Connect with us

Malappuram

പുലി കുടുങ്ങിയില്ല; ജനം ഭീതിയില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: മുള്ള്യാകുര്‍ശ്ശി പ്രദേശവാസികള്‍ പുലിഭീതിയില്‍ തന്നെ. പുലിയെ പിടികൂടാനായി വനംവകുപ്പധികൃതര്‍ കെണിയൊരുക്കിയെങ്കിലും പുലി കുടുങ്ങിയില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് കെണിയൊരുക്കി പുലിക്ക് വേണ്ടുന്ന ഭക്ഷണവും തയ്യാറാക്കിയിരുന്നത്.
കെണിയൊരുക്കിയ രാത്രിയില്‍ പ്രദേശവാസികള്‍ ഏറെ വൈകും വരെയും കാത്തിരിപ്പായിരുന്നു. ഇപ്പോഴും പുലിയിറങ്ങുമെന്ന നിഗമനത്തില്‍ തന്നെയാണ് നാട്ടുകാരും വനപാലകരും. പുലിഭീതിയൊഴിയും വരെ തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികള്‍ പണി നിര്‍ത്തിവെച്ചിരിക്കുകയാണ്. റബര്‍ ടാപ്പിംഗ് തൊഴിലാളികളും ജോലിക്ക് വരാതായി. ഏകദേശം 10-35 ഏക്കര്‍ റബ്ബര്‍ തോട്ടത്തിലെ ടാപ്പിംഗ് പ്രവൃത്തികളാണ് ദിവസങ്ങളോളമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ഇതിനിടയില്‍ തൊട്ടടുത്തുള്ള മുള്ള്യാകുര്‍ശ്ശി പ്രദേശത്തിന്റെ മറുഭാഗത്ത് നെന്മിനിയില്‍ രണ്ട് പുലികളെ ഇന്നലെ പകല്‍ ഒന്‍പത് മണിയോടെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും വനംവകുപ്പധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മങ്കട വേരുംപുലാക്കല്‍ കുമരഗിരി എസ്റ്റേറ്റില്‍ പുലിയുടെ കാല്‍പാദം കണ്ടതായും അഭ്യൂഹങ്ങളുണ്ട്. മുള്ള്യാകുര്‍ശ്ശി പ്രദേശത്തിന്റെ ഒരു ഭാഗം നെന്മിനിയും മറുഭാഗം മങ്കട വേരുംപുലാക്കല്‍ കുമരഗിരി എസ്റ്റേറ്റ് പ്രദേശമാണ്.
ഈ രണ്ട് സ്ഥലങ്ങളിലും ഇത്തരമൊരു സംഭവമുണ്ടായത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ ജനം ഭീതിയിലാണ്. വനംവകുപ്പധികൃതര്‍ പുലിയുടെ നിരീക്ഷണത്തിനായി വെച്ചിരുന്ന ക്യാമറകളില്‍ രണ്ട് ചിത്രങ്ങള്‍ പതിഞ്ഞുവെങ്കിലും വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ളതായിരുന്നു. ഒന്ന് രാത്രി 11.45നും മറ്റൊന്ന് പുലര്‍ച്ചെ 3.30നുമാണ് ചിത്രം പതിഞ്ഞിട്ടുള്ളതെന്നറിയുന്നു. ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടില്ലെങ്കിലും കൂടി ഒന്നില്‍ കൂടുതല്‍ പുലികളുണ്ടെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.

---- facebook comment plugin here -----

Latest