Connect with us

Palakkad

മെഡിക്കല്‍ കോളജ് വന്നിട്ടും ചികിത്സാ ദുരിതത്തിന് അറുതിയായില്ല

Published

|

Last Updated

പാലക്കാട്: മെഡിക്കല്‍ കോളജ് വന്നിട്ടും ജില്ലയിലെ ജനങ്ങളുടെ ചികിത്സാ ദുരിതത്തിന് അറുതിയായില്ല.
പാലക്കാടിന് മെഡിക്കല്‍ കോളജിന് വേണ്ടി മുറവിളി കൂട്ടിയത് തന്നെ ജില്ലയുടെ ചികിത്സാരംഗത്തുള്ള പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് യഥാര്‍ഥ്യമായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും സാധാരണജനങ്ങള്‍ക്ക് ചികിത്സാ സൗകര്യം ഇനിയും അകലെയാണ്.
900 കോടി രൂപ ചെലവഴിച്ചാണ് യാക്കരയില്‍ മെഡിക്കല്‍ കോളജ് മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയത്. വിവാദങ്ങളോടെയായിരുന്നു തുടക്കം. നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അധികൃതരെ അറിയിക്കാതെ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതില്‍ കോടികളുടെ നിയമന തട്ടിപ്പ് നടന്നുവെന്നാണ് പറയപ്പെടുന്നത്.പി എസ് സി മുഖാന്തിരം ഉദ്യോഗര്‍ഥികളെ തിരെഞ്ഞടുക്കുകയാണെങ്കില്‍ കാലതാമസംനേരിടുമെന്നും ഇത് കോളജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് അന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. എന്നാല്‍ മെഡിക്കല്‍ കോളജ് തുടങ്ങി മാസങ്ങള്‍ പിന്നിട്ടും യാതൊരു ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല. ഇതിന് പിന്നിലും വന്‍ അഴിമതിയുണ്ടെന്നാണ് ശ്രുതി.
മെഡിക്കല്‍ കോളജില്‍ ചികിത്സാ സൗകര്യം ലഭ്യമായാല്‍ സ്വകാര്യാശുപത്രികള്‍ക്ക് തിരച്ചടിയായിരിക്കും നേരിടേണ്ടി വരുക.ഇത്തരമൊരു സഹാചര്യത്തില്‍ സ്വകാര്യാശുപത്രി അധികൃതരും മരുന്ന് വില്‍പ്പനക്കാരും ലാബുകാരും മെഡിക്കല്‍ കോളജുമായി പ്രവര്‍ത്തിക്കുന്ന ഉന്നതമാര്‍ക്ക് വന്‍തുക നല്‍കിസാധാരണക്കാരുടെ ചികിത്സാ സൗകര്യം അട്ടിമറിക്കുകയാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഉദ്ഘാടന വേളയില്‍ മെഡിക്കല്‍ കോളജാശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം ജില്ലാശുപത്രിയില്‍ ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഉറപ്പ് നല്‍കിയത്. ജില്ലാശുപത്രിയിലാകട്ടെ ഒ പി കൗണ്ടറിന് മുമ്പില്‍ നീണ്ട വരിയാണ് കാണുന്നത്. നാലു ഡോക്ടര്‍മാരുടെ സേവനം ഒ പി വിഭാഗത്തില്‍ വേണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ജില്ലാശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമേയുള്ളൂ. പലപ്പോഴും മതിയായ ചികിത്സ ലഭിക്കാതെ രോഗികള്‍ മരിക്കുന്നത് ജില്ലാശുപത്രിയില്‍ സാധാരണമാണ്. വാര്‍ഡുകളാകട്ടെ വളരെ ശോചനീയാവസ്ഥയും. വെള്ളത്തിന് കൂടി ക്ഷാമമാണ് ജില്ലാശുപത്രിയില്‍ അനുഭവപ്പെടുന്നത്.
ജില്ലാശുപത്രിയില്‍ സ്ഥിതി ഇതാണെന്നിരിക്കെ മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത് കോളജ് ഡോക്ടര്‍മാരുടെ സേവനം ജില്ലാശുപത്രിയില്‍ ലഭിക്കുമെന്നാണ്.ജില്ലാശുപത്രിക്ക് പുറമെ മെഡിക്കല്‍കോളജിലും ചികിത്സാ സൗകര്യവും ലഭ്യമാക്കുന്നതിന് യാതൊരു ഒരുക്കവും ഇനിയും തുടങ്ങിയിട്ടില്ല. പഠനത്തിലും മികച്ച സൗകര്യമില്ലെന്നാണ് എം സി ഐ സംഘത്തിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ മെഡിക്കല്‍ കോളജ് കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ ഫാക്കല്‍റ്റികളുടെ കുറവില്‍ അസംതൃപ്തി രേഖപ്പെടുത്തി.12 അധ്യാപക ഡോക്ടര്‍മാരുടെ കുറവാണ് കണ്ടെത്തിയത്. ഇത് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിച്ചിരിക്കുകയാണ്. ഇത് മെഡിക്കല്‍കോളജിന്റെ അംഗീകാരം ലഭിക്കാന്‍ വൈകുന്നതിനിടയാക്കുമെന്നാണ് സൂചന. നൂറോളം വിദ്യാര്‍ഥികളാണ് മെഡിക്കല്‍ കോളജില്‍ പഠിക്കുന്നത്.
അംഗീകാരം വൈകുന്നത് ഇവരുടെ ഭാവിയെയും ബാധിക്കുകയും ചെയ്യും. നിലവിലെ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് അനന്തമായി നീളുമെന്നാണ് സൂചന. മെഡിക്കല്‍ കോളജ് വന്നിട്ടും ജില്ലയിലെ സാധാരണജനങ്ങള്‍ക്ക് ചികിത്സാ സൗകര്യംലഭ്യമാകാതിരിക്കുന്നതിന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം മെഡിക്കല്‍ കോളജിലെ നിലവിലെ പ്രവര്‍ത്തനത്തെക്കുറിച്ച് യാതൊന്നും പ്രതികരിക്കാനില്ലെന്നാണ് മെഡിക്കല്‍ കോളജ് സ്‌പെഷ്യല്‍ ഓഫീസര്‍ സുബ്ബയ്യ അറിയിച്ചു.

Latest