Connect with us

Ongoing News

സംസ്ഥാന ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ് തൃശൂരില്‍

Published

|

Last Updated

തൃശൂര്‍: ആറാമത് കേരള സംസ്ഥാന ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ് നാളെയും, മറ്റെന്നാളും തൃശൂരില്‍ നടക്കും. വിദ്യാര്‍ഥികളുടെ കൃഷി ശാസ്ത്ര കണ്ടെത്തലുകളും കാര്‍ഷിക ബാല കലോത്സവവുമാണ് തൃശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കുക. മംഗള്‍യാന്‍ ചരിത്ര വിജയവും സ്വച്ഛഭാരതും ദൃശ്യങ്ങളായി അവതരിപ്പിക്കും. “കുടുംബ കൃഷി നമ്മുടെ കൃഷി” എന്നതാണ് കോണ്‍ഗ്രസിന്റെ മുഖ്യവിഷയം. ഇതിനെ ആസ്പദമാക്കി വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങളും പ്രൊജക്ടുകളും മത്സരമായി അവതരിപ്പിക്കും. മികച്ച ബാലകൃഷി ശാസ്ത്രജ്ഞന് 11111 രൂപയും മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ക്ക് 5555 രൂപയും മികച്ച അഞ്ച് പ്രൊജക്ടുകള്‍ക്ക് 3333 രൂപയും മികച്ച കാര്‍ഷിക പ്രദര്‍ശനം നടത്തുന്ന വിദ്യാലയങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 4444 രൂപയും രണ്ടാം സമ്മാനമായി 3333 രൂപയും മൂന്നാം സമ്മാനമായി 1111 രൂപയും നല്‍കും. പ്രശസ്തിപത്രവും ഫലകവും ക്യാഷ് അവാര്‍ഡിനൊപ്പം നല്‍കും. നാളെ രാവിലെ 8.30ന് തെക്കേഗോപുരനടയില്‍ നിന്ന് നഗരം ചുറ്റി മോഡല്‍ ഗേള്‍സ് സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുടെ ഘോഷയാത്ര നടക്കും. ഏറ്റവും നല്ല സ്‌കൂളിനും ബാന്‍ഡ് സെറ്റിനും അവാര്‍ഡു നല്‍കും. കുടുംബകൃഷി നമ്മുടെ കൃഷി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ടാബ്ലോകളും ദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടാകും. ബാല കലോത്സവത്തില്‍ രണ്ട് ഗ്രൂപ്പുകളിലായി എട്ട് മുതല്‍ 13 വയസു വരെയും 13 മുതല്‍ 17 വയസ്സ് വരെയും പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റര്‍ നിര്‍മാണം, ലളിതഗാനം, പദ്യപാരായണം, നാടന്‍പാട്ട്, സംഘഗാനം, ദേശീയഗാനം, മൈം എന്നിവയില്‍ മത്സരങ്ങള്‍ നടക്കും.കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ 10.30ന് നിര്‍വഹിക്കും. കൃഷിമന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിക്കും. കൃഷി ചിത്രീകരണ പ്രദര്‍ശനം മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷിക പ്രദര്‍ശനം ടി എന്‍ പ്രതാപന്‍ എം എല്‍ എയും പ്രൊസീഡിംഗ്്‌സ് പ്രകാശനം എം പി വിന്‍സന്റ് എം എല്‍ എയും നിര്‍വഹിക്കും. മറ്റന്നാള്‍ നടക്കുന്ന സമാപന സമ്മേളനം തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി കൊല്ലം പണിക്കര്‍, എ ആര്‍ ബൈജു, മനോജ്, ഡോ. മനോഹരന്‍ പങ്കെടുത്തു.

Latest