Connect with us

National

ബെംഗളൂരുവില്‍ ഏഴ് വയസ്സുകാരിക്ക് സ്‌കൂളില്‍ പീഡനം; കായികാധ്യാപകന്‍ അറസ്റ്റില്‍

Published

|

Last Updated

ബെംഗളൂരു: ബെംഗളൂരുവില്‍ ഏഴ് വയസുള്ള വിദ്യാര്‍ഥിനി സ്‌കൂളില്‍ ലൈംഗിക പീഡനത്തിന് ഇരയായി. ഉത്തരവാദിയായ കായികാധ്യാപകനെ രോഷാകുലരായ ജനക്കൂട്ടം സ്‌കൂളില്‍ നിന്ന് പിടിച്ചിറക്കി തല്ലിച്ചതച്ചു. സംഘര്‍ഷത്തിനിടയില്‍, സ്‌കൂളിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ക്ക് ജനക്കൂട്ടം തീയിട്ടു. മൈസൂര്‍ റോഡില്‍ ഹൊസഗുഢദഹള്ളിയിലെ ജെ ജെ നഗറിലുള്ള വെങ്കടേശ്വര സ്‌കൂളിലാണ് ജനരോഷം ആളിപ്പടര്‍ന്നത്.
പോലീസിന്റെ സുരക്ഷാവലയം ഭേദിച്ചാണ് ജനക്കൂട്ടം സ്‌കൂളില്‍ നിന്ന് ആരോപണവിധേയനായ അധ്യാപകനെ പിടിച്ചിറക്കി കൈകാര്യം ചെയ്തത്. പാടുപെട്ടാണ് പോലീസുകാര്‍ അധ്യാപകനെ ജനക്കൂട്ടത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ച് ജെ ജെ നഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കൂടുതല്‍ പോലീസ് സംഘത്തെ രംഗത്തിറക്കുകയും ചെയ്തു. എന്നിട്ടും ജനക്കൂട്ടം വഴങ്ങിയില്ല. പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. ഇതില്‍ ഒരു എസ് ഐ അടക്കം നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനും ക്രമസമാധാന പാലനത്തിനും ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അനിഷ്ടസംഭവങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എം എന്‍ റെഢി പറഞ്ഞു. എല്ലാ സ്‌കൂളുകളിലും സി സി ടി വി സ്ഥാപിക്കണമെന്ന തീരുമാനം വെങ്കടേശ്വര സ്‌കൂളില്‍ നടപ്പാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിട്ടുണ്ട്. പ്രാദേശിക എം എല്‍ എ സമീര്‍ അഹ്മദ് ഖാന്റെ അധ്യക്ഷതയില്‍ സമാധാന കമ്മിറ്റി ചേര്‍ന്നിട്ടുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടിയുടെ പിതാവ് പരാതിയുമായി ഏതാനും ദിവസം മുമ്പ് സ്‌കൂള്‍ അധികൃതരെ സമീപിച്ചപ്പോഴാണ് പുറം ലോകം വിവരമറിയുന്നത്. ഈ അധ്യയന വര്‍ഷം ബംഗളൂരിലെ ഏറെ പ്രശസ്തമായ ചില സ്വകാര്യ സ്‌കൂളുകളില്‍ പിഞ്ചുകുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. സ്‌കൂളിലെ അധ്യാപകരോ മറ്റ് ജീവനക്കാരോ ആണ് പ്രതിസ്ഥാനത്ത്. കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ജനരോഷം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സ്‌ക്കൂളുകള്‍ അടച്ചിടേണ്ടിവന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നും കുട്ടികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തുമെന്നും സ്‌കൂള്‍ മാനേജുമെന്റുകളും പോലീസ് അധികൃതരും വിദ്യാഭ്യാസ വകുപ്പും ഉറപ്പ് നല്‍കിയ ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ അന്നുണ്ടാക്കിയ ധാരണകള്‍ പലതും പല സ്‌കൂളുകളിലും നടപ്പാക്കിയിട്ടില്ല.

Latest