Connect with us

Articles

റെയില്‍വേ പാളത്തിലെ പൈപ്പ്!

Published

|

Last Updated

ഒരു ദിനപത്രത്തിന്റെ ശരാശരി ആയുസ്സ് എത്ര മണിക്കൂറാണ്? ഏറിയാല്‍ 24 വരുമായിരിക്കും. ഫലത്തില്‍ അത് 16. അതുകൊണ്ട് തന്നെ ഈ ആയുസ്സ് സമയത്ത് വായനക്കാരന് പരമാവധി തൃപ്തി നല്‍കുക എന്നതാണ് ഒരു മാധ്യമ പ്രവര്‍ത്തകന്റെ കടമ. തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മാന്യവായനക്കാരന്‍ മറ്റേ പത്രത്തിന്റെ അടുത്ത് ചെല്ലും. അങ്ങനെയാണല്ലോ ഈ കാലത്തെ ഒരു കഥ. അപ്പോള്‍ പിന്നെ , ചാനല്‍ വാര്‍ത്തയുടെ ആയുസ്സോ? അത് ആ നിമിഷം അവസാനിക്കുന്നു.
ഇക്കാലത്ത് പഴയ പത്രങ്ങള്‍ വായിക്കുന്ന ശീലമുള്ള മനുഷ്യര്‍ക്ക് ഹാസ്യ പരിപാടികള്‍ കാണുകയോ ഫലിത പുസ്തകങ്ങള്‍ വായിക്കുകയോ ആവശ്യമില്ല. കഴിഞ്ഞ ദിവസം കൊടുത്ത വാര്‍ത്തയും ഇന്ന് കൊടുത്ത വാര്‍ത്തയും വെറുതെയൊന്ന് ഓര്‍ത്തെടുത്താല്‍ മതി.
അല്ലെങ്കില്‍ നോക്കൂ, കോഴിക്കോട്, ഫറോക്ക് റയില്‍വേ സ്റ്റേഷനുകള്‍ക്കിടക്ക് കുണ്ടായിത്തോട് കൊല്ലേരിപ്പാറ വെള്ളക്കെട്ടിന് സമീപം പാളത്തില്‍ നാലാം തീയതി ഞായറാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ 6. 60 മീറ്റര്‍ നീളവും രണ്ടര ഇഞ്ച് വ്യാസവുമുള്ള ഒരു ജി ഐ പൈപ്പ് കണ്ടെത്തുന്നു. പൈപ്പിന്റെ ഒരറ്റത്ത് കൊടി മരമെന്ന് തോന്നിക്കുന്ന രീതിയില്‍ രണ്ട് പട്ട ഘടിപ്പിച്ചിട്ടുണ്ട്. കല്ലായി സ്റ്റേഷനില്‍ വിവരം കിട്ടിയപ്പോള്‍, ഇതിന് ശേഷം വന്ന ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പൈപ്പ് എടുത്തു മാറ്റി. ദുരന്തം ഒഴിവായി. പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്രയുമാണ് സംഭവിച്ചത്.
എന്നാല്‍ മാധ്യമങ്ങളില്‍ വന്നതോ? ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് സംശയം.! റെയില്‍പാളത്തില്‍ ഇരുമ്പ് പൈപ്പ് കണ്ടെത്തി.! ശ്രമം അട്ടിമറി എന്ന് വന്നാല്‍ പിന്നെ പൊടിപ്പും തൊങ്ങലും എത്ര കേമമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. അട്ടിമറി സംശയിക്കുന്നതിനാല്‍ റെയില്‍വേ പോലീസും നല്ലളം പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം ഗൗരവത്തിലെടുത്തതായും അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. സാധാരണ പൈപ്പ് വെച്ചാല്‍ ഉരുണ്ടുപോകാമെന്നതിനാല്‍ പൈപ്പിന്റെ അറ്റത്ത് രണ്ട് ഇരുമ്പ് പട്ട വെല്‍ഡ് ചെയ്ത നിലയിലാണ്. അതിനാല്‍ വെറുതെ ചെയ്തതല്ല, അട്ടിമറി ഉറപ്പാക്കാന്‍ ചെയ്തതാണ്.!
ദുരൂഹത, അട്ടിമറി സാധ്യത, ഗൗരവത്തിലെടുക്കുക, സംശയം തുടങ്ങിയ പദങ്ങള്‍ വെച്ച് പരമാവധി ആവേശം കൂട്ടിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ മ്യാവൂ മ്യാവൂ എന്ന് പറഞ്ഞ് മേഞ്ഞുനടക്കുകയും പാക്കിസ്ഥാന്‍ ബോട്ട് കടലില്‍ കണ്ടെത്തുകയും അതിര്‍ത്തി പുകഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് പൈപ്പ് കണ്ടെത്തിയെന്നുപറഞ്ഞാല്‍!! അട്ടിമറിയെന്നല്ലാതെ എന്ത് ആലോചിക്കാന്‍! അങ്ങനെ ഭാവനക്ക് ചിറക് വെച്ചു. വാര്‍ത്ത ചീറി.
എന്നാല്‍, ഈ വാര്‍ത്ത തയ്യാറാക്കിയവരും കൊടുത്തവരും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്ന കാര്യങ്ങള്‍ സമചിത്തതയോടെ ഒന്ന് വായിച്ചുനോക്കിയാലോ?
മോഷ്ടിച്ച പൈപ്പ് കഷ്ണങ്ങളാക്കാനുള്ള എളുപ്പവഴിക്ക് ഒരാള്‍ ഒപ്പിച്ച പണിയായിരുന്നു ഇതെന്ന് പോലീസ് പറയുന്നെന്ന് ഈ ദുരൂഹത പടര്‍ത്തിയ പത്രങ്ങള്‍ തന്നെ പറയുന്നു. പുതിയ പൈപ്പ് കൊണ്ടുചെന്നുകൊടുത്താല്‍ മോഷണം വ്യക്തമാകും. അതില്ലാതിരിക്കാന്‍ കഷ്ണങ്ങളാക്കുക. അതിന് എളുപ്പവഴി പാളത്തില്‍ വെക്കുക! സംഭവവുമായി ബന്ധപ്പെട്ട് ~~ഒരാള്‍ അറസ്റ്റിലായെന്നും വാര്‍ത്തയിലുണ്ട്.
അപ്പോള്‍ പിന്നെ അട്ടിമറി ശ്രമമോ? റെയില്‍പാളത്തില്‍ ഒരു ഇരുമ്പ് പൈപ്പ് കണ്ടാല്‍ നേരിട്ട് അത് അട്ടിമറി ശ്രമമെന്ന് എഴുതുന്നതില്‍ ചില പിശകുകളില്ലേ? അട്ടിമറിയോ അതല്ല ഇതുപോലെ വല്ല എളുപ്പവഴിയോ എന്ന് അന്വേഷിക്കും മുമ്പ് എടുത്തു ചാടുന്നത് എന്തിനാണ്?
വിചിത്രമായ കാര്യം, അട്ടിമറിയായി വലിയ വാര്‍ത്ത കൊടുത്ത ചില പത്രങ്ങള്‍ അതല്ലാതായതോടെ വാര്‍ത്ത ഒതുക്കി എന്നതാണ്. എന്നാല്‍, അന്ന് ഇങ്ങനെ ഒരു അട്ടിമറിയുടെ പ്രചാരണം നടത്തിയത് ചില പത്രങ്ങള്‍ ബോധപൂര്‍വം മറന്നുകളഞ്ഞു. ഇതാണ് ഏറെക്കുറെ നമ്മുടെ മാധ്യമങ്ങളുടെ ഒരു രീതി. ഇങ്ങനെ വരുമ്പോള്‍, ഈ വരുന്ന വാര്‍ത്തകളെല്ലാം എങ്ങനെയാണ് നാം മനുഷ്യര്‍ വിശ്വസിക്കുക?
വലിയ തലവാചകങ്ങള്‍ കിട്ടാന്‍ “അങ്ങട്ട് തട്ടിവിടുക” തന്നെ. ഇന്നലെ ഇങ്ങനെയല്ലേ പറഞ്ഞത് എന്ന് ചോദിക്കാന്‍ വായനക്കാരന് അവകാശമില്ല. അവസരവുമില്ല. അല്ലെങ്കിലും ഇന്നലത്തെ വാര്‍ത്ത ആര് ഓര്‍ക്കാന്‍? പത്രവായനക്കാരുടെയും ടി വി ചാനലുകാരുടെയും ഓര്‍മയുടെ ഞരമ്പ് എത്രയോ ലോലമാണല്ലോ. അവര്‍ എല്ലാം മറന്നുകൊള്ളും. തീര്‍ച്ച.
ഇത് ഒരു ഉദാഹരണം മാത്രം. ഇതുപോലെ എത്രയെണ്ണം വായിച്ചു തള്ളുന്നു? അതിക്രമത്തിന്റെയും അട്ടിമറിയുടെയും വാര്‍ത്തകള്‍ വലിയ നിലയില്‍ കൊടുക്കുന്നവര്‍ വളരെ നല്ല നിലയില്‍ നടക്കുന്ന ഒരുപാട് കാര്യങ്ങള്‍ തിരസ്‌കരിക്കുന്നു.
വായനക്കാരുടെയും കാഴ്ചക്കാരുടെയും ഉദ്വേഗത്തെയും ആകാംക്ഷയെയും വ്യാജമായ അപസര്‍പ്പകത കൊണ്ട് ശമിപ്പിക്കുന്ന ഈ മാധ്യമ പ്രവര്‍ത്തനത്തിന് എന്താണ് പേരിടേണ്ടത്? മുന്‍വിധികള്‍ നമ്മുടെ മാധ്യമങ്ങളെ എങ്ങോട്ടാണ് നയിക്കുന്നത്? ഏതോ ഒരാള്‍ കൊണ്ടിട്ട പൈപ്പ് ഗൂഢമായ അട്ടിമറിയാക്കിയിട്ട് എന്താണ് കാര്യം? അതൊരു സാധാരണ വാര്‍ത്തയായാല്‍ ആര്‍ക്കാണ് ചേതം?