Connect with us

Ongoing News

ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്ക നിലനിര്‍ത്തി

Published

|

Last Updated

ദുബൈ: ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്ക നിലനിര്‍ത്തി. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര 2-0ന് ജയിച്ചതോടെയാണിത്. ഏപ്രില്‍ ഒന്ന് വരെയുള്ള മത്സരഫലങ്ങളെ അധികരിച്ചാണ് ചാമ്പ്യന്‍ഷിപ്പ് ജേതാവിനെ നിര്‍ണയിക്കുകയെങ്കിലും 124 റേറ്റിംഗ് പോയിന്റോടെ ദക്ഷിണാഫ്രിക്ക കിരീടം ഉറപ്പിച്ചു.
സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചാലും 119 റേറ്റിംഗ് പോയിന്റോടെ ആസ്‌ത്രേലിയ രണ്ടാം സ്ഥാനത്തെത്തുകയേയുള്ളൂ. സിഡ്‌നിയില്‍ തോറ്റാല്‍ പോയിന്റ് കുറയുമെങ്കിലും ഓസീസിന് രണ്ടാം സ്ഥാനം നഷ്ടമാകില്ല. ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ ടീമുകള്‍ മൂന്നും നാലും സ്ഥാനങ്ങളിലെത്തും. 96 പോയിന്റോടെ ഇന്ത്യ ആറാം സ്ഥാനത്താണ്. 101 പോയിന്റോടെ ശ്രീലങ്ക അഞ്ചാം സ്ഥാനത്ത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കള്ള 500000 യു എസ് ഡോളര്‍ ക്യാഷ് പ്രൈസ് ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഹാഷിം അംല ഐ സി സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിചാര്‍ഡ്‌സനില്‍ നിന്ന് സ്വീകരിച്ചു. കേപ്ടൗണ്‍ ടെസ്റ്റിന് ശേഷമായിരുന്നു ചടങ്ങ്.
രണ്ടാം സ്ഥാനക്കാര്‍ക്ക് 370000 ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 280000 ഡോളറും നാലാം സ്ഥാനക്കാര്‍ക്ക് 170000 ഡോളറും ലഭിക്കും.
2009ലാണ് ദക്ഷിണാഫ്രിക്ക ആദ്യമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതായത്. 2012 മുതല്‍ക്ക് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിപ്പോരുന്നു.

Latest