടായ്കയില്ല. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ലൗ ജിഹാദ് എന്ന വ്യാജക്കഥകളുമായി ബന്ധപ്പെട്ട കേസുകളില്‍ അതിനെ ശരിവെച്ചു കൊണ്ട് കേരള ഹൈക്കോടതിയില്‍ നിന്ന് വന്ന വിധി. ലൗ ജിഹാദ് സത്യമാണെന്നതില്‍ അശേഷം സന്ദേഹം തോന്നാതിരുന്ന ജഡ്ജി, സംഭവങ്ങളെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ വിധിന്യായത്തില്‍ പ്രശംസിക്കുകയുമുണ്ടായി. എന്നാല്‍ വിശദമായ അന്വേഷണത്തിനൊടുവില്‍ മതസ്പര്‍ധ വളര്‍ത്താനായി ഹിന്ദുജാഗൃതി എന്ന വെബ്‌സൈറ്റ് പടച്ചുണ്ടാക്കിയതാണ് ലൗ ജിഹാദെന്ന് 2012ല്‍ കേരളാ പോലീസ് തന്നെ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. മുമ്പ് കേരളത്തില്‍ നടന്ന മൂന്ന് ആത്മഹത്യാ കേസുകള്‍ നരഹത്യയാക്കി കേസ് ചാര്‍ജ് സി ബി ഐ കോടതിയില്‍ എത്തിച്ചു. മാധ്യമ വിചാരണകള്‍ മൂലം ആ കേസുകളില്‍ കീഴ്‌ക്കോടതി പ്രതികളെ ശിക്ഷിക്കുകയും ചെയ്തു. മേല്‍ക്കോടതിയില്‍ ചെന്നപ്പോഴാണ് ഇവ ആത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞു പ്രതികളെ വെറുതേവിട്ടത്. ഇക്കാരണത്താല്‍ നീതിപീഠങ്ങളില്‍ നിന്നുള്‍പ്പെടെ മാധ്യമ വിചാരണക്കും ഇടപെടലിനുമെതിരെ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. പ്രതികളെക്കുറിച്ച് ജനങ്ങളില്‍ തെറ്റായ മുന്‍വിധി ഉണ്ടാക്കുമെന്നതിനാല്‍ മാധ്യമ വിചാരണ അപകടകരമാണെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അഭിപ്രായപ്പെട്ടത്. പതികള്‍ ആരൊക്കെയെന്നു തീരുമാനിക്കാനുള്ള അധികാരം കോടതികള്‍ക്കാണ്. അത് മാധ്യമങ്ങള്‍ ഏറ്റെടുക്കരുതെന്നും 2013 ഫെബ്രുവരില്‍ പാറ്റ്‌നയില്‍ നടന്ന ജുഡീഷ്യല്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറയുകയുണ്ടായി. വിചാരണകളായി മാറുന്ന മാധ്യമ ഇടപെടലുകളെ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ലാ കമ്മിഷന്‍ മുമ്പ് നിര്‍ദേശിച്ചിരുന്നു. ഇതിനായി ഒരു കരട് നിയമവും കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. കേസ് സജീവമാകുന്ന ഘട്ടത്തില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്നതിന് ഹൈക്കോടതിക്ക് അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കരടിലുള്ളത്. മഹാരാഷ്ട്രയിലെ ഒരു പൊലീസ് ഏറ്റുമുട്ടല്‍ കേസിനെക്കുറിച്ചുള്ള മാധ്യമ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ സുപ്രീംകോടതി അമിക്കസ്‌ക്യൂറിയെ നിയമിക്കുകയും, മാധ്യമ വിചാരണ തടയുന്നതിന് മാര്‍ഗരേഖ തയ്യാറാക്കേണ്ടതുണ്ടോ എന്നും ഉണ്ടെങ്കില്‍ അതില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നും പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ക്രിമിനല്‍ കേസുകളിലെ മാധ്യമ ഇടപെടലുകള്‍ ഗുണപരമായി ഭവിച്ച സംഭവങ്ങളും കുറവല്ല. അന്വേഷണത്തിലെ വീഴ്ചകള്‍ മൂലം ഗുരുതരമായ പല കേസുകളില്‍ നിന്നും വിചാരണ കൂടാതെ രക്ഷപ്പെടുമായിരുന്ന സ്വാധീനശേഷിയുള്ള പലരെയും കോടതിയിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്. സമീപകാലത്ത് മാധ്യമ ഇടപെടലുകളുടെ ഫലമായി കുറ്റാന്വേഷണത്തിന്റെ ഗതിയില്‍ മാറ്റമുണ്ടായ സംഭവങ്ങള്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഏറെയാണ്. ആത്മഹത്യയായി എഴുതിത്തള്ളിയ സുനന്ദ പുഷ്‌കറുടെ മരണം അവസാനം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ബന്ധിതമായത് ഉദാഹരണം. ഇതടിസ്ഥാനത്തില്‍ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് അന്വേഷണ ഏജന്‍സികളുടെ തെറ്റായ നീക്കങ്ങളെ യഥാസമയം തടയിടാനുള്ള അവസരം നഷ്ടമാക്കുകയും അത് ഗുണത്തേക്കാളേറെ ദോഷകരമായി ഭവിക്കുകയും ചെയ്യുമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഗുണദോഷങ്ങള്‍ വിശദമായി വിലയിരുത്തിയായിരിക്കണം മാധ്യമ വിചാരണകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

---- facebook comment plugin here -----

Latest