Connect with us

National

'പി കെ'യില്‍ എതിര്‍ക്കേണ്ടതായി ഒന്നുമില്ല: ഡല്‍ഹി ഹൈക്കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ആമിര്‍ ഖാന്‍ അഭിനയിച്ച “പി കെ” എന്ന സിനിമയില്‍ എതിര്‍ക്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഹിന്ദു സംസ്‌കാരത്തെയും മതകീയ ആചാരങ്ങളെയും മോശമാക്കി ചിത്രീകരിക്കുന്നുവെന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന ഒന്നും സിനിമയിലില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ആര്‍ എസ് എന്ദ്‌ളോ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
സിനിമയില്‍ തെറ്റായി ഒന്നുമില്ലെന്നും വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും ബഞ്ച് അറിയിച്ചു. പി കെയില്‍ തെറ്റായി എന്താണുള്ളത്? എല്ലാറ്റിലും തെറ്റ് ആരോപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ഹരജിയിലെ ആരോപണങ്ങളെ പിന്തുണക്കുന്ന ഒരു ഉദാഹരണവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോടതി നിരീക്ഷിച്ചു. സുപ്രീം കോടതിയും സമാന ഹരജി ഈയടുത്ത് തള്ളിയതായി വാദത്തിനിടെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയ്ന്‍ കോടതിയെ ബോധിപ്പിച്ചു. സിനിമയുടെ അംഗീകാരത്തിനെതിരെ അപ്പീല്‍ നല്‍കാനുള്ള വകുപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള അവകാശം നിര്‍മാതാക്കളില്‍ നിക്ഷിപ്തമാണെന്നും പുറത്തുള്ളവര്‍ക്ക് പ്രാപ്യമല്ലെന്നും കോടതി മറുപടി നല്‍കി.
പി കെയിലെ തെറ്റായ സീനുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അജയ് ഗൗതം എന്നയാളാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്. സിനിമയിലെ ഉള്ളടക്കം ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ഹരജിക്കാരന്‍ അവകാശപ്പെടുന്നു. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്താന്‍ ശക്തിയുള്ള ദൃശ്യങ്ങള്‍ സിനിമയിലുണ്ട്. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അംഗീകാരം നല്‍കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് ഇക്കാര്യം ഗൗരവമായി പരിഗണിച്ചിട്ടില്ല. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധവും ജനരോഷവും ഉയര്‍ന്നതിനാല്‍ പലയിടങ്ങളിലും ക്രമസമാധാന നില അപകടത്തിലാണെന്നും ഹരജിയില്‍ പറയുന്നുണ്ട്. ഒരു തിയേറ്ററിലും ടി വി ചാനലുകളിലും സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഹരജിക്കാരന്‍ പറയുന്നു.

Latest