Connect with us

Thiruvananthapuram

പഞ്ചായത്തുകളില്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍

Published

|

Last Updated

തിരുവനന്തപുരം: സര്‍ട്ടിഫിക്കേറ്റുകള്‍ക്കായി ഇനി തദ്ദേശ സ്ഥാപനങ്ങളില്‍ ചെന്ന് അലയേണ്ട. അപേക്ഷകളിലെ തുടര്‍ നടപടികളറിയാന്‍ ഫയലുകള്‍ മറിച്ച് നോക്കി തളരേണ്ട. എല്ലാം പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാകുകയാണ്. എല്ലാം ഒരു വെബ്‌സൈറ്റ് വഴിയാക്കി ഒറ്റ ക്ലിക്കില്‍ ഏത് രേഖയും ലഭിക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭിക്കാന്‍ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ഇന്‍ഫര്‍മേഷന്‍ കിയോക്‌സുകളും സ്ഥാപിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള പൗരസേവനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ജനന, മരണ, വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റുകള്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റ്, വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള അപേക്ഷകളുടെ വിവരങ്ങള്‍, വസ്തുനികുതി സംബന്ധമായ വിവരങ്ങള്‍ എന്നിവയെല്ലാം കിയോസ്‌കുകളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
1970 മുതലുള്ള ജനന- മരണ സര്‍ട്ടിഫിക്കേറ്റുകളും എല്ലാ കെട്ടിടനിര്‍മാണ പെര്‍മിറ്റുകളും രണ്ടുമാസത്തിനകം ഓണ്‍ലൈന്‍ വഴി യാകും. ഇ-പെയ്‌മെന്റ് സൗകര്യവും സര്‍ക്കാരിന്റെ മറ്റ് വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളും കിയോക്‌സുകളില്‍ നിന്ന് ലഭ്യമാണ്. നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവിധ ഓണ്‍ലൈന്‍ സേവന സംവിധാനങ്ങള്‍ പൊതുവായ ഒരു വെബ്‌സൈറ്റിലൂടെ സുഗമമായി നല്‍കും. ഇതിനായി “സുരേഖ” എന്ന വെബ്‌സൈറ്റ് വികസിപ്പിക്കും. ഡിജിറ്റല്‍ സിഗ്നേച്ചര്‍ സൗകര്യത്തോടെ അപേക്ഷകള്‍ ഇ- ഫയല്‍ ചെയ്യാനുള്ള സംവിധാനവും ഇതോടൊപ്പം നിലവില്‍ വരും. തദ്ദേശസ്ഥാപനങ്ങളുടെ കംപ്യൂട്ടര്‍ വല്‍ക്കരണവുമായി ബന്ധപ്പെട്ട് ഐ കെ എം തയാറാക്കിയിട്ടുള്ള വിവിധ ആപ്ലിക്കേഷനുകള്‍ ഇ ആര്‍ പി (എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്) പാക്കേജായി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം ആറ് മാസത്തിനകം പൂര്‍ത്തിയാവും. തദ്ദേശസ്ഥാപനങ്ങളില്‍ തുടര്‍ പരിശീലനത്തിനും സര്‍ക്കാരിന്റെ മേല്‍ത്തട്ട് ഓഫീസുകള്‍, സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് എന്നിവയുമായി തല്‍സമയ സംവേദനത്തിനായി വിര്‍ച്വല്‍ ക്ലാസ് റൂം സംവിധാനം നടപ്പിലാക്കാന്‍ നടപടി ആരംഭിച്ചു. ഈ പദ്ധതിയിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും വേണ്ടി സമയലാഭത്തോടെ ചെലവു കുറച്ച് മികവുറ്റ രീതിയില്‍ തുടര്‍ പരിശീലനങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗും നടത്താം.

 

Latest