Connect with us

Ongoing News

രാസവളം ഘട്ടംഘട്ടമായി നിരോധിക്കും: കെ പി മോഹനന്‍

Published

|

Last Updated

ചെങ്ങന്നൂര്‍: അടുത്ത വര്‍ഷം മുതല്‍ ഘട്ടംഘട്ടമായി രാസവളം നിരോധിക്കുമെന്ന് മന്ത്രി കെ പി മോഹനന്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച “സമൃദ്ധി” ക്ഷീര- കാര്‍ഷിക- വ്യവസായ പ്രദര്‍ശന വിപണനമേള ബ്ലോക്ക് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാസവള നിരോധനം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു. ഘട്ടംഘട്ടമായാണ് നിരോധനം ഏര്‍പ്പെടുത്തുക. കേരളത്തെ സമ്പൂര്‍ണ ജൈവ കാര്‍ഷിക പഞ്ചായത്തുകളുള്ള സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. അധികം വൈകാതെ ഈ നേട്ടം കൈവരിക്കാനാകും. ഏപ്രിലോടെ 20 പഞ്ചായത്തുകളെ ജൈവ കാര്‍ഷിക പഞ്ചായത്തുകളായി പ്രഖ്യാപിക്കും. കൃഷി വകുപ്പിന്റെ പഠനത്തില്‍ കേരളത്തില്‍ 96 ശതമാനം പച്ചക്കറി ഉത്പാദിപ്പിക്കുന്നത് ജൈവ വളം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി കണ്ടെത്താനുള്ള കര്‍ഷകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൃഷി വകുപ്പു തന്നെ ഉത്പന്നങ്ങള്‍ സംഭരിക്കുന്ന പദ്ധതി തുടങ്ങി.
100 കൃഷി ഓഫീസുകളില്‍ കര്‍ഷക ഉത്പന്നങ്ങള്‍ സംഭരിക്കുന്നു. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാര്‍ഷിക മേഖലയിലേക്ക് ഇറങ്ങുന്ന പ്രവണതയാണ് കാണുന്നത്. ഇതു ഗുണകരമാണ്. രാജ്യത്തെ കൂടുതല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഉത്ഭവം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവരുടെ ഉന്നമനത്തിനായിട്ടായിരുന്നു.
കൊടിയും ചിഹ്നങ്ങളും അതാണ് വ്യക്തമാക്കുന്നത്. യുവതലമുറയെ കൃഷിയിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2012ല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറിവിത്തു നല്‍കിയതു മുതല്‍ വലിയ മാറ്റം പ്രകടമാണ്. കാശു കൊടുത്ത് വിഷം വാങ്ങി കഴിക്കണ്ട എന്ന മനസ്ഥിതിയിലേക്ക് എല്ലാവരും മാറുകയാണ് കേരളത്തിന്റെ ആവശ്യം-മന്ത്രി പറഞ്ഞു. പി സി വിഷ്ണുനാഥ് എം എല്‍ എ ആധ്യക്ഷത വഹിച്ചു.

Latest