Connect with us

National

75 ശതമാനം ഉത്പാദനത്തെയും ബാധിച്ചു; ചര്‍ച്ച തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനികളിലെ തൊഴിലാളികള്‍ നടത്തുന്ന അഞ്ച് ദിവസത്തെ പണിമുടക്ക് രണ്ട് ദിവസം പിന്നിട്ടു. 75 ശതമാനം ഉത്പാദനവും സ്തംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയിലൂടെ പണിമുടക്ക് അവസാനിക്കാനുള്ള സാധ്യതയൊരുങ്ങിയില്ലെങ്കില്‍ താപവൈദ്യുത നിലയങ്ങള്‍ അടച്ചിടേണ്ടി വരും. അതേസമയം, കല്‍ക്കരി മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും തൊഴിലാളി നേതാക്കളും തമ്മില്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ചയില്‍ കോള്‍ ഇന്ത്യ അധ്യക്ഷന്‍ സുഥീര്‍ഥ ഭട്ടാചാര്യ പങ്കെടുത്തു. വിഷയത്തില്‍ കല്‍ക്കരി, വൈദ്യുതി മന്ത്രി പിയൂഷ് ഗോയല്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മന്ത്രി ഇന്ന് തൊഴിലാളി നേതാക്കളെ കാണുമെന്നാണ് അറിയുന്നത്. അതിനിടെ ഝാര്‍ഖണ്ഡില്‍ പോലീസും തൊഴിലാളികളും ഏറ്റുമുട്ടി.
പൊതു മേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ 438 ഖനികളില്‍ 290ഉം സമരം മൂലം അടഞ്ഞ് കിടക്കുകയാണ്. നാല് ദശാബ്ദത്തിനിടെ രാജ്യം കണ്ട ഏറ്റവും ശക്തമായ വ്യാവസായിക പണിമുടക്കെന്ന് വിശേഷിപ്പിക്കപ്പെട്ട സമരത്തില്‍ മറ്റ് മിക്ക ഖനികളുടെയും പ്രവര്‍ത്തനം താറുമാറായി. സമരം തുടര്‍ന്നാല്‍ രാജ്യത്താകെയുള്ള നൂറിലധികം താപ വൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വരും. അടിയന്തര സാഹചര്യങ്ങള്‍ക്കായി സൂക്ഷിച്ചുവെച്ച കല്‍ക്കരിയാണ് ഇപ്പോള്‍ ഇവ ഉപയോഗിക്കുന്നത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുന്ന സമരം ഉടന്‍ ഒത്തു തീര്‍പ്പാക്കണമെന്ന് ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. പൂട്ടിക്കിടക്കുന്ന 290 ഖനികള്‍ തുറക്കാനായി സി ഐ ല്‍ മാനേജ്‌മെന്റ് താത്കാലിക ജീവനക്കാരെ ഉപയോഗിക്കുകയാണെന്ന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. നേരത്തെ സര്‍ക്കാര്‍ രണ്ട് തവണ വിളിച്ച യോഗം ട്രേഡ് യൂനിയനുകള്‍ ബഹിഷ്‌കരിച്ചിരുന്നു. ആദ്യ ഷിഫ്റ്റ് തുടങ്ങുന്ന ആറ് മണി മുതല്‍ തൊഴിലാളികള്‍ സമരത്തിലാണ്.
കല്‍ക്കരി സെക്രട്ടറി അനില്‍ സ്വരൂപുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചര്‍ച്ചക്ക് വരേണ്ടത് രാഷ്ട്രീയ നേതൃത്വമാണെന്ന് യൂനിയന്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. കോള്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വകാര്യ മേഖലക്ക് വിറ്റഴിക്കുന്നതിനും (ഡിസ് ഇന്‍വെസ്റ്റ്‌മെന്റ്) കല്‍ക്കരി ദേശസാത്കരണം പിന്‍വലിക്കുന്നതിനുമെതിരെയാണ് ബി ജെ പി യുടെ തൊഴിലാളി സംഘടനായ ബി എം എസ് അടക്കമുള്ള അഞ്ച് പ്രധാന യൂനിയനുകള്‍ സമരം നടത്തുന്നത്.
അഞ്ച് ലക്ഷം തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്ന് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. പലയിടത്തും സമരം അക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍ ഖനികളിലും പരിസരങ്ങളിലും ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സമരം ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദിനംപ്രതി 1.5 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദനത്തെ സമരം ബാധിച്ചിട്ടുണ്ടെന്ന് എ ഐ ടി യു സി പ്രസിഡന്റ് രമേന്ദ്ര കുമാര്‍ പറഞ്ഞു. തൊഴിലാളികള്‍ക്കെതിരെ പോലീസിനെ ഉപയോഗിച്ചാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇന്ത്യന്‍ നാഷനല്‍ മൈന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) പ്രസിഡന്റ് രാജേന്ദ്ര സിംഗ് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ്, സി പി എം തുടങ്ങിയ കക്ഷികളെല്ലാം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest