Connect with us

Ongoing News

മനോജ് വധം: വിക്രമന്‍ ഉള്‍പ്പടെ നാല് പ്രതികളെ വിട്ടുകിട്ടാനുള്ള സി ബി ഐ ഹരജിയില്‍ വിധി നാളെ

Published

|

Last Updated

തലശ്ശേരി: ആര്‍ എസ് എസ് നേതാവ് മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി വിക്രമന്‍ ഉള്‍പ്പെടെയുള്ള നാല് പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് അപേക്ഷിച്ച് സി ബി ഐ നല്‍കിയ ഹരജിയില്‍ ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പറയും.
നേരത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ വേളയില്‍ പ്രതികള്‍ അന്വേഷണ സംഘവുമായി സഹകരിച്ചില്ലെന്നും ഇതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ വീണ്ടും കസ്റ്റഡിയില്‍ നല്‍കണമെന്നുമായിരുന്നു സി ബി ഐ പ്രോസിക്യട്ടര്‍ അഡ്വ. കൃഷ്ണകുമാര്‍ മുഖേന ഉദ്യോഗസ്ഥര്‍ അപേക്ഷിച്ചിരുന്നത്. പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ സി ബി ഐയുടെ ആവശ്യം അടിസ്ഥാന രഹിതമാണെന്ന് വാദിച്ചു. കസ്റ്റഡിയില്‍ ഉള്ള സമയം പ്രതികള്‍ അന്വേഷണ സംഘവുമായി സഹകരിച്ചില്ലെങ്കില്‍ ഇക്കാര്യം യഥാസമയം എന്തുകൊണ്ട് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നില്ലെന്ന് പ്രതിഭാഗം ആരാഞ്ഞു. അറസ്റ്റ് നടന്ന് 119 ദിവസം പിന്നിട്ടു.
യു എ പി എ നിയമം ചുമത്തിയാല്‍ പോലും 30 ദിവസത്തിനകം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണം. ആയതിനാല്‍ സി ബി ഐ യുടെ ആവശ്യത്തിന് നിയമ പരിരക്ഷ ഇല്ലെന്നും അഡ്വ. വിശ്വന്‍ സമര്‍ഥിച്ചു. ഇപ്പോള്‍ പ്രൊഡക്ഷന്‍ വാറന്റിനെ തുടര്‍ന്ന് ഹാജരാക്കപ്പെട്ട അഞ്ച്, 13 പ്രതികളെ നേരത്തെ ഏഴ് ദിവസം സി ബി ഐ സംഘത്തിന് കസ്റ്റഡിയില്‍ നല്‍കിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തശേഷം അഞ്ച് ദിവസത്തിനകം തിരികെ ഹാജരാക്കി. ഇതേ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നത് അനുവദിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

 

Latest