Connect with us

Gulf

റാശിദ് ആശുപത്രിയിലെ ആത്യാഹിത വിഭാഗത്തിന്റെ വികസനം ഉടന്‍ പൂര്‍ത്തിയാക്കും

Published

|

Last Updated

ദുബൈ: നഗരത്തിലെ പഴയതും ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സക്ക് ആശ്രയിക്കുന്നതുമായ റാശിദ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ വികസന ജോലികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍. 1.61 കോടി ദിര്‍ഹം ചിലവില്‍ നടക്കുന്ന വികസനത്തിന്റെ 60 ശതമാനം പൂര്‍ത്തീകരിച്ചതായി ദുബൈ ആരോഗ്യവിഭാഗം തലവന്‍ എഞ്ചി. ഈസാ അല്‍ മൈദൂര്‍ അറിയിച്ചു.
പദ്ധതിയുടെ അവശേഷിക്കുന്ന ജോലികള്‍ അടുത്ത മെയ് മാസത്തോടെ പൂര്‍ത്തിയാക്കും. അത്യാഹിത വിഭാഗത്തില്‍ വര്‍ധിച്ചുവരുന്ന കേസുകള്‍ സമയ നഷ്ടമില്ലാതെ കൈകാര്യം ചെയ്യാനും അത്യാഹിതങ്ങളിലെ ഇരകള്‍ക്ക് കൃത്യമായി ചികിത്സയുള്‍പ്പെടെയുള്ള പരിചരണങ്ങള്‍ ഉറപ്പുവരുത്താനുമാണ് വികസനം നടത്തുന്നതെന്ന് അല്‍ മൈദൂര്‍ വ്യക്തമാക്കി.
അത്യാഹിത കേന്ദ്രത്തിന് നിലവിലുള്ളതിനു പുറമെ രണ്ട് നിലകെട്ടിടമാണ് വികസനത്തിന്റെ പ്രധാന ഭാഗം. 105 മുറികളിലായി പുതിയ 157 കട്ടിലുകള്‍ സ്ഥാപിക്കാന്‍ കഴിയുന്നതാണിത്. ഇതോടെ അത്യാഹിത കേന്ദ്രത്തിലുള്ള കട്ടിലുകളുടെ മൊത്തം എണ്ണം 930 ആകും. പദ്ധതിയുടെ ഒന്നാം നിലയില്‍ മാത്രം 53 മുറികളിലായി 68 കട്ടിലുകള്‍ക്ക് സൗകര്യമുണ്ടാകും.
ലോകം ഉറ്റുനോക്കുന്ന ദുബൈ നഗരത്തിന്റെ നിലവാരത്തിനനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വിഭാഗം നടത്തുന്നത്. അതിനാവശ്യമായ ലോകോത്തര സാങ്കേതിക വിദ്യകളും ഉപകരണങ്ങളുമാണ് നിര്‍മാണ ജോലികള്‍ക്ക് ഉപയോഗിക്കുന്നത്. ദുബൈ നഗരം വിഭാവനം ചെയ്യുന്ന ഗുണ നിലവാരമുള്ള ആരോഗ്യ സേവന രംഗത്ത് വലിയ മുതല്‍കൂട്ടാകും റാശിദ് ഹോസ്പിറ്റലില്‍ നടക്കുന്ന പുതിയ വികസനമെന്ന് ഈസാ അല്‍ മൈദൂര്‍ വ്യക്തമാക്കി.
വികസന ജോലികള്‍ നേരിട്ടെത്തി നിരീക്ഷിച്ച ശേഷം നല്‍കിയ പത്രക്കുറിപ്പിലാണ് മൈദൂര്‍ ഇക്കാര്യം അറിയിച്ചത്.

Latest