Connect with us

International

ഫ്രാന്‍സില്‍ ഭീകരാക്രമണം: 12 മരണം; ഭീകരരില്‍ ഒരാള്‍ കീഴടങ്ങി

Published

|

Last Updated

പാരീസ്: ഫ്രഞ്ച് ആക്ഷേപഹാസ്യ പ്രസിദ്ധീകരണത്തിന്റെ ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ നാല് കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കം 12 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ പോലീസുകാരാണ്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാര്‍ളി ഹെബ്‌ദോ മാഗസിന്റെ ഹെഡ് ഓഫീസിലാണ് സംഭവം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ട് സഹോദരങ്ങളടക്കം മൂന്ന് പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. ഭീകരാക്രമണം നടത്തിയവരില്‍ ഒരാള്‍ പൊലീസില്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഹാമിദ് മുറാദ് എന്ന 18കാരനാണ് കീഴടങ്ങിയത്. ഇയാളെ കൂടാതെ മറ്റ് രണ്ട് പേരുടെ വിവരങ്ങളും ഫ്രഞ്ച് പൊലീസ് പുറത്തുവിട്ടു. സഹോദരങ്ങളായ ഷെരീഫ് കൗച്ചി (34), സെയ്ദ് കൗച്ചി (32) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

നേരത്തേ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഈ മാഗസിന് നേരെ രൂക്ഷമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇസില്‍ മേധാവിയെന്ന് അറിയപ്പെടുന്ന അബൂബക്കര്‍ ബഗ്ദാദിയുടെ കാരിക്കേച്ചര്‍ ഈ പ്രസിദ്ധീകരണത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ടതിന് പിറകേയാണ് ആക്രമണം നടന്നത്.
മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീഫന്‍ ചാര്‍ബോണിയര്‍ അടക്കം നാല് കാര്‍ട്ടൂണിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി മാഗസിന്റെ അഭിഭാഷകന്‍ പറഞ്ഞു. മുഖം മൂടി ധരിച്ച സംഘം ഓഫീസില്‍ ഇരച്ചെത്തി യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റോക്കറ്റ് ലോഞ്ചര്‍, കലഷ്‌നിക്കോവ് റൈഫിളുകള്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം. ഭീകരാക്രമണം തന്നെയാണ് മാഗസിന്റെ ഓഫീസില്‍ നടന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളണ്ടെ പറഞ്ഞു. അപരിഷ്‌കൃതമായ ദുഷ് ചെയ്തിയാണ് ആക്രമണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണിത്. രാഷ്ട്രത്തിന്റെ ആത്മാവ് നശിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലിപിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രതികരിച്ചു. അമേരിക്കയുടെ എക്കാലത്തെയും സുഹൃദ് രാജ്യമാണ് ഫ്രാന്‍സ് എന്നും ഫ്രഞ്ച് ജനതക്കൊപ്പം എല്ലാ കാലത്തും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദശകത്തിനിടെ ഫ്രാന്‍സില്‍ ഉണ്ടാകുന്ന ഏറ്റവും ശക്തമായ തീവ്രവാദ ആക്രമണമാണ് ഇത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2006ല്‍ കുപ്രസിദ്ധ ഡാനിഷ് ദിനപത്രമായ ജില്ലന്‍ഡ് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച നബി നിന്ദാ കാര്‍ട്ടൂണ്‍ ചാര്‍ളി ഹെബ്‌ദോ മാഗസിന്‍ പുനഃപ്രസിദ്ധീകരിച്ചിരുന്നു. പ്രവാചകനെ നിന്ദിക്കാനായി 2011 ല്‍ കാരിക്കേച്ചറുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് മാഗസിനെതിരെ ഉയര്‍ന്നത്. ഇതേ വര്‍ഷം മാഗസിന്റെ ഓഫീസിന് നേരെ ബോംബാക്രമണം നടന്നിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ങ്ങളിലായി യൂറോപ്പില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം മെയ് 24ന് ബ്രസല്‍സിലെ ജ്യൂയിഷ് മ്യൂസിയത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ നാല് പേരാണ് മരിച്ചത്.
ദക്ഷിണ ഫ്രാന്‍സിലെ തൗലൗസില്‍ നടന്ന വെടിവെപ്പില്‍ ജൂത പുരോഹിതനും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. അക്രമിക്ക് അല്‍ ഖാഇദ ബന്ധമുണ്ടെന്ന് പിന്നീട് തെളിഞ്ഞു. തീവ്രവലതുപക്ഷ ക്രിസ്ത്യന്‍ തീവ്രവാദി ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രീവിക് 77 പേരെ കൂട്ടക്കൊല ചെയ്തത് 2011 ജൂലൈ രണ്ടിനായിരുന്നു. നോര്‍വേയിലെ ഉഡോയ ദ്വീപില്‍ യൂത്ത് ക്യാമ്പിലെത്തി ബ്രീവിക് കൂട്ടക്കൊല നടത്തുകയായിരുന്നു.

paris copy

2005 ജൂലൈ ഏഴിന് ലണ്ടന്‍ സബ്‌വേ ട്രെയിനില്‍ അല്‍ഖാഇദ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നാല് പേര്‍ മരിച്ചിരുന്നു. അതിനിടെ, നബിനിന്ദാ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ലോകത്തിന്റെയാകെ പ്രതിഷേധത്തിനിരയായ ഡാനിഷ് പത്രം ജില്ലന്‍ഡ് പോസ്റ്റില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.
ചാര്‍ലി ഹെബ്‌ദോയില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പത്രത്തിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി സുരക്ഷാ വക്താവ് സ്റ്റിഗ് ഒര്‍ഡസ്‌കോവ് പറഞ്ഞു.

Latest