Connect with us

National

സുനന്ദയുടെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ കൊലപാതകത്തെ കുറിച്ചന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡി സി പിമാരും എ സി പിമാരും അടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചത്. പ്രത്യേക അന്വേഷണ സംഘം ഇതിനുള്ള കര്‍മപദ്ധതി തയ്യാറാക്കിയതായി പോലീസ് കമ്മീഷണര്‍ ബി എസ് ബസ്സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആവശ്യമെങ്കില്‍ ശശി തരൂരിനെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഡല്‍ഹി പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ ശ്രമിച്ചതായി ശശി തരൂര്‍ വ്യക്തമാക്കി. ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 12 ന് ശശി തരൂര്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബസ്സിക്കെഴുതിയെ കത്ത് പുറത്ത് വന്നു.
സുനന്ദയുടെ മരണം കൊലപാതകമാണെന്ന ഡല്‍ഹി പോലീസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ തന്റെ ഡല്‍ഹിയിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ ജോലിക്കാരന്‍ നാരായണനെ ചോദ്യം ചെയ്തു. നാരായണനെ ശാരീരികമായി പീഡിപ്പിച്ച് തനിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു. സുനന്ദയെ കൊന്നത് ശശി തരൂരാണെന്ന് നാരായണനെക്കൊണ്ട് പറയിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.