Connect with us

Gulf

നിയമ ലംഘനം: പതിമൂന്ന് ലൈസന്‍സുകള്‍ക്ക് പിഴ ചുമത്തി

Published

|

Last Updated

റാസല്‍ ഖൈമ: നിയമം പാലിക്കാത്ത 13 വ്യാപാര ലൈസന്‍സുകള്‍ക്ക് റാസല്‍ ഖൈമ നഗരസഭാ അധികൃതര്‍ പിഴ ചുമത്തി. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ 20 കിലോ പക്ഷിയിറച്ചി റാക് വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയതായും അധികൃതര്‍ അറിയിച്ചു.
നഗരസഭ നടത്തിവന്ന പതിവു പരിശോധനക്കിടെയാണ് നിയമ ലംഘകരെ കണ്ടെത്തിയത്. റാസല്‍ ഖൈമയുടെ വിവിധ ഭാഗങ്ങളിലായി 1,573 വ്യാപാര സ്ഥാപനങ്ങളില്‍ കഴിഞ്ഞ മാസം പരിശോധന നടത്തിയതായി നഗരസഭയിലെ പൊതു ജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഖലീഫ മുഹമ്മദ് അല്‍ മക്തൂം വെളിപ്പെടുത്തി. 149 സ്ഥാപനങ്ങളാണ് നിയമം ലംഘിച്ചതായി കണ്ടെത്തിയത്.
ഇതില്‍ ചില സ്ഥാപനങ്ങള്‍ക്ക് രേഖാമൂലം മുന്നറിയിപ്പ് നല്‍കി. ചിലതില്‍ നിന്ന് ആവര്‍ത്തിക്കില്ലെന്ന കരാര്‍ ഒപ്പിട്ടുവാങ്ങി. 76 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു, അല്‍ മക്തൂം പറഞ്ഞു. പൊതു നിരത്തുകളില്‍ വില്‍പനക്കുവെച്ച 27 വാഹനങ്ങളും നഗരസഭാ അധികൃതര്‍ പിടിച്ചെടുത്തു. ഇതോടെ ഇത്തരത്തില്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം 243 ആയതായി അല്‍ മക്തൂം പറഞ്ഞു.
നഗരത്തിന്റെ പൊതു ഭംഗിക്ക് വിഘാതമാകുന്ന രീതിയില്‍ പൊതു നിരത്തുകളിലും പള്ളി പരിസരങ്ങളിലും മറ്റും വില്‍പനക്കെന്ന നോട്ടീസ് പതിച്ച് നിര്‍ത്തിയിട്ട വാഹനങ്ങളാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ നഗരസഭാ അധികൃതരുമായി ബന്ധപ്പെട്ട് നിശ്ചിത സംഖ്യ പിഴയടച്ചാല്‍ മാത്രമേ വാഹനം തിരിച്ചു നല്‍കുകയുള്ളുവെന്നും ഖലീഫ മുഹമ്മദ് അല്‍ മക്തൂം വ്യക്തമാക്കി.

 

Latest