Connect with us

Articles

ആരുടെ വീട്ടിലേക്കാണ് മടങ്ങേണ്ടത്?

Published

|

Last Updated

മകരമഞ്ഞിന്റെ തണുപ്പില്‍ നാട്ടിടവഴികളില്‍ ഇരുട്ട് ഇഴഞ്ഞെത്തിയിരുന്നു. പാടവരമ്പോട് ചേര്‍ന്ന് വളര്‍ന്ന് വലുതായ മൊട്ടക്കുന്നിനു മേല്‍ അടുപ്പുകല്ലുപോലെ അടുത്തുകൂട്ടിയ ചാളകളില്‍ കുത്തുവിളക്കിന്റെ തിരി നിറഞ്ഞു കത്തി. ആളും ആരവവും കുന്നിന്‍ മുകളിലെ ചാളകളിലേക്കൊതുങ്ങിയ തക്കം നോക്കിയാണ് ആചാര്യര്‍ വഴിയിലേക്കിറങ്ങിയത്. പൊലക്കൂട്ടം കണ്‍മുന്നില്‍ ദൂരെയൊരു പൊട്ടുപോലെയെങ്കിലും വന്നുപെടരുത്. അശുദ്ധമാണ്. തീണ്ടലിന് നരകമാണ് ശിക്ഷ. ആരെയും കാണരുതെന്ന് കരുതി നടന്ന ബ്രാഹ്മണ ശ്രേഷ്ഠന്റെ മുന്നില്‍ കള്ളിന്‍ കുടവും തലയിലേന്തിയ കറുത്ത ചണ്ഡാളന്‍ പൊട്ടിച്ചിരിച്ചുകൊണ്ട്‌വന്നുപെട്ടു. ബ്രാഹ്മണന്റെ അകമൊന്ന് നടുങ്ങി. “അശുദ്ധമായാല്‍ നരകം” ഒരടി പിന്നോട്ട് മാറി നിന്ന് ചണ്ഡാളനോട് തിരിഞ്ഞുപോകാന്‍ ആജ്ഞാപിച്ചു. “അങ്ങെല്ലാം കാട്, ഇങ്ങെല്ലാം മുള്ള്, ഒക്കത്ത് കുഞ്ഞ്, തലയില്‍ കള്ള് എങ്ങനാ അടിയന്‍ വഴിതിരിയേണ്ടേ….” ചണ്ഡാലന്റെ ചോദ്യത്തിന് ഇങ്ങനെ മറുപടി: “താണ ജാതിയില്‍ പിറന്നവനെ കാണുന്നതേ പാപം. പിന്നെ തീണ്ടിയാലോ? മാറിപ്പോ ദൂരെ” ആചാര്യരും ചണ്ഡാചനും പിന്നെയും പിന്നെയും തര്‍ക്കിച്ചു. “നിങ്കളെക്കൊത്ത്യാലും ചോരേല്ലേ ചൊവ്വറേ? നാങ്കളെ കൊത്ത്യാലും ചോരേല്ലേ ചൊവ്വറേ്, പിന്നന്തേ ചൊവ്വറ് കുലം പിശക്ന്ന്, പെരിയോന്റെ കോയിക്കലെല്ലാരുമെത്തുമ്പം, അവിടേക്ക് നീങ്കളും നാങ്കളുമൊപ്പല്ലേ” ചണ്ഡാലന്റെ അവസാനവട്ട ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം മുട്ടിയ സാക്ഷാല്‍ ശങ്കരാചാര്യര്‍ ആചാരമായിക്കൊണ്ട് നടന്ന വലിയൊരു തെറ്റിനെ തിരിച്ചറിഞ്ഞ്, ചണ്ഡാളനായി വേഷമിട്ട ശ്രീപരമേശ്വരനെ താണുവണങ്ങി മടങ്ങുന്ന മനോഹരമായൊരു കഥയുണ്ട് വടക്കന്‍ മലബാറിലെ തെയ്യങ്ങള്‍ക്കിടയില്‍.
ഉത്തര കേരളത്തിലെ തെയ്യാട്ടക്കാലത്ത് കെട്ടിയാടുന്ന പൊട്ടന്‍ തെയ്യത്തിന്റെ കഥാതന്തുവാണ് മേല്‍വിവരിച്ചത്. ജാതി വ്യവസ്ഥക്കെതിരെ പോരാടുന്നവര്‍ക്ക് കേരളത്തില്‍ പ്രത്യേകിച്ച് വടക്കന്‍ മലബാറില്‍ “പൊട്ടന്റെ തോറ്റം” ഒരു കാലത്ത് ഉണര്‍ത്തുപാട്ടായിരുന്നു. അടിമകളുടെ കരള്‍ നൊമ്പരങ്ങള്‍ അനുഭവിച്ചറിഞ്ഞ മഹാപണ്ഡിതനായ ഏതെങ്കിലുമൊരു വിപ്ലവകവിയായിരിക്കണം ഒരുപക്ഷേ, ഈ തോറ്റം പാട്ടിന് പിന്നില്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതി വരെയും പിന്നീടുള്ള രണ്ട് പതിറ്റാണ്ടുവരെയും വളരെ സജീവമായി കേരളത്തില്‍ നിലനിന്നുപോന്നിരുന്ന ജാതിവ്യവസ്ഥയുടെ അടിവേരിന്റെ ചില അടയാളങ്ങള്‍ തിരിച്ചറിയാന്‍ സാന്ദര്‍ഭികമായി ഇങ്ങനെയൊരു കഥ സൂചിപ്പിച്ചുവെന്നേയുള്ളൂ. വര്‍ത്തമാന സാമൂഹിക വ്യവസ്ഥയില്‍ സര്‍വ സ്വാതന്ത്ര്യങ്ങളുമായി ജീവിക്കുമ്പോള്‍ ഒരിക്കലും നാം മറന്നുപോകരുതാത്ത ചില കാര്യങ്ങളുണ്ടെന്നതിന്റെ സൂചകമായി വേണമെങ്കില്‍ ഇതിനെ കാണുകയും ചെയ്യാം.
ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുമ്പോള്‍ ജാതിവ്യവസ്ഥ എത്രത്തോളം ഒരു കാലഘട്ടത്തിലെ സാമൂഹിക ജീവിതത്തെ പൊള്ളിച്ചിരുന്നുവെന്നത് നാം കാണാതിരുന്നുകൂടാ. മൃഗങ്ങള്‍ക്ക് പോലും യഥേഷ്ടം വഴി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നപ്പോഴും തൊട്ടുകൂടായ്മയുടെ പേരില്‍, മനുഷ്യനെ കണ്‍വെട്ടത്തിനുമപ്പുറത്തേക്ക് ആട്ടിയകറ്റിയ സാംസ്‌കാരിക പശ്ചാത്തലമായിരുന്നു ഏറെക്കാലം നമ്മുടേത്. പട്ടിണിയും പരിവട്ടവും ജാതിക്കോമരങ്ങളുടെ പീഡനവും കൊണ്ട് ഗതിമുട്ടിയ ചിലര്‍ക്കെങ്കിലും കടല്‍ കടന്നെത്തിയ മതങ്ങളും മനുഷ്യരും തുണയായി. മനുഷ്യരെ പോലെ ജീവിച്ച് തുടങ്ങിയ അവരെയോ അവരുടെ പരമ്പരയെയോ തേടിപ്പിടിച്ച് ഇരുണ്ട, പഴയ കാലത്തേക്ക് മടങ്ങണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോട് എന്ത് മറുപടിയാണ് പറയേണ്ടത്? അയിത്തവും വര്‍ണവ്യത്യാസവും വര്‍ത്തമാന കാലത്ത് ഇന്ത്യയിലെവിടെയുമില്ലെന്ന് ഉച്ചൈസ്തരം ഘോഷിക്കുന്ന ഇക്കൂട്ടര്‍ ആരെയാണ് “പൊട്ടന്‍കളിപ്പിക്കു”ന്നത്. ജാതിയും മതവും രാഷ്ട്രസേവനത്തിനപ്പുറം രാഷ്ട്രീയ കക്ഷിയുടെ വളര്‍ച്ചക്കായുപയോഗിച്ച് പരീക്ഷിക്കുന്നവരോട് ചിലരൊക്കെ ഉറക്കെ വിളിച്ചുപറയുന്നുണ്ട് പഴയ പൊട്ടന്റെ കഥ.
മനുഷ്യവികസന സൂചിക തയ്യാറാക്കുന്നതിന്റെ ഭാഗമായി നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് റിസര്‍ച്ചും അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാലയും സംയുക്തമായി അടുത്തിടെ ഒരു സര്‍വെ നടത്തിയിരുന്നു. ജാതിവ്യവസ്ഥ ഇന്ത്യയില്‍ കാര്യമായി ഇപ്പോഴില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയും എന്നാല്‍ ജാതിയുടെ പേരില്‍ അധികാരം കൈയടക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു പ്രസ്തുത സര്‍വെയുടെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നാലിലൊന്നു പേരും കേരളത്തില്‍ രണ്ട് ശതമാനം പേരും അയിത്തം ആചരിക്കുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 42,000 വീടുകള്‍ സാമ്പിളുകളായി കണക്കാക്കിയാണ് സര്‍വേ നടന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്രയില്‍ നാല് ശതമാനം പേരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏഴ് ശതമാനവും ആന്ധ്രാപ്രദേശില്‍ പത്ത് ശതമാനവുമാണ് അയിത്തം. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളാണ് അയിത്തത്തില്‍ ഏറ്റവും മുന്നില്‍. മധ്യപ്രദേശ് 53 ശതമാനം, ഹിമാചല്‍പ്രദേശ് 50 ശതമാനം, ഛത്തീസ്ഗഢ് 48 ശതമാനം, രാജസ്ഥാന്‍, ബിഹാര്‍ 47 ശതമാനം, ഉത്തര്‍പ്രദേശ് 43 ശതമാനം, ഉത്തരാഖണ്ഡ് 40 ശതമാനം എന്നിങ്ങനെയാണ് അയിത്തം ആചരിക്കുന്നവര്‍. സര്‍വേയോടുള്ള പ്രതികരണമനുസരിച്ച് മൊത്തമായി വിലയിരുത്തിയാല്‍ നാലിലൊന്ന് ഇന്ത്യക്കാരും അയിത്തം ആചരിക്കുന്നുണ്ടെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സര്‍ക്കാറിതരമായി നടക്കുന്ന ഏറ്റവും വലിയ തെളിവെടുപ്പാണ് മനുഷ്യവികസന സൂചികതയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടുള്ള വീടുകള്‍ കയറിയിറങ്ങിയുള്ള ഈ സര്‍വേ.
ഇനി കേരളത്തിലെ ജാതിവ്യവസ്ഥയുടെ ചരിത്രത്തെക്കുറിച്ച് ചെറിയൊരു നിരീക്ഷണം നടത്താം. ഹിന്ദുക്കള്‍ക്കിടയിലുള്ള ജാതി വിഭജനത്തിന്റെ പ്രശ്‌നം വിശദീകരിക്കാന്‍ ഒരു ആയുഷ്‌കാലം മുഴുവന്‍ പ്രയത്‌നിക്കേണ്ടി വരുമെന്ന് 1871ല്‍ മദിരാശി കാനേഷുമാരി റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് സര്‍ജന്‍ ജനറല്‍ ഡോ. കോര്‍ണിഷ് എഴുതിയിട്ടുണ്ടെന്ന് വില്യംലോഗന്‍ മലബാര്‍ മാന്വലില്‍ വിവരിക്കുന്നുണ്ട്. ജാതിവ്യവസ്ഥയെ വിമര്‍ശപരമായി പരിശോധിക്കുന്ന കോര്‍ണിഷ് ഹിന്ദു സ്മൃതികളിലെ പ്രസ്താവനകള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റ് സമുദായങ്ങളുടെ ചെലവില്‍ ബ്രാഹ്മണ്യത്തെ പ്രകീര്‍ത്തിക്കുകയാണ് സ്മൃതി വചനങ്ങള്‍ എന്ന് കോര്‍ണിഷ് പറയുന്നു. ബ്രാഹ്മണസൃഷ്ടിയാണ് ജാതിവ്യവസ്ഥയെന്ന് അതിന്റെ ഉത്ഭവവും വളര്‍ച്ചയും വിളിച്ചോതുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില്‍ ജാതിവ്യവസ്ഥ നിലവില്‍ വന്നത്. ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം നമ്പൂതിരിമാര്‍ സ്വാധീനശക്തിയുള്ളവരായിമാറുകയും തുടര്‍ന്ന് ജാതിവ്യവസ്ഥ നിലവില്‍ വരികയും ചെയ്തു എന്ന് കരുതപ്പെടുന്നു. സവര്‍ണരെന്നും അവര്‍ണരെന്നും ഉള്ള വ്യത്യാസം വര്‍ണത്തെ അടിസ്ഥാനമാക്കിയാണെങ്കിലും അതിലുപരി മറ്റു പല ഒളിഞ്ഞിരിക്കുന്ന വസ്തുതകളും ജാതി നിര്‍ണയത്തില്‍ പ്രതിഫലിച്ചുകാണാം.
ഇന്ത്യയിലെ തന്നെ ജാതിവ്യവസ്ഥയുടെ ഉത്പത്തിയെപ്പറ്റി രണ്ട് സിദ്ധാന്തങ്ങള്‍ ആണ് നിലവിലുള്ളത്. ഒന്ന് ആര്യന്മാര്‍ ഇന്ത്യയില്‍ വരുന്നതിനുമുന്നേ തന്നെ ഇവിടെ ജാതി സമ്പ്രദായങ്ങള്‍ നിലവിലുണ്ടായിരുന്നു എന്നും മറ്റേത് ആര്യന്മാരാണ് ജാതി സമ്പ്രദായം ആരംഭിച്ചതെന്നുമാണ്. കേരളത്തില്‍ ജാതി സമ്പ്രദായം ആരംഭിച്ചത് ആര്യന്മാരാണെന്ന് വില്ല്യം ലോഗന്‍ രേഖപ്പെടുത്തുന്നു.ആര്യന്മാരുടെ വരവിനു മുമ്പ് ഇവിടെ ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹിക വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല.
പൊതുവേ പറഞ്ഞാല്‍, സംഘകാലത്തോ അതിനു മുമ്പോ തെക്കേ ഇന്ത്യയില്‍ ഇന്ന് കാണുന്ന മട്ടിലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല. ഗംഗാസമതലത്തില്‍ നിന്ന് പില്‍ക്കാലത്തു നടന്ന കുടിയേറ്റങ്ങള്‍ക്കു ശേഷമാണ് പഴയ സ്ഥിതിക്കു മാറ്റം വരുന്നത്. ഉത്തരേന്ത്യന്‍ ജനപഥങ്ങളില്‍ നിന്ന് ക്രി.വ. നാലാം നൂറ്റാണ്ടുമുതലായിരിക്കണം തെക്കന്‍ ദേശങ്ങളിലേക്ക് കൂട്ടത്തോടെയുള്ള അധിനിവേശം ആരംഭിച്ചത്.
ഫ്യൂഡല്‍ വ്യവസ്ഥ നിലവില്‍ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ട്) മുതല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവര്‍ണര്‍, അവര്‍ണര്‍ എന്നീ രണ്ട് വിഭാഗങ്ങളായി മാറ്റി നിര്‍ത്തിയിരുന്നു. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, അമ്പലവാസികള്‍ (പാരമ്പര്യകുലത്തൊഴില്‍ ഇല്ലാത്ത എല്ലാ നായര്‍ വിഭാഗവും) എന്നിവര്‍ സവര്‍ണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബാക്കി ഹിന്ദു ജനവിഭാഗത്തെ അവര്‍ണരായും ഗണിച്ചിരുന്നു.
ഇന്ത്യയില്‍ വേദകാലത്തുതന്നെ തുടങ്ങിയ ജാതിവ്യവസ്ഥയുടെ ഉപോത്പന്നമായാണ് തൊട്ടുകൂടായ്മയെ വിലയിരുത്തുന്നത്. ക്രിസ്തു വര്‍ഷം ആദ്യ നൂറ്റാണ്ടോടെയാണ് ജാതി വ്യവസ്ഥ പൂര്‍ണമായും നിലവില്‍ വരുന്നത്. ഒന്നോ അതിലധികമോ വിഭാഗം ജനങ്ങളെ പൊതുധാരയില്‍ അടുപ്പിക്കാതെ മാറ്റിനിര്‍ത്തുകയും സാധാരണ തരത്തിലുള്ള ഇടപെടലുകള്‍ക്ക് പ്രാദേശിക നിയമത്തിന്റെ പിന്‍ബലത്തോടെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്ന തൊട്ടുകൂടായ്മ ഇക്കാലത്താണ് ഏറ്റവുമധികം ഒരാചാരം പോലെ ആഘോഷിക്കപ്പെട്ടത്. ഇത്തരത്തില്‍ വേര്‍തിരിച്ചു നിര്‍ത്തപ്പെടുന്ന സമുദായങ്ങളിലെ ആണിനും പെണ്ണിനും കുട്ടികള്‍ക്കു പോലും മറ്റുസമുദായങ്ങളിലെ ആളുകളെ തൊടാനോ ഒരു നിശ്ചിത ദൂരപരിധിക്കുള്ളില്‍ നിന്ന് സംസാരിക്കാന്‍ പോലുമോ അവകാശമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ എല്ലാ ഭാഗത്തും അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മ 1947ല്‍ നിരോധിക്കപ്പെട്ടു. നിരോധനം നിലനില്‍ക്കുന്നുവെങ്കിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തൊട്ടുകൂടായ്മ ഇന്നുമുണ്ട്. കേരളത്തില്‍ പാലക്കാട് ജില്ലയുടെ കിഴക്ക്, ഗോവിന്ദപുരം മുതലായ പ്രദേശങ്ങളിലും, കാസര്‍കോടിന് വടക്കുകിഴക്കും ഇപ്പോഴും തൊട്ടുകൂടായ്മ ഉണ്ട്.
ദലിതന്റെ കുടം സവര്‍ണന്റെ കുടവുമായി കൂട്ടിമുട്ടിയത് വലിയ ദുരന്തമായി മാറിയത് വര്‍ത്തമാന കാലത്തു പോലും അയിത്തം തിളച്ചു മറിയുന്നതിന്റെ നേര്‍ക്കാഴ്ചകളാണ്. ഏതാനും വര്‍ഷം മുന്‍പ് പാലക്കാട് അതിര്‍ത്തിയിലെ കരിമാണ്ട കൗണ്ടന്നൂരിലെ ഒരു കുടുംബത്തിനു ലഭിച്ച ഊരുവിലക്കിന്റെ കഥ ആ നാട് ഇന്നും മറന്നിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ 50 വര്‍ഷങ്ങള്‍ക്കു ശേഷവും ഇവിടെ സവര്‍ണന്റെയും അവര്‍ണന്റെയും കുടങ്ങള്‍ കൂട്ടിമുട്ടുന്നതുപോലും മഹാ അപരാധമായിരുന്നു.
2003 മെയിലെ കൊടും വേനലില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെട്ട ഗ്രാമമായിരുന്നു കരിമാണ്ട കൗണ്ടന്നൂര്‍. ഇവിടെ കൗണ്ടറുടെ വീടിനു മുന്നിലെ പൈപ്പില്‍ വല്ലപ്പോഴും വരുന്ന വെള്ളമായിരുന്നു ഗ്രാമവാസികളുടെയാകെ തൊണ്ട നനച്ചിരുന്നത്. ജന്മിയുടെ വീട്ടാവശ്യത്തിനു ശേഷമേ ചക്ലിയപറയ സമുദായങ്ങള്‍ക്ക് വെള്ളമെടുക്കാനാകൂ എന്നത് ഗ്രാമത്തിലെ അലിഖിത നിയമം. കുടവുമായുള്ള കാത്തിരിപ്പിനിടെ രാക്കായിയുടെ കുടം കൗണ്ടറുടെ കുടത്തില്‍ തട്ടി. ഇതോടെ ബഹളമാരംഭിച്ചു. ദേഷ്യവും സങ്കടവും കൊണ്ട് രാക്കായിയും എന്തൊക്കെയോ വിളിച്ചുപറഞ്ഞു. അന്ന് രാത്രി അമ്പലത്തിന് സമീപം ആല്‍ച്ചുവട്ടില്‍ “കട്ടപ്പഞ്ചായത്ത്” കൂടി. രാക്കായിയേയും ഭര്‍ത്താവ് മുരുകപ്പനെയും ഊരുവിലക്കാന്‍ നാട്ടുപ്രമാണിമാര്‍ തീരുമാനമെടുത്തുവെന്നതാണ് കഥ. ദലിതര്‍ക്കുമേല്‍ തങ്ങളുടെ അധീശത്വം ഉറപ്പിച്ചു നിര്‍ത്തുന്ന ജന്മിമാരുടെ ഇത്തരം കഥകള്‍ ഇനിയും എത്രയോയുണ്ട്്്.
ദൈവങ്ങളുടെയും ആരാധനയുടെയും പേരില്‍ പോലും വിവേചനം അനുഭവിക്കുന്നവരാണ് ഇപ്പോഴും പല അതിര്‍ത്തി ഗ്രാമങ്ങളിലെയും ദലിതര്‍. ഇവിടങ്ങളിലെ പ്രധാന ക്ഷേത്രങ്ങളെല്ലാം നിയന്ത്രിക്കുന്നത് സവര്‍ണരാണ്. പലയിടത്തും താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശമില്ല. മതില്‍ക്കെട്ടിന് പുറത്തുനിന്ന് ദൈവങ്ങളെ വണങ്ങാം. അതിര്‍ത്തിയിലെ അമ്പലങ്ങളില്‍ മൃഗബലി പോലുള്ള അനാചാരങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. കീഴാളര്‍ മുതലാളിയെ ദൈവത്തിന്റെ പ്രതിപുരുഷനായാണ് കാണുന്നത്. ആചാര അനുഷ്ഠാനങ്ങളുടെ പേരില്‍ ദലിതരെ അടിച്ചമര്‍ത്തുന്ന നാട്ടുപ്രമാണിമാര്‍ സാമ്പത്തികമായും ശാരീരികമായുമെല്ലാം ഇവരെ ചൂഷണം ചെയ്യുന്നുണ്ട്.
ഇന്ത്യയില്‍ ജാതികളുണ്ടായത് തൊഴിലിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നില്ല. തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ ജാതികളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ജാതി നാമങ്ങളുടെ അര്‍ഥങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ ഇക്കാര്യം വ്യക്തമാകും. ഹിന്ദു മതം എന്നു ഇപ്പോള്‍ വിവക്ഷിക്കപ്പെടുന്ന വൈദികമതത്തുടര്‍ച്ചയെ കാലക്രമേണ ജാതികളുടെ കൂട്ടായ്മയാക്കി ആരൊക്കെയോ മാറ്റുകയായിരുന്നു. എന്നാല്‍ ഈവിധമുള്ള ജാതികളുമായി ഈശ്വരവിശ്വാസത്തിന് വലിയ ബന്ധമൊന്നുമില്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആരാധനാ സമ്പ്രദായങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ ഇത്് വ്യക്തമാവും. ഓരോ വിഭാഗം ആളുകളും ആചരിക്കുന്ന ആഘോഷങ്ങളെയും ആചാരങ്ങളെയും പരസ്പരം അംഗീകരിക്കാന്‍ പോലും സിന്‍ഡിക്കേറ്റ് ഹിന്ദു മതത്തിന്റെ വക്താക്കള്‍ക്ക് കഴിയില്ല. ഇന്ത്യയുടെ സംസ്‌കാരവും ചരിത്രവും ആരംഭിക്കുന്നത് ആര്യബ്രാഹ്മണരില്‍ ആണെന്ന ബോധപൂര്‍വമായ പ്രചരണമാണ് ഈ തിരിച്ചുപിടിക്കന്‍ വാദക്കാരുടെ വാദഗതിയുടെ കാതല്‍. ആര്യന്മാര്‍ ഇന്ത്യയില്‍ എത്തുന്നതിനു മുമ്പു തന്നെ ഇവിടെ വികസിതമായൊരു സംസ്‌കാരം നിലനിന്നിരുന്നുവെന്നും അത് പ്രാചീന ദ്രാവിഡരുടെ ഉയര്‍ന്നൊരു സാമൂഹിക വ്യവസ്ഥയായിരുന്നുവെന്നുമുള്ള ചരിത്ര സത്യത്തെ നിരാകരിച്ചുകൊണ്ടാണ് ഇന്ത്യ “ഹിന്ദു”വിന്റെതു മാത്രമാണെന്ന വാദക്കാര്‍ അരങ്ങുനിറഞ്ഞാടുന്നത്. എന്നാല്‍ ജാതികളെത്തമ്മില്‍ ബന്ധിപ്പിക്കുന്നതിന് അന്നും ഇന്നും ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒരു ഹിന്ദു തിരിച്ചുപിടിക്കേണ്ട പലതിനെക്കുറിച്ചും ചിലര്‍ പറയാന്‍ തുടങ്ങിയിട്ട് കാലം ഏറെയായിരിക്കുന്നു. ഇത്രയേറെ “തിരിച്ചുപിടിക്കത്തക്ക” മൂല്യങ്ങള്‍ ഇവര്‍ പറയുന്ന ഹിന്ദുവിന് ഏറെയുണ്ടോ? നമ്മുടെ നാട്ടില്‍ പോലും ജാതിവ്യവസ്ഥയും അതിന്റെ ഉപോത്പന്നങ്ങളായ തൊട്ടുകൂടായ്മയും അയിത്തവുമെല്ലാം അതിന്റെ എല്ലാ തനിമയോടും കൂടി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ നിന്നും പുറംമോടിക്കെങ്കിലും അതെല്ലാം അപ്രത്യക്ഷമായതിനുപിന്നില്‍ നമുക്ക് മുന്‍പേ പോയ തലമുറയുടെ പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെയുമെല്ലാം കഥയുണ്ട്.ഇത് ബോധപൂര്‍വം മറക്കാനോ ഓര്‍മപ്പെടുത്താതിരിക്കാനോ ആണ് ചിലരിപ്പോള്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്.
പഴയ ജന്മി ഗൃഹങ്ങളില്‍ പകലന്തിയോളം ജോലി കഴിഞ്ഞെത്തുന്ന കുടിയാന്മാര്‍ക്ക് മുറ്റത്ത് കുഴികുത്തി അതില്‍ വാഴയില വെച്ച്, അതിലേക്ക് കഞ്ഞിയൊഴിച്ചുകൊടുത്ത പാരമ്പര്യം നമുക്കുണ്ടായിരുന്നു. ഭൂമിയില്‍ അധ്വാനിച്ചവന് അതിന്റെ ഉടമസ്ഥാവകാശം ലഭിക്കുകയും ജന്മിത്വം അവസാനിക്കുകയും ചെയ്തപ്പോള്‍ മറഞ്ഞുപോയൊരു ഗതകാല പാരമ്പര്യമാണത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തൊരു ജനതക്ക് തല ചായ്ക്കാന്‍ ഒരു തുണ്ട് മണ്ണും അതില്‍ അധ്വാനിച്ച് ജിവിക്കാനുള്ള ആത്മാഭിമാനവും സ്വന്തമായി ലഭിച്ചപ്പോള്‍, ആ മണ്ണില്‍ ജനിച്ചുവളര്‍ന്ന വര്‍ത്തമാന കാലം പഴയ പാരമ്പര്യത്തെ “തിരിച്ചുപിടിക്കേണ്ടതിന്റെ” പ്രാധാന്യത്തെക്കുറിച്ചാണ് ഉത്കണ്ഠാകുലമാകേണ്ടത്.!
അധ്വാനിക്കുന്ന വര്‍ഗത്തെ അനേക അറകളിലാക്കി വിഭജിച്ചു നിറുത്തേണ്ടത് പഴയ കാലത്ത് ചെറു ന്യൂനപക്ഷമായ വരേണ്യവര്‍ഗത്തിന്റെ ആവശ്യമായിരുന്നെങ്കില്‍ ഇന്ന് അവരെ കോര്‍ത്തെടുത്ത് ഒരുമിച്ച് അടിമകളാക്കി നിര്‍ത്താനാണ് ചിലരുടെ ശ്രമം. അത് എന്ത് ലക്ഷ്യത്തിനു വേണ്ടിയാണെന്ന് വൈകാതെ വെളിപ്പെടുകയും ചെയ്യും. ഇത് തിരിച്ചറിഞ്ഞ ചിലരെങ്കിലും പഴയ വീട്ടിലേക്കുള്ള മടക്കത്തെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. അവരുടെ ചോദ്യം ഇങ്ങനെയൊക്കെയാണ് തുടങ്ങുന്നത്: “ആരുടെ വീട്ടിലേക്കാണ് മടങ്ങേണ്ടത്. എന്തിന് മടങ്ങണം?”

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി