Connect with us

National

ദമ്പതികളായ തടവുകാര്‍ക്ക് ജയിലില്‍ ലൈംഗികബന്ധമാകാം: ഹൈക്കോടതി

Published

|

Last Updated

ചാണ്ഡിഗഢ്: ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് അവരുടെ ജീവിത പങ്കാളിയുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ അവകാശമുണ്ടെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് ഏറെ പ്രാധാന്യമുള്ളതാണെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വിവാഹിതരാ ജയില്‍ അന്തേവാസികള്‍ക്കും തടവുകാര്‍ക്കും മക്കള്‍ വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ശാരീരിക ബന്ധം പുലര്‍ത്തുകയോ കൃത്രിമ ഗര്‍ഭധാരണത്തിന് വിധേയരാകുകയോ ചെയ്യുന്നത് മൗലികാവകാശമാണെന്ന് കോടതി വ്യക്തമാക്കി. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെ കുറിച്ച് സമൂഹം ചര്‍ച്ച നടത്തുന്ന കാലമാണിത്.അങ്ങനെയിരിക്കെ ജയില്‍ അന്തേവാസി നിയമപരമായ ജീവിതപങ്കാളിയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതിനെ ആര്‍ക്ക് എതിര്‍ക്കാനാകും. ആഗ്രഹങ്ങള്‍ കാര്‍പെറ്റിനടിയില്‍ മൂടിവെക്കാന്‍ പറയാന്‍ ആര്‍ക്കാവും. ഇനിയും കാലം കളയാതെ എത്രയും നേരത്തെ ബന്ധപ്പെട്ടവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണം- ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
ഒരു കുഞ്ഞിന് വേണ്ടി തങ്ങളെ ദാമ്പത്യബന്ധത്തിലേര്‍പ്പെടാന്‍ അനുവദിക്കണമെന്ന, പട്യാല സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ജസ്‌വീര്‍ സിംഗ്- സോണിയ ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഈ നിരീക്ഷണങ്ങള്‍. യുവതിയെ തട്ടിക്കൊണ്ടുപോയി് കൊന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരാണ് ഈ ദമ്പതികള്‍. ഇവര്‍ ചെയ്ത ഹീന കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് ഇവരുടെ അപേക്ഷ ജസ്റ്റിസ് സൂര്യകാന്ത് തള്ളിക്കളഞ്ഞു.
എന്നാല്‍ ഇതിന് കര്‍ശനമായ വ്യവസ്ഥകള്‍ കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. നിയമം കൊണ്ടുവന്ന് ഇക്കാര്യം പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ കോടതി ഉത്തരവാദപ്പെടുത്തി.