Connect with us

National

നുഴഞ്ഞുകയറ്റ ശ്രമം സൈന്യം വിഫലമാക്കി

Published

|

Last Updated

ജമ്മു: ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ ഒരു ശ്രമം കൂടി ബി എസ് എഫ് വിഫലമാക്കി. കത്‌വ ജില്ലയില്‍ കനത്ത മൂടല്‍ മഞ്ഞിന്റെയും ഇരു സൈന്യവും തമ്മിലുള്ള വെടിവെപ്പും മുതലെടുത്താണ് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരാഴ്ചക്കിടെ അഞ്ചാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി പല്യ പ്രദേശത്തെ അതിര്‍ത്തിയിലാണ് തീവ്രവാദികളുടെ നീക്കമുണ്ടായത്. ചില്യാരി- ഖോര പ്രദേശത്തേക്കാണ് തീവ്രവാദികള്‍ നീങ്ങിയത്. എന്നാല്‍, ബി എസ് എഫ് വെടിവെച്ച് നീക്കം പരാജയപ്പെടുത്തി. നുഴഞ്ഞുകയറാന്‍ ഒരവസരം കാത്ത് നൂറുകണക്കിന് തീവ്രവാദികള്‍ അതിര്‍ത്തിയിലുണ്ടെന്ന് ബി എസ് എഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതുവത്സര ദിനത്തിന് ശേഷമുള്ള അഞ്ചാമത്തെ ശ്രമമാണ് പരാജയപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. പാക് വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തി പ്രദേശങ്ങളായ സാംബയും കത്‌വയും ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ ഡി കെ പതക് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. പാക് സൈന്യത്തിന്റെ അറിവോടെയാണ് നുഴഞ്ഞുകയറ്റമെന്നതിന് തക്കതായ തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രകോപനത്തിനുള്ള പ്രധാന കാരണമതാണ്. അതിനാല്‍ ജാഗരൂകരുമാണ്. നിരീക്ഷിക്കുന്നുണ്ട്. നുഴഞ്ഞുകയറ്റ ശ്രമമുണ്ടായാല്‍ ആവശ്യമായത് ചെയ്യും. സാധ്യമായതെല്ലാം ചെയ്യും. പ്രദേശത്ത് ഒരു തരത്തിലുള്ള നുഴഞ്ഞുകയറ്റത്തിനും ആര്‍ക്കും സാധ്യമല്ല. അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനം അടുത്തുവരുന്നതിനാല്‍ നുഴഞ്ഞുകയറ്റ ശ്രമം വര്‍ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാറും സൈന്യവും നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും പാക് സൈന്യം കഴിഞ്ഞ ദിവസം വരെ വെടിവെപ്പ് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പതിനായിരത്തിലേറെ ഗ്രാമീണരാണ് വീട് വിട്ട് ക്യാമ്പുകളില്‍ അഭയം തേടി. സ്‌കൂളുകളും കോളജുകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടുണ്ട്. പതിനൊന്നാം ക്ലാസിലേക്കുള്ള പരീക്ഷ നിര്‍ത്തിവെച്ചു. പലയിടങ്ങളിലും വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും ഒഴിപ്പിച്ചു. ഛാക്ര, ഷെര്‍പൂര്‍, ലോന്‍ഡി തുടങ്ങിയ അതിര്‍ത്തിയില്‍ നിന്ന് 3.5 കിലോമീറ്റര്‍ ഉള്ളിലേക്ക് വരെ പാക്കിസ്ഥാന്റെ ഷെല്ലാക്രമണമുണ്ടായിരുന്നു.
അതേസമയം, ഇന്നലെ പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായില്ല. വീടൊഴിഞ്ഞ ഗ്രാമീണര്‍ ക്യാമ്പുകളില്‍ തന്നെയാണ്.