Connect with us

Kozhikode

ഹജ്ജിന് നികുതി ഈടാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണം: ഹജ്ജ് അസോസിയേഷന്‍

Published

|

Last Updated

കോഴിക്കോട്: ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനു സേവനനികുതിയില്ലെന്നിരിക്കെ തീര്‍ഥാടകരില്‍ നിന്ന് ശേഖരിക്കാത്ത സേവന നികുതിഹജ്ജ് ഉംറ ഗ്രൂപ്പുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നീക്കത്തില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിന്തിരിയണമെന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. വിമാന ടിക്കറ്റുകള്‍ക്ക് സേവന നികുതി നല്‍കിയിട്ടും സഊദിയില്‍ നടത്തുന്ന ഹജ്ജ് ഉംറ തീര്‍ഥാടനത്തിനു ഇന്ത്യയില്‍ സേവന നികുതി ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണെന്നും സര്‍ക്കാര്‍ വഴി പോയ ഹാജിമാര്‍ക്കു സേവന നികുതിയില്ലെന്ന് ബന്ധപ്പെട്ട മന്ത്രാലയം തന്നെ വിജ്ഞാപനം പുറത്തിറക്കിയിരിക്കെ ഹജ്ജിനും ഉംറക്കും സേവന നികുതി ആവശ്യപ്പെടുന്നത് സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പോകുന്ന തീര്‍ഥാടകരോട് ചെയ്യുന്ന അനീതിയാണെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ്് പി കെ മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍പി കെ മുഹമ്മദ് ഹാജി അല്‍ ഹുസ്സാം, പി കെ എം ഹുസൈന്‍ ഹാജി, സി മുഹമ്മദ് ബശീര്‍ മണ്ണാര്‍ക്കാട്, അഹ്മദ് ദേവര്‍കോവില്‍, അബ്‌റാര്‍ മുഹമ്മദലി, വി ടി ഇക്‌റാമുല്‍ ഹഖ്, അല്‍ഹുദ അബ്ദുല്ലത്വീഫ് മൗലവി, അബ്ദുര്‍റഹ്മാന്‍ ഹാജി കൊല്ലം, അല്‍ അമാന സൈതലവി ഫൈസി, എം എ അസീസ്, ത്വാഹിറ ഹംസ ഹാജി, മാഹീന്‍ ഹാജി തിരുവനന്തപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് ഹാരിസ് സ്വാഗതവും വി എ ചേക്കുട്ടി ഹാജി നന്ദിയും പറഞ്ഞു.