Connect with us

Malappuram

എയര്‍ ഇന്ത്യക്കെതിരെ സി ബി ഐ അന്വേഷണം വേണം

Published

|

Last Updated

കൊണ്ടോട്ടി: ഹജ്ജ് യാത്ര ദുഷ്‌കരമാക്കി മാറ്റിയ എയര്‍ ഇന്ത്യക്കെതിരെ സി ബി ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ മിക്ക എയര്‍പോര്‍ട്ടില്‍ നിന്നും ഹാജിമാരെ കൊണ്ടുപോകുന്നതിന്നും തിരിച്ചെത്തിക്കുന്നതിനുമുള്ള കരാര്‍ വര്‍ഷങ്ങളായി എയര്‍ ഇന്ത്യയാണ് ഏെറ്റടുക്കുന്നത്. കരാര്‍ ഏറ്റെടുത്ത ശേഷം എയര്‍ ഇന്ത്യ മറ്റ് വിമാനക്കമ്പനികള്‍ക്ക് സബ് കോണ്‍ട്രാക്ട് നല്‍കുകയാണ് പതിവ്. ഏതാനും എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നു മാത്രമാണ് എയര്‍ ഇന്ത്യ നേരിട്ട് സര്‍വീസ് നടത്തിയത്. കരാര്‍ മറിച്ചു വില്‍ക്കുന്നതിലൂടെ എയര്‍ ഇന്ത്യ വന്‍ ലാഭമാണുണ്ടാക്കുന്നത്. എയര്‍ ഇന്ത്യ നേരിട്ടു നടത്തുന്ന സര്‍വീസുകള്‍ എപ്പോഴും പരാതിക്കിടവരുത്തുന്നുണ്ട്. പഴക്കമേറിയ വിമാനങ്ങള്‍ക്ക് പുറമെ സമയ നിഷ്ഠയും പാലിക്കുന്നില്ല. ഇതു കാരണം ഹാജിമാര്‍ ഏറെ പ്രയാസപ്പെടുന്നു.
ഇന്ത്യയിലെ 24 എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ 17 ഇടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യയോ എയര്‍ ഇന്ത്യ സബ് കോണ്‍ ട്രാക് ട് നല്‍കിയ വിമാനക്കമ്പനിയോ ആണ് ഹജ്ജ് യാത്രാ സര്‍വീസ് നടത്തിയത്. ഏഴിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്നതിനു സഊദി എയര്‍ ലൈന്‍സിനു കരാര്‍ ലഭിച്ചിരുന്നു. ഹജ്ജ് യാത്രയില്‍ നിന്ന് എയര്‍ ഇന്ത്യയെ അയോഗ്യമാക്കണമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു. 300 ഹാജിമാര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിബന്ധന മുഴുവന്‍ ഹജ്ജ് കമ്മിറ്റികളും പാലിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാന കമ്മിറ്റികളോട് ആവശ്യപ്പെട്ടു. ഇത് കര്‍ശനമായും പാലിക്കണമെന്നും വളണ്ടിയര്‍മാരുടെ സേവനം ലഭിക്കാതിരിക്കുന്നതുകാരണം ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ഹാജിമാര്‍ പ്രയാസപ്പെടുകയാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

---- facebook comment plugin here -----

Latest