Connect with us

National

ലവ് ജിഹാദ്: കരീന കപൂറിന്റെ മോര്‍ഫ് ചെയ്ത പടം വി എച്ച് പി മാസികയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: വി എച്ച് പിയുടെ വനിതാ മാസിക “ഹിമാലയ ധ്വനി” ബോളിവുഡ് നടി കരീന കപൂറിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രസിദ്ധീകരിച്ചത് വിവാദമായി. “ലവ് ജിഹാദ്” കവര്‍ സ്റ്റോറയായി ഇറങ്ങിയ ലക്കത്തിലാണ് കരീനയുടെ പടം മുഖചിത്രമായി നല്‍കിയത്. “ലവ് ജിഹാദ് സൂക്ഷിക്കുക” എന്നും അച്ചടിച്ചിട്ടുണ്ട്.
വി എച്ച് പിയുടെ വനിതാ സംഘടന ദുര്‍ഗ വാഹിനി, മുസ്‌ലിം പുരുഷന്‍മാരുടെ ഭാര്യമാരായി കഴിയുന്ന ഹിന്ദു സ്ത്രീകളെ പുനര്‍പരിവര്‍ത്തനം ചെയ്യാന്‍ പ്രചാരണം നടത്തന്നുണ്ട്. ദുര്‍ഗ വാഹിനിയുടെ മുഖപത്രമാണ് ഹിമാലയ ധ്വനി. സംഘടനയുടെ വടക്കേ ഇന്ത്യ മേഖലാ കോഓഡിനേറ്റര്‍ രജ്‌നി തുര്‍കാല്‍ ആണ് ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്. കരീനയുടെ പാതി മുഖം മുഖപടം കൊണ്ട് മറച്ചാണ് പ്രസിദ്ധീകരിച്ചത്. മറുപാതിയില്‍ പൊട്ട് തൊട്ട ഹിന്ദു മുഖമാണുള്ളത്. “മതംമാറ്റത്തിലൂടെ പൗരത്വ മാറ്റം” എന്ന അടിക്കുറിപ്പുമുണ്ട്.
അതേസമയം, ലവ് ജിഹാദിനെതിരായ പ്രചാരണത്തിന് കരീനയുടെ പടം മോര്‍ഫ് ചെയ്ത് പ്രസിദ്ധീകരിച്ചതിനെ ന്യായീകരിക്കുകയാണ് സംഘടന. “അവര്‍ ഒരു സെലിബ്രിറ്റിയാണ്. യുവജനത സെലിബ്രിറ്റിയെ അനുകരിക്കാന്‍ ശ്രമിക്കും. അവര്‍ക്ക് അങ്ങനെ ആകാമെങ്കില്‍ തങ്ങള്‍ക്കെന്തുകൊണ്ട് ആയിക്കൂടെയെന്ന് അവര്‍ ചിന്തിക്കും. വടക്കേ ഇന്ത്യ മേഖലാ കോഓഡിനേറ്റര്‍ രജ്‌നി തുര്‍കാല്‍ ന്യായീകരിക്കുന്നു.
ലവ് ജിഹാദിനെയും മതംമാറ്റത്തെയും സംബന്ധിച്ച് ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണണ്. മതംമാറ്റം കാരണമാണ് രാജ്യം വിഭിജതമായതും പാക്കിസ്ഥാന്‍ പിറന്നതും. ലവ് ജിഹാദില്‍ കുടുങ്ങി അബദ്ധവശാല്‍ മുസ്‌ലിമായ പെണ്‍കുട്ടി തിരിച്ച് യഥാര്‍ഥ വിശ്വാസത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അവകാശമല്ലേ? മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇതിനെതിരെ രംഗത്ത് വരുന്നത് അസാധാരണമാണ്. മാസികയുടെ എഡിറ്റോറിയല്‍ വിഭാഗം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, വിഷയത്തില്‍ പൂര്‍ണ അതൃപ്തി പ്രകടിപ്പിച്ച് കരീനയുടെ ഭര്‍ത്താവ് സൈഫ് അലി ഖാന്‍ രംഗത്തെത്തി. ഇത് അത്ഭുതപ്പെടുത്തുന്നതല്ല; അവഹേളിക്കുന്നതാണ്. ഇത്തരം അപരിഷ്‌കൃതവും ഭ്രാന്തവുമായ ആശയങ്ങള്‍ ഇന്ത്യയുടെ ശാപമാണ്. ഇതിനെ അപലപിക്കേണ്ടത് അനിവാര്യമാണ്. സൈഫ് അലി ഖാന്‍ രംഗത്തെത്തി.

---- facebook comment plugin here -----

Latest