Connect with us

Kozhikode

പൂക്കളുടെ വര്‍ണോത്സവത്തിന് തുടക്കം

Published

|

Last Updated

കോഴിക്കോട്: പൂക്കളുടെ വര്‍ണോത്സവത്തിന് കാലിക്കറ്റ് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ തുടക്കമായി. വിടര്‍ന്നുനില്‍ക്കുന്ന പനിനീര്‍ പൂക്കളില്‍ തുടങ്ങി കായ്ച്ചു നില്‍ക്കുന്ന ഓറഞ്ച് വരെ ഇത്തവണത്തെ മേളയില്‍ കാഴ്ചക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം, തായ്‌ലാന്റ് സ്‌പെഷ്യല്‍ ഓര്‍ക്കിഡുകളും പോയിന്‍സാറ്റിയയും കുറുക്കന്‍വാല്‍പനയും. നീലയും പച്ചയും വെള്ളയും നിറത്തിലുള്ള വിദേശ പുഷ്പമായ മനസ്‌ട്രോമയും പത്ത് തരം ചെമ്പരത്തികളും പുഷ്പമേളയുടെ മാറ്റ് കൂട്ടുന്നുണ്ട്.
കരുവന്‍തുരുത്തി മെഹര്‍ ഗാര്‍ഡനില്‍ നിന്നെത്തിച്ച കായ്ച്ചുനില്‍ക്കുന്ന ഓറഞ്ച് മരവുമായാണ് മെഹര്‍ഗാര്‍ഡന്‍ ഉടമ മെഹര്‍ മേളക്കെത്തിയത് കാഴ്ചക്കാര്‍ക്ക് പ്രത്യേക അനുഭവമാണ് നല്‍കുന്നത്. വയനാട് നിന്നുമെത്തിച്ച മധുരനാരങ്ങതൈ എട്ട് മാസം കൊണ്ടാണ് ഫറോക്കിലെ മെഹര്‍ഗാര്‍ഡനില്‍ വിളഞ്ഞത്. സാധാരണ മധുര നാരങ്ങ ഇവിടെയുള്ള കാലാവസ്ഥയില്‍ കായ്ക്കില്ലെങ്കിലും മെഹറിന്റെ മണ്ണില്‍ മധുരനാരങ്ങ വിളഞ്ഞ് പഴുത്ത് നില്‍ക്കുന്നുണ്ട്.
ഇതിന് പുറമെ കുറഞ്ഞ സ്ഥലത്ത് എങ്ങനെ ഓര്‍ക്കിഡ് കൃഷി നടത്താമെന്നതിന്റെ മാതൃകയും മെഹര്‍ മേളയിലൂടെ കാഴ്ചക്കര്‍ക്ക് കാണിച്ച് കൊടുക്കുന്നു. മൂന്നാറില്‍ മാത്രം കാണ്ടുവരുന്ന കാറ്റക്‌സ്, കാലാഞ്ജിയ എന്നിവയും മെഹറിന്റെ നഴ്‌സറിയില്‍ വിരിഞ്ഞുനില്‍ക്കുന്നുണ്ട്.
ജൈവ പച്ചക്കറി കൃഷി എന്ന സന്ദേശവുമായി തുടങ്ങിയ ഇത്തവണത്തെ ഫഌവര്‍ ഷോയില്‍ ജൈവ കൃഷിക്ക് വന്‍ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ഇതിനായി ജില്ലയിലെ മികച്ച സര്‍ക്കാര്‍ കാര്‍ഷിക തോട്ടമായി കൂത്താളിയില്‍ നിന്നും തൃശൂരിലെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുമുള്ള മേല്‍ത്തരം പച്ചക്കറി വിത്തുകളും വിളവുകളും പ്രദര്‍ശനത്തിനുണ്ട്. മുതിര്‍ന്നവര്‍ക്ക് മുപ്പത് രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. പ്രദര്‍ശനം 13ന് അവസാനിക്കും.

---- facebook comment plugin here -----

Latest