Connect with us

Kozhikode

ഹൗസിംഗ് സൊസൈറ്റിയുടെ കെട്ടിട നിര്‍മാണം വിവാദമാകുന്നു

Published

|

Last Updated

താമരശ്ശേരി: സി പി എം നിയന്ത്രണത്തിലുള്ള താമരശ്ശേരി കോ-ഓപറേറ്റീവ് റൂറല്‍ ഹൗസിംഗ് സൊസൈറ്റിയുടെ കെട്ടിടം സ്വകാര്യ കെട്ടിടത്തോട് ചേര്‍ത്ത് നിര്‍മിച്ചത് വിവാദമാകുന്നു. കാരാടിയില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തോട് ചേര്‍ന്ന് നിര്‍മിച്ച പുതിയ കെട്ടിടമാണ് സ്വകാര്യ കെട്ടിടത്തോട് ചേര്‍ത്തത്. ഇരുനില കെട്ടിടത്തിന്റെ മുന്‍വശത്ത് സ്വകാര്യ കെട്ടിടത്തോട് ചേര്‍ന്നുള്ള സ്ഥലം ചുമര്‍വെച്ച് മുറിയാക്കി തിരിച്ചു. രണ്ടാം നിലയുടെ കോണ്‍ക്രീറ്റ് സ്ലാബ് സ്വകാര്യ കെട്ടിടത്തോട് മുട്ടിച്ചാണ് നിര്‍മിച്ചത്.
ഇരുകെട്ടിടങ്ങളും ചേര്‍ത്ത് നിര്‍മിച്ചത് സഹകരണ നിയമപ്രകാരം കുറ്റകരമാണ്. ഹൗസിംഗ് സൊസൈറ്റിയുടെ സ്‌ട്രോംഗ് റൂം ഉള്‍പ്പെടെ പുതിയ കെട്ടിടത്തില്‍ സ്ഥാപിക്കുമെന്നാണ് സൂചന. സ്വകാര്യ കെട്ടിടത്തോട് ചേര്‍ന്നുള്ള മുറിയില്‍ സ്‌ട്രോംഗ് റൂം സ്ഥാപിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന് പത്ര പരസ്യം നല്‍കി ടെന്‍ഡര്‍ ക്ഷണിച്ചില്ലെന്നും പ്രവൃത്തി പൂര്‍ത്തീകരിക്കും മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാതെ വാടകക്ക് നല്‍കിയതായും ആരോപണമുണ്ട്. ഭരണ സമിതിയുടെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ സഹകരണ വകുപ്പിനുള്‍പ്പെടെ പരാതി നല്‍കാനും നീക്കം നടക്കുന്നുണ്ട്. സൊസൈറ്റിയിലെ അറ്റന്‍ഡര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നേരത്തെ സഹകരണ വകുപ്പിനും പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു.

Latest