Connect with us

Ongoing News

വാളകം കേസില്‍ സാക്ഷിയുടെ മൊഴി കളവാണെന്ന് ശാസ്ത്രീയ പരിശോധന ഫലം

Published

|

Last Updated

തിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന സാക്ഷിയായ ജാക്‌സന്റെ മൊഴി കളവാണെന്നു ശാസ്ത്രീയ പരിശോധന ഫലം.

ഇതോടെ കേസ് പുതിയ വഴിത്തിരിവിലേക്കെത്തിയിരിക്കുകയാണ്. കേസിലെ അധ്യാപകനെ ആക്രമിച്ചത് ബാലകൃഷ്ണപിള്ളയുടെ അനുയായിയായ മുച്ചിറി മനോജ് ആണെന്നായിരുന്നു ജാക്‌സന്റെ മൊഴി. എന്നാല്‍ സംഭവത്തില്‍ പ്രതിയായ മുച്ചിറി മനോജ് അധ്യാപകനെ ആക്രമിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ജാക്‌സന്റെ ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റിലൂടെ പുറത്തു വന്നിരിക്കുന്നത്.
അഹമ്മദാബാദ് ഫോറന്‍സിക് ലാബില്‍ നടത്തിയ ബ്രെയിന്‍ മാപ്പിംഗ് പരിശോധനാ ഫലമാണു സി ബി ഐ എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കിയത്.
2011 സെപ്തംബര്‍ 27ന് തിരുവനന്തപുരത്തുനിന്ന് കാറില്‍ വീട്ടിലേക്ക് പോകുന്ന വഴി വാളകത്തുവെച്ച് ആര്‍ ബാലകൃഷ്ണപിള്ളയുടെ അനുയായി ആയ മുച്ചിറി മനോജ് അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിക്കുന്നതും വഴിയില്‍ ഉപേക്ഷിക്കുന്നതും കണ്ടെന്നായിരുന്നു കേസിലെ ഏക ദൃക്‌സാക്ഷിയായ ജാക്‌സന്റെ മൊഴി. ഇതേത്തുടര്‍ന്നാണു ജാക്‌സനെയും ആരോപണ വിധേയനായ മുച്ചിറി മനോജിനെയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്.കേസില്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ ലഭിച്ചതോടെയാണ് സി ബി ഐ നുണ പരിശോധനയ്ക്ക് മുതിര്‍ന്നത്.