Connect with us

International

യമനില്‍ ചാവേര്‍ ആക്രമണം; 50 ലേറെ മരണം

Published

|

Last Updated

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ പോലീസ് അക്കാദമിക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച മിനി ബസ് പോലീസ് കാഡറ്റുകള്‍ക്ക് നേരെ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം രാവിലെ ഏഴിനാണ് സംഭവം. പോലീസ് അക്കാദമിയിലേക്ക് റിക്രൂട്ട് കാത്ത് വരിയായി നില്‍ക്കുകയായിരുന്ന പോലീസ് കാഡറ്റുകളെ ലക്ഷ്യമാക്കി വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. വളരെ വേഗത്തില്‍ നഗരത്തിലൂടെ ഓടിച്ചുവന്ന മിനിബസ് കേഡറ്റുകള്‍ വരി നിന്നിരുന്ന പ്രധാന കവാടത്തിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ശബ്ദം നഗരത്തില്‍ മുഴുവന്‍ മുഴങ്ങിക്കേട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. സ്‌ഫോടനത്തെ തുടര്‍ന്ന് വെടിവെപ്പ് ശബ്ദവും കേട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌ഫോടനത്തിന് ഉടന്‍ തന്നെ ആംബുലന്‍സുകള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രദേശത്താകെ മനുഷ്യ ശരീരങ്ങളും വാഹനങ്ങളുടെ ഭാഗങ്ങളും ചിതറിത്തെറിച്ചു കിടക്കുകയാണ്. പോലീസ് അക്കാദമിക്ക് സമീപത്തുള്ള ആശുപത്രിയില്‍ മാത്രം നൂറിലധികം പേരെ പ്രവേശിപ്പിച്ചതായി മെഡിക്കല്‍ സംഘം വ്യക്തമാക്കി. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
2014 ഒക്‌ടോബറിന് ശേഷം നടക്കുന്ന മാരകമായ ആക്രമണമാണിത്. ഹൂതി സംഘത്തിന് നേരെ അന്ന് അല്‍ ഖാഇദ നടത്തിയ ആക്രമണത്തില്‍ 47 പേരാണ് കൊല്ലപ്പെട്ടിരുന്നത്.
ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. അല്‍ ഖാഇദയാണ് പിന്നിലെന്ന് സംശയിക്കുന്നു. അമേരിക്ക ഈയടുത്ത് നിരവധി ആക്രമണങ്ങള്‍ യമന്‍ അല്‍ഖാഇദക്ക് നേരെ നടത്തിയിരുന്നു.