Connect with us

Gulf

ശുദ്ധമായ നാടന്‍ മോരും, കോഴിമുട്ടയും മൂസാന്റെ കടയില്‍ ആവശ്യക്കാരേറെ

Published

|

Last Updated

ഷാര്‍ജ;ശുദ്ധമായ നാടന്‍ മോരും, നാടന്‍ കോഴിമുട്ടയും യഥേഷ്ടം ലഭിക്കുന്ന മലയാളിയുടെ ഒരു കടയുണ്ട് ഷാര്‍ജയില്‍.

അല്‍ ജുബൈല്‍, മത്സ്യമാര്‍ക്കറ്റില്‍ കണ്ണൂര്‍, നാറാത്ത് സ്വദേശി മൂസാന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കട. നാടന്‍ രുചിയുള്ള ശുദ്ധമായ പശുവിന്‍ മോരാണ് ഇവിടെ നിന്നു ലഭിക്കുന്നത്. സ്‌പോണ്‍സറായ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് മോര് തയ്യാറാക്കുന്നത്. മോരിനായി നിരവധി പശുക്കളെ വളര്‍ത്തുന്നുണ്ട്. നിത്യവും മോര് ഉണ്ടാക്കി മൂസാന്റെ കടയിലേക്ക് വില്‍പനക്കായി എത്തിക്കുന്നു. നാടന്‍ മോരിനു ആവശ്യക്കാര്‍ ഏറെയാണെന്ന് മൂസാന്‍ പറയുന്നു. ഉപഭോക്താക്കളില്‍ ഏറെയും മലയാളികളാണ്. സ്വദേശികളും നാടന്‍ മോര് ഏറെ ഇഷ്ടപ്പെടുന്നതായും 20 വര്‍ഷത്തോളമായി കട നടത്തുന്ന 48 കാരനായ മൂസാന്‍ പറയുന്നു.
കട അന്വേഷിച്ച് എത്തുകയാണത്രെ മലയാളികള്‍. റമസാനിലാണ് ഏറെ ഡിമാന്റെന്നും മൂസാന്‍ പറഞ്ഞു. ഒന്നര ലിറ്റര്‍ കൊള്ളുന്ന ഒരു കുപ്പിമോരിനു എട്ട് ദിര്‍ഹമാണ് വില. നിത്യവും നിരവധി കുപ്പിമോര് വിറ്റഴിക്കുന്നതായി മൂസാന്‍ പറഞ്ഞു. നാടന്‍ മോര് ലഭിക്കുന്ന ഷാര്‍ജയിലെ ഏക കടയായതിനാല്‍ ഉപഭോക്താക്കള്‍ അന്വേഷിച്ചെത്തുകയാണെന്നും മൂസാന്‍ വ്യക്തമാക്കി.
നാടന്‍ മോരിനോടൊപ്പം നാടന്‍ കോഴിമുട്ടയും കടയില്‍ ലഭ്യമാണ്. മുട്ട ഉത്പാദിപ്പിക്കുന്നതും സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നു തന്നെ. ഒരു ഡസന്‍ മുട്ടയ്ക്കു 20 ദിര്‍ഹമാണത്രെ വില. ആവശ്യക്കാര്‍ ഏറെയാണെന്നും, ഇവരില്‍ മലയാളികളാണ് നല്ലൊരു ശതമാനമെന്നും മൂസാന്‍ പറഞ്ഞു.
കൂടാതെ ഈത്തപ്പഴത്തിന്റെ കൂടെ കഴിക്കുന്ന പനിനീരും ലഭ്യമാണ്. ഇതുലഭിക്കുന്ന ഏക കടയും മൂസാന്റേതുതന്നെ. ഉപഭോക്താക്കളില്‍ ഏറെയും അറബികളാണ്. ചെറുനാരങ്ങ, പച്ചമാങ്ങ തുടങ്ങി വിവിധ പഴ വര്‍ഗ്ഗങ്ങളും, പച്ചക്കറികളും വില്‍ക്കപ്പെടുന്നു. വിശാലമായ മാര്‍ക്കറ്റിന്റെ ചായ്പ്പില്‍ ടാര്‍പ്പോളിന്‍ മേഞ്ഞതാണ് മൂസാന്റെ കട. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ച കട അതേപടി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു. നാട്ടിലെ വഴിയോര കച്ചവടത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ കട. മൂസാനു സഹായിയായി ബേക്കല്‍, കോട്ടക്കു സമീപത്തെ അബ്ദുല്‍ ഹമീദുമുണ്ട്. കട തുടങ്ങിയ അന്നുമുതല്‍ ഹമീദും തുണയായുണ്ട്. കടയിലെത്തുന്നവരില്‍ ഏറെയും സ്വദേശികളാണ്. മത്സ്യം വാങ്ങാനെത്തുന്നവരില്‍ പലരും മൂസാന്റെ കടയും സന്ദര്‍ശിച്ചാണ് മടങ്ങുക.

Latest