Connect with us

Education

എന്‍ട്രന്‍സ് പരീക്ഷകള്‍ ഏപ്രില്‍ 20ന് തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: 2015- 16ലെ കേരള മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകള്‍ ഏപ്രില്‍ 20 മുതല്‍ 23വരെ നടക്കും. 20, 21 തീയതികളില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെയും 22, 23 തിയ്യതികളില്‍ മെഡിക്കല്‍ വിഭാഗത്തിലെയും പരീക്ഷകളുമായിരിക്കും നടക്കുക. എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ 12.30 വരെയായിരിക്കും പരീക്ഷ. 20ന് എന്‍ജിനീയറിംഗിലെ പേപ്പര്‍ ഒന്ന് ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രിയും 21ന് പേപ്പര്‍ രണ്ട് മാത്തമാറ്റിക്‌സ്, 22ന് മെഡിക്കലിലെ പേപ്പര്‍ ഒന്ന് കെമിസ്ട്രി ആന്‍ഡ് ഫിസിക്‌സ്, 23ന് പേപ്പര്‍ രണ്ട് ബയോളജി എന്നീ പരീക്ഷകള്‍ നടക്കും. കേരളത്തിലെ മുന്നൂറോളം കേന്ദ്രങ്ങളിലും ഡല്‍ഹി, ദുബൈ, മുംബൈ എന്നിവിടങ്ങളിലുമായിരിക്കും പരീക്ഷകള്‍. മെഡിക്കല്‍ പരീക്ഷയുടെ ഫലം മെയ് 20ന് മുമ്പായും എന്‍ജിനീയറിംഗിന്റേത് ജൂണ്‍ 25 നു മുമ്പും പ്രസിദ്ധീകരിക്കും. ഈ മാസം 10 മുതല്‍ ഫെബ്രുവരി മൂന്ന് വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും ഫെബ്രുവരി നാലിനു മുമ്പായി കമ്മീഷണറുടെ ഓഫിസിലെത്തിക്കണം.
അപേക്ഷാസമര്‍പ്പണത്തിനാവശ്യമായ സെക്യൂരിറ്റി കാര്‍ഡുകളും പ്രോസ്‌പെക്ടസുകളും കേരളത്തിനകത്തും പുറത്തുമുള്ള 169 തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകള്‍വഴി ഈ മാസം ഒമ്പത് മുതല്‍ വിതരണം ചെയ്യും. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 1000, എസ് സി/എസ് ടി വിഭാഗത്തിന് 500 രൂപയുമാണ്. വാര്‍ഷിക കുടുംബവരുമാനം 40,000 രൂപയില്‍ കവിയാത്ത വരുമാനമുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസുകള്‍വഴി സൗജന്യമായി സെക്യൂരിറ്റി കാര്‍ഡും പ്രോസ്‌പെക്ടസും വിതരണം ചെയ്യും. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ സ്‌കൂളുകളിലും അക്ഷയ കേന്ദ്രങ്ങളിലും സിറ്റിസണ്‍ കോള്‍സെന്ററിലും ആവശ്യമായ പരിശീലനം നല്‍കും. ഈ വര്‍ഷത്തെ പ്രവേശന പരീക്ഷക്ക് 1.5 ലക്ഷം അപേക്ഷകളാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷം ആകെ 1,48,590 അപേക്ഷകളാണ് ലഭിച്ചത്.

Latest