Connect with us

Gulf

മൂന്നാം നിലയില്‍ നിന്ന് വീണ് അഞ്ച് വയസുകാരി മരിച്ചു

Published

|

Last Updated

ദുബൈ: ഗിന്നസ് ബുക്കില്‍ ഇടം നേടിയ ദുബൈയിലെ പുതുവര്‍ഷാഘോഷ ലഹരിയില്‍ എല്ലാം മറന്നാടിയ യുവതിക്ക് നഷ്ടമായത് ഏകമകള്‍ അഞ്ചുവയസുകാരിയെ!.
ദുബൈ ഇന്റര്‍നാഷനല്‍ സിറ്റിയിലെ ഒരു ഫഌറ്റില്‍ ഏക മകളോടൊപ്പം താമസിക്കുന്ന യുവതിക്കാണ് പുതുവത്സരാഘോഷം കൊടും ദുരന്തത്തിന്റെ ഓര്‍മകളായത്. സംഭവത്തെക്കുറിച്ച് ദുബൈ പോലീസ് പറയുന്നതിങ്ങനെ;
നേരത്തെ പദ്ധതിയിട്ടതനുസരിച്ച് പതിവിലും നേരത്തെ അഞ്ചുവയസുകാരിയായ ഏക മകളെ താമസസ്ഥലമായ ഇന്റര്‍നാഷനല്‍ സിറ്റിയിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഫഌറ്റില്‍ കിടത്തിയുറക്കി. വിണ്ണില്‍ വര്‍ണം വിതറി ഗിന്നസ് ബുക്കെന്ന അതിശയ ലോകത്തേക്ക് കടന്ന പുതുവത്സരാഘോഷങ്ങളില്‍ പങ്കുചേരാന്‍ വാതില്‍പൂട്ടി കാമുകന്റെ കൂടെ യുവതി പുറപ്പെട്ടു.
അര്‍ധരാത്രി ഉണര്‍ന്ന കുട്ടി മാതാവിനെ തിരഞ്ഞുവെങ്കിലും കണ്ടില്ല. ബാല്‍ക്കണിയിലും കാണാതെ വന്നപ്പോള്‍ മുറിക്കകത്തുനിന്ന് കസേരകൊണ്ട് വന്ന് അതില്‍ കയറി ബാല്‍ക്കണിയിലൂടെ പുറം നിരീക്ഷണം നടത്തുന്നതിനിടെ കുട്ടി അബദ്ധത്തില്‍ പിടിവിട്ടു താഴെ വീണു. വീഴ്ച കണ്ട ഒരാള്‍ അറിയിച്ചതനുസരിച്ച് പോലീസെത്തിയപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.
കുട്ടിയുടെ മൃതശരീരം ആശുപത്രിയിലും തുടര്‍ന്ന് പരിശോധനകള്‍ക്കായി ഫോറന്‍സിക്ക് ലാബിലേക്കും മാറ്റിയ പോലീസ് തെളിവെടുപ്പിനായി ഫഌറ്റിലെത്തിയെങ്കിലും പൂട്ടിയിട്ടതിനാല്‍ അകത്ത് കടക്കാനായില്ല. കെട്ടിട കാവല്‍ക്കാരന്റെ സഹായത്തോടെ വാതില്‍ തുറന്ന് അകത്ത് കടന്നെങ്കിലും ആരെയും കണ്ടെത്താത്തതിനാല്‍ ഫഌറ്റിലെ വാടകക്കാരിയായ യുവതിയെ ഫോണില്‍ വിളിച്ചു. പുതുവത്സരാഘോഷത്തില്‍ എല്ലാ മറന്ന അവര്‍ പ്രതികരിച്ചില്ല. പുലര്‍ച്ചെ തിരിച്ചു ബന്ധപ്പെട്ട യുവതി പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് കഥയറിയാതെ സ്റ്റേഷനിലെത്തി. സംഭവം വിശദീകരിച്ച ശേഷം ചോദ്യം ചെയ്യുന്നതിനിടെ യുവതിതന്നെയാണ് മകളെ ഫഌറ്റില്‍ തനിച്ച് കിടത്തിയുറക്കി വാതില്‍പൂട്ടി കാമുകന്റെ കൂടെ പുതുവത്സരാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പോയ വിവരം പോലീസിനോട് വിശദീകരിച്ചത്.
നേരം വെളുത്ത് മാത്രമേ മകള്‍ ഉറക്കമുണരൂയെന്ന ധാരണയിലാണ് ഇങ്ങിനെ ചെയ്തതെന്നും മൊഴി നല്‍കിയ യുവതിയെ, കുറ്റകരമായ അനാസ്ഥക്കും അത് കാരണം നടന്ന മരണത്തിനും ഉത്തരവാദിയെന്ന നിലക്ക് കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ് പോലീസ്.

Latest