Connect with us

Kollam

ഗാര്‍ഹിക പീഡന കേസുകള്‍ കൂടുതല്‍ തിരുവനന്തപുരത്ത്;കുറവ് കാസര്‍കോട്ട്‌

Published

|

Last Updated

കൊല്ലം:സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഗാര്‍ഹിക പീഡന കേസുകളില്‍ കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്നുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ഇവയുടെ പകുതി മാത്രമാണെന്നതാണ് യാഥാര്‍ഥ്യം. പീഡനത്തിനിരയാകുന്ന പലരും മാനഹാനി ഭയന്ന് പോലീസിലോ മറ്റു ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ പരാതിപ്പെടാന്‍ തയ്യാറാകാത്ത സാഹചര്യമാണുള്ളത്.

2013- 14 കാലയളവില്‍ 3406 ഗാര്‍ഹിക പീഡന കേസുകളാണ് സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2502 ശാരീരിക പീഡനങ്ങളും 627 ലൈംഗിക അതിക്രമങ്ങളും 2814 വാക്കാലുള്ള പീഡനങ്ങളും 2120 സാമ്പത്തിക പീഡനങ്ങളുമാണ്. ഇതില്‍ 464 പേര്‍ക്ക് അഭയ കേന്ദ്രങ്ങള്‍ നല്‍കുകയും 528 പേര്‍ക്ക് വൊക്കേഷനല്‍ ട്രെയിനിംഗ് നല്‍കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 845 ഗാര്‍ഹിക പീഡനക്കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലാണ്. 57 കേസുകള്‍. കൊല്ലം- 178, പത്തനംതിട്ട- 140, ആലപ്പുഴ- 181, കോട്ടയം-93, ഇടുക്കി- 140, എറണാകുളം-387, തൃശൂര്‍- 244, പാലക്കാട്-163, മലപ്പുറം-95, കോഴിക്കോട്-377, വയനാട്-253, കണ്ണൂര്‍-253 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍.
2009-2010ല്‍ 2143 കേസുകളും 463 ഡൊമെസ്റ്റിക് ഇന്‍സിഡന്റ്‌സ് ( ഡി ഐ ആര്‍) കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2010-11ല്‍ 3203 കേസുകളും 975 ഡി ഐ ആര്‍ കേസുകളും രജിസ്റ്റര്‍ ചെയ്തു. 2011-2012ല്‍ 3583 കേസുകളും 783 ഡി ഐ ആര്‍ കേസുകളും 2012- 13ല്‍ 3833 കേസുകളും 753 ഡി ഐ ആറും റിപ്പോര്‍ട്ട് ചെയ്തു. നിയമസഹായ ക്ലിനിക്കുകള്‍ വഴി വനിതാ അഭിഭാഷകര്‍ മജിസ്‌ട്രേറ്റിന് നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഡൊമെസ്റ്റിക് ഇന്‍സിഡന്റ്‌സ് ഗണത്തില്‍പ്പെടുന്നത്. ശാരീരിക- മാനസീക- ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളേയും കുട്ടികളേയും രക്ഷിക്കുന്നതിനുള്ള ഗാര്‍ഹിക പീഡന നിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും. നിയമം നടപ്പാക്കുന്നതിന് പ്രൊട്ടക്ഷന്‍ ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സര്‍വീസ് പ്രൊവൈഡര്‍, മജിസ്‌ട്രേറ്റ് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ആവശ്യമായ ചികിത്സയും സംരക്ഷണവും നഷ്ടപരിഹാരവും നിയമം ഉറപ്പ് വരുത്തുന്നുണ്ട്. അവകാശപ്പെട്ട സ്വത്ത് മുഴുവനായോ ഭാഗികമായോ തട്ടിയെടുക്കുക, സ്ഥാവര ജംഗമ വസ്തുക്കള്‍, ഓഹരികള്‍, ജാമ്യ പത്രങ്ങള്‍, ബോണ്ടുകള്‍, വില പിടിപ്പുള്ള വസ്തുക്കള്‍, മറ്റു സ്വത്തുക്കള്‍ എന്നിവ അന്യാധീനപ്പെടുത്തുക എന്നിവയും നിയമത്തിന്റെ പരിധിയില്‍ വരും. അടിയന്തര സാഹചര്യത്തില്‍ പീഡന വിവരം അറിഞ്ഞാല്‍ പ്രൊട്ടക്ഷന്‍ ഓഫീസറോ സര്‍വീസ് പ്രൊവൈഡറോ ഉടന്‍ തന്നെ പോലീസിന്റെ സഹായത്തോടെ സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി മജിസ്‌ട്രേറ്റിന് നല്‍കണം. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമം പര്യാപ്തമാണെങ്കിലും പലപ്പോഴും ഇതനുസരിച്ച് കേസെടുത്ത് അന്വേഷണം നടക്കാറില്ലെന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും ബോധവത്കരിക്കുന്നതിന് വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് സാമൂഹിക ക്ഷേമ ബോര്‍ഡ് മെമ്പര്‍ ഷാഹിദാ കമാല്‍ സിറാജിനോട് പറഞ്ഞു.