Connect with us

Wayanad

സി പി എമ്മും ബി ജെ പിയും നടത്തുന്നത് ന്യൂനപക്ഷ പീഡനം: കെ എല്‍ പൗലോസ്

Published

|

Last Updated

കല്‍പ്പറ്റ: നബിദിനത്തില്‍ ജില്ലാസമ്മേളനം നടത്തിയ സി പി എമ്മും ക്രിസ്തുമസ് ദിനത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ച ബി ജെ പിയും ഫലത്തില്‍ ന്യൂനപക്ഷസമുദായങ്ങളെ പീഡിപ്പിക്കുന്ന നയത്തിന്റെ വക്താക്കളാണെന്ന് ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് പ്രസ്താവിച്ചു.
സ്‌പെഷ്യല്‍ സമ്മേളനം മുസ്‌ലംകള്‍ക്കായി സംഘടിപ്പിച്ച് ന്യൂനപക്ഷങ്ങളുടെ സംരക്ഷകവേഷം കെട്ടിയാടാന്‍ ശ്രമിക്കുന്ന സി പി എം നബിദിനത്തില്‍ ജില്ലാസമ്മേളനം നടത്തിയതിന്റെ പേരില്‍ മുസ്‌ലിം സമുദായത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫിലെ പടലപ്പിണക്കങ്ങളാണ് മെഡിക്കല്‍ കോളജിന്റെ സ്ഥലമെടുപ്പ് വൈകാന്‍ കാരണമെന്ന സി പി എമ്മിന്റെ പ്രചാരണം ശുദ്ധ അസംബന്ധമാണ്. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട നിയമപരമായ നൂലാമാലകള്‍ എല്ലാം പരിഹരിച്ച ശേഷം മാത്രമെ സര്‍ക്കാരിന് നടപടികളുമായി മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു. യു ഡി എഫിലെ ഘടകകക്ഷികള്‍ക്ക് ആര്‍ക്കെങ്കിലും അത് സംബന്ധിച്ച് ഏന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അത് വളരെ വേഗം പരിഹരിക്കപ്പെടും. വയനാട്ടില്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജെന്നത് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഏറ്റവും വലിയ അജണ്ടയാണ്. അത് ഉടനടി യാഥാര്‍ത്ഥ്യമാകും. അതിന്റെ പേരില്‍ സി പി എം ഏറെ മുതലക്കണ്ണീരൊഴുക്കേണ്ടി വരില്ല. കടുവാസങ്കേതത്തിന്റെയും ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും മറ്റും പേരില്‍ നമ്മുടെ നാട്ടില്‍ നടന്ന അവസരവാദ ഇടതുപക്ഷ രാഷ്ട്രീയ നാടകങ്ങള്‍ ജനം പിന്നീട് പുച്ഛിച്ച് തള്ളിയത് അവര്‍ക്ക് പാഠമാകേണ്ടതാണ്. യു ഡി എഫ് ഒറ്റക്കെട്ടായി മതേതര ജനാധിപത്യ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് വയനാടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കെ എല്‍ പൗലോസ് അറിയിച്ചു.