Connect with us

Ongoing News

ഗെയിംസ് വിവാദം: യു ഡി എഫ് നിയമസഭാകക്ഷി യോഗത്തില്‍ രൂക്ഷവിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ യു ഡി എഫ് നിയമസഭാകക്ഷി യോഗത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചു. നല്ലപോലെ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പരിപാടി മാറ്റിവെക്കണമെന്ന ആവശ്യം വരെ യോഗത്തില്‍ ഉയര്‍ന്നു. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും സമയത്തിന് തന്നെ എല്ലാ പൂര്‍ത്തിയാക്കുമെന്നുമായിരുന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി.

മദ്യനയം ചര്‍ച്ചയാകാതിരുന്ന യോഗത്തില്‍ നിന്ന് വി എം സുധീരന്‍ വിട്ടുനിന്നതും ശ്രദ്ധേയമായി. ഒരു ബന്ധുവിന്റെ മരണം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വന്നതിനാലാണ് യോഗത്തിനെത്താതിരുന്നതെന്ന് സുധീരനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഗെയിംസിന്റെ നടത്തിപ്പില്‍ മാധ്യമങ്ങള്‍ പൂര്‍ണമായി എതിരായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ബെന്നിബഹ്‌നാനാണ് വിഷയം ഉന്നയിച്ചത്. ഒരു മാധ്യമം ഒഴികെ മറ്റൊന്നിന്റെയും സഹകരണം ലഭിക്കുന്നില്ലെന്നും മത്സരത്തിനുള്ള ഉപകരണങ്ങള്‍ പോലും എത്തിയിട്ടില്ലെന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ബെന്നി പറഞ്ഞു. നിശ്ചയിച്ച സമയത്ത് തന്നെ ഗെയിംസ് നടത്തി അപമാനിതരാകാനുള്ള അവസരം സൃഷ്ടിക്കരുതെന്നും അഞ്ചോ, പത്തോദിവസം മത്സരം മാറ്റിവെക്കേണ്ടി വന്നാലും നല്ലപോലെ നടത്താന്‍ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നു.
ഗെയിംസിന്റെ കേന്ദ്ര കമ്മിറ്റിയും വേദികളും തമ്മില്‍ ഏകോപനമില്ലെന്നായിരുന്നു ടി എന്‍ പ്രതാപന്റെ പരാതി. തൃശൂരിലെ ഒരു വേദിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഉണ്ടെങ്കിലും ഇന്നേവരെ യാതൊന്നും തന്നെ അറിയിച്ചിട്ടില്ല. മുകളില്‍ നിന്ന് ചില പരിപാടികള്‍ നിശ്ചയിച്ച് തരികയാണ് ചെയ്യുന്നത്. സ്വന്തം നിലനില്‍പ്പിന് വേണ്ടി താന്‍ തന്നെ ചില പരിപാടികള്‍ സ്വയം ആവിഷ്‌കരിച്ച് നടപ്പാക്കുന്ന അവസ്ഥയാണെന്നും പ്രതാപന്‍ പറഞ്ഞു.
ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് പാലോട് രവി കുറ്റപ്പെടുത്തി. ഗെയിംസിന്റെ പ്രഭാവം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടലിനെ മുസ്‌ലിംലീഗ് എം എല്‍ എമാരില്‍ ചിലര്‍ വിമര്‍ശിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും സര്‍ക്കാരിന് കുഴപ്പമുണ്ടാകാതിരിക്കാനുള്ള ഇടപെടലാണ് നടത്തിയതെന്നും പാലോട് രവി വിശദീകരിച്ചു.
ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വികാരഭരിതനായി. സി പി എമ്മും സി പി ഐയും ഇവന്റ് മാനേജ്‌മെന്റ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സുശീലാ ഗോപാലന്‍ മന്ത്രിയായിരുന്നപ്പോള്‍ വകുപ്പിന് വേണ്ടി ചെന്നെയില്‍ നടത്തിയ പരിപാടിയില്‍ അവരും ഇവന്റ് മാനേജ്‌മെന്റ് പ്രയോജനപ്പെടുത്തിയിരുന്നു.
റണ്‍ കേരള റണ്‍ പരിപാടിയുടെ നടത്തിപ്പ് ചുമതല കുറഞ്ഞ തുക ആവശ്യപ്പെട്ട ഇവന്റ് മാനേജ്‌മെന്റിനാണ് നല്‍കിയത്. റണ്‍ കേരള റണ്‍ ദേശീയ ഗെയിംസിന്റെ ഭാഗമല്ലെന്നും ഇതിനാവശ്യമാകുന്ന ഒറ്റപൈസ പോലും ചെലവഴിക്കുന്നത് ദേശീയ ഗെയിംസിന്റെ ഫണ്ടില്‍നിന്നല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് പല പ്രശ്‌നങ്ങളും ഉണ്ട്. ഗെയിംസ് കഴിയുമ്പോള്‍ പറയേണ്ട കാര്യങ്ങളെല്ലാം പറയും. ഗെയിംസിന്റെ തീയതി മാറ്റാനാകില്ല. സമയത്തിന് തന്നെ എല്ലാം പൂര്‍ത്തിയാകും. 16ാം തീയതിയോടെ എല്ലാം പൂര്‍ണമാകും. ജനപ്രതിനിധികള്‍ക്കുള്ള പരാതികള്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. തീയതി നീട്ടിക്കൊണ്ടുപോകാതെ പരാതികളെല്ലാം പരിഹരിച്ച് ഗെയിംസ് നടത്താമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. മുഖ്യമന്ത്രിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ ചിലര്‍ ചാനലുകളില്‍ കയറിയിരുന്ന് ദോഷം വരുത്തുകയാണ് പി കെ ബശീര്‍ കുറ്റപ്പെടുത്തി. മദ്യനയം യു ഡി എഫ് തീരുമാനിച്ചതാണെന്നും അതിനെതിരെ മറ്റൊരു വിമര്‍ശം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാറുകാരുടെ കുടിശ്ശിക തീര്‍ക്കാനാവശ്യമായ പണം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും എത്രയും വേഗം കൊടുത്തുതീര്‍ക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച് തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് മാണിയും അറിയിച്ചു.