Connect with us

International

എയര്‍ ഏഷ്യ വിമാനത്തിന്റെ വാല്‍ഭാഗം കണ്ടെത്തി; ബ്ലാക് ബോക്‌സിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം

Published

|

Last Updated

ജക്കാര്‍ത്ത: ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ വാല്‍ഭാഗം കണ്ടെത്തി. ഇതിനടുത്തായി വിമാനത്തിന്റെ ബ്ലാക് ബോക്‌സും ഉണ്ടാകുമെന്ന് സുരക്ഷാ ഏജന്‍സി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിമാനം കാണാതായതായി കരുതപ്പെടുന്ന സ്ഥലത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് വാല്‍ ഭാഗം കണ്ടെത്തിയതെന്നും തിരച്ചിലിന്റെ പ്രധാന ലക്ഷ്യം ഈ ഭാഗം കണ്ടെത്തലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
സോണാര്‍ സ്‌കാന്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് വിമാനത്തിന്റെ വാല്‍ ഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും തിരച്ചില്‍ സംഘത്തിന് ലഭിച്ചു. ഇതിനടുത്തായി തന്നെ ഉണ്ടാകാന്‍ സാധ്യതയുള്ള ബ്ലാക് ബോക്‌സിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വാല്‍ ഭാഗം കണ്ടെത്തിയതോടെ പ്രദേശത്ത് ആറ് കപ്പലുകള്‍ ബ്ലാക് ബോക്‌സിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
വിമാനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ട 40 പേരുടെ മൃതദേഹങ്ങള്‍ ഇതിനകം തിരച്ചില്‍ സംഘത്തിന് ലഭിച്ചു. ഇതിന് പുറമെ വിമാനത്തിന്റെ വിന്‍ഡോയുടെ ഭാഗവും സീറ്റും നേരത്തെ ലഭിച്ചിരുന്നു.
കോക്പിറ്റില്‍ നടന്ന എല്ലാ ശബ്ദങ്ങളും കൃത്യമായി രേഖപ്പെടുത്തുന്ന ബ്ലാക് ബോക്‌സ് കണ്ടെത്തുന്നതോടെ വിമാന ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താനാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മോശം കാലാവസ്ഥ കാരണം തിരച്ചില്‍ നേരത്തെ മന്ദഗതിയിലായിരുന്നു.
വിമാനത്തിന്റെ വാല്‍ഭാഗത്തിന് വലത്തുഭാഗത്തായി ഡോറിന് പിറകിലാണ് ബ്ലാക് ബോക്‌സ് സ്ഥാപിക്കാറുള്ളത്.