Connect with us

Malappuram

റേഷന്‍ കാര്‍ഡ് അപേക്ഷാഫോം ശ്രദ്ധയോടെ പൂരിപ്പിക്കണം; തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നടപടി

Published

|

Last Updated

മലപ്പുറം: നിലവിലുള്ള റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനും മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനുമുള്ള അപേക്ഷാഫോമുകള്‍ സൗജന്യമായി റേഷന്‍ കടകള്‍ വഴി വിതരണം തുടങ്ങി. ജനുവരി 17 വരെയാണ് ഫോം വിതരണം ചെയ്യുക. പ്രത്യേകം ബാര്‍ കോഡ് നമ്പറുള്ളതും നിലവിലുള്ള കാര്‍ഡിലെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഫോമുകളാണ് നല്‍കുന്നത്.
അതിനാല്‍ കൈയില്‍ കിട്ടുന്ന ഫോം നശിപ്പിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ രണ്ടാമത് വീണ്ടും ഫോം നല്‍കുന്നത് പ്രായോഗികമല്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പുതിയ കാര്‍ഡ് കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലാണ് അനുവദിക്കുന്നത്. വനിതാ അംഗങ്ങള്‍ കാര്‍ഡില്‍ ഇല്ലെങ്കില്‍ മുതിര്‍ന്ന പുരുഷ അംഗത്തിന്റെ പേരില്‍ കാര്‍ഡ് നല്‍കും. ഓരോ കാര്‍ഡിലേയും കുടുംബനാഥയുടെ ഫോട്ടോ എടുക്കുന്നതിന് ഓരോ സ്ഥലത്തും പ്രത്യേകം ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഈ ക്യാമ്പുകളില്‍ പൂരിപ്പിച്ച അപേക്ഷയും തിരിച്ചറിയല്‍ കാര്‍ഡും സഹിതം എത്തണം. പുതിയ കാര്‍ഡുകള്‍ നിലവില്‍ വരുമ്പോള്‍ ബി പി എല്‍, എ പി എല്‍ കാര്‍ഡിന് പകരം മുന്‍ഗണനാ കാര്‍ഡും അല്ലാത്തവയും എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. അപേക്ഷയിലെ വിവരങ്ങളുടെയും അന്വേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. ഈ പട്ടിക പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനായി പ്രസിദ്ധീകരിക്കും. ഇതില്‍ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറും വി ഇ ഒ, പഞ്ചായത്ത് അസി. സെക്രട്ടറി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായ സ്‌ക്രീനിംഗ് കമ്മിറ്റി മുമ്പാകെ ബോധിപ്പിക്കാം.
കമ്മിറ്റിയുടെ സിറ്റിംഗ് സ്ഥലവും തീയതിയും പ്രത്യേകം പരസ്യപ്പെടുത്തും. ഈ കമ്മിറ്റിയുടെ പരിശോധനക്ക് ശേഷം അന്തിമ മുന്‍ഗണനാപട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ അംഗീകരിച്ച് പ്രസിദ്ധീകരിക്കും. അംഗീകരിച്ച പട്ടിക പ്രകാരമാണ് മുന്‍ഗണനാ കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്യുക. യാതൊരു കാരണവശാലും തെറ്റായ വിവരങ്ങള്‍ നല്‍കി ആനുകൂല്യം നേടാന്‍ ശ്രമിക്കരുതെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കും.

Latest