Connect with us

Kerala

പാമോലിന്‍ കേസ് അവസാനിപ്പിക്കാനാകില്ല: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: പാമോലിന്‍ കേസില്‍ വിചാരണ വേണമെന്ന് ഹൈക്കോടതി. കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാറിന്റെയും പ്രതികളുടെയും റിവിഷന്‍ ഹരജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി ഉബൈദിന്റെ സുപ്രധാന വിധി. കേസ് പിന്‍വലിക്കുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നും പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി വിലയിരുത്തി. വിചാരണ നടപടികള്‍ വൈകിയതും പ്രധാന സാക്ഷികള്‍ ജീവിച്ചിരിപ്പില്ല എന്നതും കേസ് അവസാനിപ്പിക്കാന്‍ കാരണമല്ലെന്നും കോടതി പറഞ്ഞു. കേസ് അവസാനിപ്പിക്കുന്നത് പ്രതികള്‍ക്ക് മാത്രമേ ഗുണകരമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും വി എസ് സുനില്‍ കുമാര്‍ എം എല്‍ എക്കും ജനപ്രതിനിധികള്‍ എന്ന നിലയില്‍ ജനതാത്പര്യം മുന്‍നിര്‍ത്തി കേസില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ മുതലെടുപ്പിനാണ് ഇരുവരും കേസില്‍ ഇടപെടുന്നതെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.
കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്റെ അപേക്ഷ തള്ളിയ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ആകില്ലെന്നും വിജിലന്‍സ് കോടതി നടപടി തെളിവുകളും വസ്തുതകളും പരിശോധിച്ചാണെന്നും കോടതി പറഞ്ഞു. എന്നാല്‍, കേസ് നടത്തിപ്പിന്റെ ചുമതലയുള്ള പബ്ലിക് പ്രോസിക്യൂട്ടറല്ല കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി തിരുത്തി. പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയ പ്രോസിക്യൂട്ടര്‍ അഗസ്റ്റിന്റെ നടപടി വിജിലന്‍സ് മാന്വലിന്റെ അടിസ്ഥാനത്തിലും ഇതുസംബന്ധിച്ച സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിലും നിയമപരമാണെന്ന് കോടതി പറഞ്ഞു.
ഐ എ എസ് ഉദ്യോഗസ്ഥരായ തങ്ങളെ വിചാരണ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ജിജി തോംസണിന്റെയും മുന്‍ വിജിലന്‍സ് കമ്മീഷണര്‍ പി ജെ തോമസിന്റെയും വാദങ്ങള്‍ കോടതി തള്ളി. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുള്ളതിനാല്‍ വിചാരണ കോടതിയാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
പ്രതികള്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ആഗോള ടെന്‍ഡര്‍ ക്ഷണിക്കാതെ പാമോലിന്‍ ഇറക്കുമതിക്ക് സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് ആരോപണം. ഇത് സാധൂകരിക്കുന്നിന് മതിയായ വസ്തുതകളുണ്ട്. ഇറക്കുമതിയിലൂടെ സര്‍ക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. പ്രധാന സാക്ഷികളാരും ജീവിച്ചിരിപ്പില്ലെന്ന കാരണത്താല്‍ കേസ് അവസാനിപ്പിക്കുന്നത് നിയമപരമല്ല. ഇക്കാരണത്താല്‍ കേസ് പിന്‍വലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. വിചാരണ കോടതി മുമ്പാകെയുള്ള മറ്റ് തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ വിചാരണ ചെയ്യാന്‍ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിജിലന്‍സ് നടത്തിയ തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കണമെന്ന പ്രതികളുടെ വാദവും കോടതി തള്ളി. മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യമാണ് കോടതി നിരസിച്ചത്. വിജിലന്‍സിന്റെ വ്യക്തമായ കുറ്റപത്രം നിലനില്‍ക്കുമ്പോള്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കണമോയെന്ന കാര്യം വിചാരണ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. അഴിമതി കേസുകള്‍ പിന്‍വലിക്കുന്നത് പൊതുതാത്പര്യവിരുദ്ധമാണെന്നും സാമൂഹിക നീതിക്ക് നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് വി എസ് അച്യുതാനന്ദനും വി എസ് സുനില്‍കുമാര്‍ എം എല്‍ എയും കേസ് പിന്‍വലിക്കുന്നതിനെതിരെ വിചാരണ കോടതിയെ സമീപിച്ചത്.