Connect with us

National

പ്രവാസി ഭാരതീയ ദിവസിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

ഗാന്ധിനഗര്‍: 13-ാമത് പ്രവാസി ഭാരതീയ ദിവസിന് ഉജ്ജ്വല തുടക്കം. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെയാണെങ്കിലും ഇന്നലെ യുവ പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടനത്തോടെ കാര്യപരിപാടികള്‍ക്ക് തുടക്കമായി.

ഗാന്ധി നഗറിലെ മഹാത്മാ മന്ദിര്‍ ഹാളില്‍ കേന്ദ്ര വിദേശ കാര്യ, പ്രവാസി കാര്യ മന്ത്രി സുഷമാ സ്വരാജാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്ര യുവജന ക്ഷേമ സഹമന്ത്രി സര്‍ദാനന്ധ സോനോവല്‍, ബ്രിട്ടനിലെ പാര്‍ലിമെന്റ് അംഗവും ഇന്ത്യക്കാരിയുമായ പ്രിതി പട്ടേല്‍ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയുള്ള ലോക സംഘടനയുടെ അധ്യക്ഷ ഡോ. രശ്മി ദാസ് സംബന്ധിച്ചു.
പ്രവാസി ഭാരതീയ ദിവസ് 13 വര്‍ഷം മുമ്പ് വാജ്പയി സര്‍ക്കാറിന്റെ കാലത്ത് നിന്ന് ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് എത്തുമ്പോള്‍ വിദേശ ഇന്ത്യക്കാരുടെ പങ്കാളിത്തം വന്‍തോതില്‍ വര്‍ധിച്ചതായി സുഷമാ സ്വരാജ് പറഞ്ഞു.
40 രാജ്യങ്ങളില്‍ നിന്ന് 4,000ത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്ന് രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന സമ്മേളന ഹാളില്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. പ്രവാസി ഭാരതീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനം വ്യാപക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഹെലിപാഡ് നഗറിനടുത്താണ് പ്രദര്‍ശനം. കേരളത്തിന്റെ പങ്കാളിത്തവും ശ്രദ്ധേയമാണ്. നോര്‍ക്കയുടെ പവലിയന്‍ നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. രവി പിള്ള ഗ്രൂപ്പിന്റെ പവലിയന്‍ ഉദ്ഘാടന ചടങ്ങില്‍ ഗള്‍ഫിലെ പ്രതിനിധികള്‍ പങ്കെടുത്തു. ഡോ. രവി പിള്ള, ബി ആര്‍ ഷെട്ടി, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മാഈല്‍ റാവുത്തര്‍, കെ വി ശംസുദ്ദീന്‍, സോമന്‍ ബേബി, രാധാകൃഷ്ണന്‍ നായര്‍ സമ്മേളന പ്രതിനിധികളായി എത്തിയിട്ടുണ്ട്. പ്രവാസികള്‍ വിദേശത്ത് നിന്ന് അയക്കുന്ന പണത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തുമെന്ന് ഇസ്മാഈല്‍ റാവുത്തര്‍, സുധീര്‍ കുമാര്‍ ഷെട്ടി അറിയിച്ചു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest