Connect with us

Malappuram

ഹജ്ജ്;ഇനി ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാം

Published

|

Last Updated

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനപേക്ഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം മുതല്‍ ഓണ്‍ ലൈന്‍ വഴിയും അപേക്ഷ നല്‍കാം. പുറമെ പണം അടക്കുന്നതിന് ഇ പേയ്‌മെന്റ് സംവിധാനവും ഉപയോഗപ്പെടുത്താവുന്നതാണ്. ബേങ്കില്‍ പണമടക്കുന്നതിനു വരുന്ന തിരക്ക് ഒഴിവാക്കാന്‍ ഈ വര്‍ഷം മുതല്‍ സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യക്ക് പുറമെ യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിലും പണം അടക്കാവുന്നതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ ടി മുഹമ്മദ് ബശീര്‍ എം പി പറഞ്ഞു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാജിമാര്‍ വിശുദ്ധ ഭൂമിയില്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ഈ വര്‍ഷം ബലി മൃഗത്തിനുള്ള ടോക്കണ്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരിട്ട് നല്‍കും. ഇതിന് പ്രത്യേകം തുക ഈടാക്കും. കൂപ്പണ്‍ ഹാജിമാര്‍ക്ക് ഹജ്ജ് ക്യാമ്പില്‍ വെച്ചു തന്നെ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഹാജിമാര്‍ക്ക് ഈ വര്‍ഷം മുതല്‍ കുടയും നല്‍കും. ഒരു വളണ്ടിയറുടെ കീഴില്‍ പോകുന്ന ഹാജിമാര്‍ക്ക് ആ ഗ്രൂപ്പിലുള്ളവരുമായി മൊബൈലില്‍ ബന്ധപ്പെടുന്നതിനുള്ള ചാര്‍ജ് ഒഴിവാക്കും.
ഹാജിമാര്‍ക്ക് വിശുദ്ധ ഭൂമിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ലിഫ്റ്റ് സംവിധാനവും സംസം വെള്ളം ലഭിക്കുന്നതുമായ കെട്ടിടമാണ് വാടകക്ക് എടുക്കുക. ഭക്ഷണം കുറ്റമറ്റതാക്കുന്നതിനും കൃത്യ സമയത്ത് ലഭ്യമാക്കുന്നതിനും സംവിധാനം ഒരുക്കുന്നുണ്ട്. കഴിഞ്ഞ തവണ മദീനയില്‍ ഭക്ഷണം സംബന്ധിച്ച് ഹാജിമാര്‍ പ്രയാസം പറഞ്ഞിരുന്നു. ഭക്ഷണം നല്‍കുന്നതിന് കരാര്‍ ഏറ്റെടുക്കുന്ന ഏജന്‍സികള്‍ക്ക് ഇത് ഏറ്റെടുത്തു നടത്തുന്നതിനുള്ള കഴിവ് ഉണ്ടോ എന്ന് ഉറപ്പുവരുത്തും.
ഹാജിമാര്‍ക്ക് തോളിലിടാന്‍ നല്‍കുന്ന ബാഗിന്റെ ഗുണ നിലവാരം കൂട്ടും. ഇതില്‍ വെള്ളക്കുപ്പി വെക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. ഹാജിമാര്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്നും നനവുള്ള സ്ഥലങ്ങളില്‍ ഹവായ് ചെരുപ്പ് ധരിക്കുന്നത് ഒഴിവാക്കണമെന്നും മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്കും നിര്‍ദേശം നല്‍കും. ഹാജിമാരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകുന്ന ഡ്രൈവര്‍മാര്‍ക്ക് ഓരോ സ്ഥലത്തെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്ന കാര്യം പരിഗണിക്കും. ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കും. മാസ്റ്റര്‍ ട്രെയ്‌നര്‍മാരെ ഒഴിവാക്കി ജില്ലാ ട്രെയ്‌നര്‍മാര്‍ക്ക് ഹജ്ജ് കമ്മിറ്റി നേരിട്ട് പരിശീലനം നല്‍കും.
അടുത്ത ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ഈ മാസം 19നു അറിയാനാകും.

Latest