Connect with us

National

മുസ്‌ലിംകള്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ട്: ഉവൈസി

Published

|

Last Updated

ബീഡ്: കോണ്‍ഗ്രസും എന്‍ സി പിയും മുസ്‌ലിംകള്‍ക്കുള്ള സംവരണം നിഷേധിച്ചുവെന്നും എക്കാലവും മുസ്‌ലിംകളെ പിന്നാക്കക്കാരാക്കിയെന്നും എ ഐ എം നേതാവ് അസസുദ്ദീന്‍ ഉവൈസി എം പി. ബീഡില്‍ തിരഞ്ഞടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ പ്രകാരം പിന്നാക്ക സമുദായത്തിന് സംവരാണാധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മറാഠികള്‍ക്ക് സംവരണം അനുവദിക്കുന്നതിന് എതിരല്ല. എന്നാല്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹമായ സംവരണം വകവെച്ചു നല്‍കണം. മറാഠികള്‍ക്കും മുസ്‌ലിംകള്‍ക്കും സംവരണം നല്‍കാനുള്ള കോണ്‍ഗ്രസ്- എന്‍ സി പി മുന്‍ സര്‍ക്കാറിന്റെ തീരുമാനം സ്റ്റേ ചെയ്തതോടെ പുതിയ ബി ജെ പി-ശിവസേന സര്‍ക്കാര്‍ നിയമ സഭയില്‍ പുതിയ ബില്‍ പാസാക്കിയിരുന്നു. ഈ നിയമത്തിന്റെ ഭാഗമായി മറാഠികള്‍ക്ക് സര്‍ക്കാര്‍ തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ സംവരണം അനുവദിച്ചപ്പോള്‍ മുസ്‌ലിംകള്‍ക്ക് ഒന്നും അനുവദിക്കാതെ അവഗണിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ വര്‍ഷങ്ങളായി വിചാരണ ചെയ്യാതെ, കുറ്റപത്രം പോലും സമര്‍പ്പിക്കാതെ വിവിധ ജയിലുകളില്‍ മുസ്‌ലിംകള്‍ പ്രയാസപ്പെടുകയാണെന്നും ഉവൈസി പറഞ്ഞു. മഹാരാഷ്ട്ര പോലീസ് സേനയില്‍ കേവലം നാല് ശതമാനവും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന മുസ്‌ലിംകള്‍ വെറും മൂന്ന് മുതല്‍ നാല് ശതമാനവും മാത്രമാണ്. സച്ചാര്‍ കമ്മിറ്റി ചുണ്ടിക്കാട്ടിയതും ഇതുതന്നെയാണ്. അതുകൊണ്ട് മുസ്‌ലിംകള്‍ സംവരണം അര്‍ഹിക്കുന്നുവെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അറുപത്തഞ്ച് വര്‍ഷമായി മുസ്‌ലിംകള്‍ രാജ്യത്തെ ദളിതുകളെക്കാള്‍ പിന്നാക്ക വിഭാഗക്കാരായി കഴിയുകായാണെന്നും എക്കാലത്തും രാഷ്ടീയ പാര്‍ട്ടികളുടെ വോട്ട്‌ബേങ്ക് മാത്രമായി മുസ്‌ലിംകള്‍ മാറുകയാണെന്നും പാര്‍ട്ടിയുടെ നിയമസഭാംഗം ഇംതിയാസ് ജലീല്‍ പറഞ്ഞു. വരാന്‍ പോകുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെയും എന്‍ സി പിക്കെതിരെയും എം ഐ എം മത്സര രംഗത്തുണ്ട്.