Connect with us

Gulf

പെട്രാ എയര്‍ലൈന്‍സിന്റെ 49 ശതമാനം എയര്‍ അറേബ്യ സ്വന്തമാക്കി

Published

|

Last Updated

ഷാര്‍ജ: മധ്യ പൗരസ്ത്യ ദേശത്തെ ആദ്യത്തെയും വലുതുമായ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യ, ജോര്‍ദാനിലെ പ്രമുഖ വിമാനക്കമ്പനിയായ പെട്രാ എയര്‍ ലൈനിന്റെ 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു.
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ക്വീന്‍ അലിയാ എയര്‍പോര്‍ട്ടില്‍ എയര്‍ അറേബ്യയുടെ പുതിയ ഗ്ലോബല്‍ ആസ്ഥാനം അടുത്തു തന്നെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. പെട്രാ എയര്‍ലൈനിന്റെ അവശേഷിക്കുന്ന 51 ശതമാനം ഓഹരികള്‍ നിലവിലുള്ള റം ഗ്രൂപ്പ് തന്നെ നിലനിര്‍ത്തും.
49 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയ എയര്‍ അറേബ്യ ഈ വര്‍ഷം ആദ്യപാദത്തോടെ പെട്രാ എയര്‍ ലൈന്‍ വിമാനങ്ങളുടെ സര്‍വീസുകള്‍ എറ്റെടുക്കും. എയര്‍ അറേബ്യ ജോര്‍ദാന്‍ എന്ന പേരിലായിരിക്കും പെട്രാ എയര്‍ലൈന്‍ ഇനി അറിയപ്പെടുകയെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. എയര്‍ അറേബ്യ ജോര്‍ദാന്‍ യൂറോപ്പ്, മധ്യ പൗരസ്ത്യ ദേശം, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ക്വീന്‍ ആലിയ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നും നേരിട്ട് സര്‍വീസ് നടത്തും.
പെട്രാ എയര്‍ലൈനിന്റെ 49 ശതമാനം എയര്‍ അറേബ്യ സ്വന്തമാക്കിയതിലൂടെ കമ്പനി വളര്‍ച്ചയുടെ ഒരു പുതുയുഗത്തിലേക്ക് പ്രവേശിച്ചതായും കമ്പനിക്ക് ഇത് ഏറെ അഭിമാനകരമാണെന്നും പെട്രാ എയര്‍ലൈന്‍ കമ്പനിയുടെ മുഖ്യ ഓഹരി ഉടമകളായ റം ഗ്രൂപ്പ് ചെയര്‍മാന്‍ റിയാദ് ഖഷ്മാന്‍ പറഞ്ഞു.

Latest