Connect with us

International

നിരോധിത സംഘടനയിലെ രണ്ട്‌പേരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി

Published

|

Last Updated

മുള്‍ത്താന്‍ : നിരോധിത തീവ്രവാദ സംഘത്തില്‍പ്പെട്ട രണ്ട് പേരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. പെഷാവറിലെ സൈനിക സ്‌കൂളില്‍ താലിബാന്‍ 153 പേരെ കൂട്ടക്കുരുതി നടത്തിയതിനെത്തുടര്‍ന്ന് വധശിക്ഷക്കുള്ള മൊറട്ടോറിയം സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. ഇതിനുശേഷം നടപ്പാക്കുന്ന വധശിക്ഷകളില്‍ ഏറ്റവും പുതിയ സംഭവമാണിത്. പെഷാവര്‍ ആക്രണത്തെത്തുടര്‍ന്ന് തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി വധശിക്ഷ പുനഃസ്ഥാപിക്കുകയും സൈനിക കോടതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത പാക്കിസ്ഥാന്‍ സര്‍ക്കാര്‍, അഫ്ഗാന്‍ അതിര്‍ത്തികളിലെ താലിബാന്‍ ഒളിയിടങ്ങള്‍ ലക്ഷ്യമാക്കിയുള്ള സൈനിക നീക്കം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. നിരോധിത സംഘടനയായ സിപാഹ് ഇ സഹാബ തീവ്രവാദ സംഘടനയില്‍പ്പെട്ട രണ്ട് കുറ്റവാളികളെയാണ് ഇന്നലെ തൂക്കിലേറ്റിയത്. മുള്‍ത്താന്‍ നഗരത്തിലെ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയ അഹ്മദ് അലി, ഗുലാം ഷബീര്‍ എന്നിവര്‍ക്കെതിരെ കൊലപാതക്കുറ്റമാണ് ചുമത്തിയിരുന്നതെന്ന് ജയില്‍ ഉദ്യോഗസ്ഥനായ സഈദ് ഉല്ലാന്‍ ഗോന്‍ന്റാല്‍ പറഞ്ഞു.
1998ല്‍ നടന്ന മതസംഘര്‍ഷത്തിനിടെ മൂന്ന് പേരെ കൊലപ്പെടുത്തിയതിനാണ് അലി ജയിലിലായത്. അതേ വര്‍ഷം പോലീസ് ഉദ്യോഗസ്ഥനേയും അദ്ദേഹത്തിന്റെ ഡ്രൈവറേയും കൊലപ്പെടുത്തിയ കേസിലാണ് ശബീര്‍ ശിക്ഷിക്കപ്പെട്ടത്. കൂടുതല്‍ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേ സമയം, ഡിസംബര്‍ 16ന് പെഷാവറിലെ സൈനിക സ്‌കൂളില്‍ നടന്ന കൂട്ടക്കൊലക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാനാണ് സര്‍ക്കാര്‍ വധശിക്ഷാ പരമ്പരകള്‍ നടത്തുന്നതെന്ന വിമര്‍ശനവും രാജ്യത്ത് വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. പാക്കിസ്ഥാന്‍ ജയിലുകളില്‍ 8,000ത്തോളം പേര്‍ വധശിക്ഷകാത്ത് കഴിയുന്നുണ്ടെന്നും ഇതില്‍ 500ല്‍ അധികം പേര്‍ തീവ്രവാദ കുറ്റങ്ങള്‍ ചെയ്തവരാണെന്നും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

Latest