Connect with us

Kozhikode

ദൃശ്യവിസ്മയമൊരുക്കി ഇന്റര്‍നാഷനല്‍ എക്‌സ്‌പോ വടകരയില്‍

Published

|

Last Updated

വടകര: 18 വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത അലങ്കാര മത്സ്യങ്ങളുടെയും അലങ്കാര പക്ഷികളുടെയും പ്രദര്‍ശനം-ഇന്റര്‍നാഷനല്‍ എക്‌സ്‌പോ 2015 നാളെ വടകര സഹകരണ ആശുപത്രിക്ക് സമീപം ആരംഭിക്കുമെന്ന് നാഷനല്‍ അക്വപെറ്റ്‌സ് അക്കാദമി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശനം ഈ മാസം 26ന് സമാപിക്കും. മനുഷ്യരെ കൂട്ടമായി അക്രമിക്കുന്ന മത്സ്യമായ പിരാന, കുഞ്ഞുങ്ങളെപ്പോലെ ഉറക്കെ കരയുന്ന റെഡ് ടെയില്‍ കാറ്റ്ഫിഷ്, ആനയുടെ തുമ്പിക്കൈ പോലെ നീണ്ട മുഖമുള്ള എലിഫന്റ് നോസ്, മരണത്തെ തടയാന്‍ കഴിയുമെന്ന് ഇന്തോനേഷ്യക്കാര്‍ വിശ്വസിക്കുന്ന മൂന്ന് ലക്ഷം രൂപ വിലവരുന്ന ശുദ്ധജല മത്സ്യമായ അരാപ്പൈമ, ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പക്ഷിയെന്നറിയപ്പെടുന്ന സൗത്ത് അമേരിക്കയിലെ മെക്കാവോ, ഇണങ്ങിയാല്‍ ആരോടും സംസാരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഗ്രേ പാരറ്റ് തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ടാകും.
ദിവസവും ഉച്ചക്ക് രണ്ട് മുതല്‍ രാത്രി പത്ത് മണി വരെയാണ് പ്രദര്‍ശനം. അവധി ദിവസങ്ങളില്‍ രാവിലെ 11 മണിക്ക് ആരംഭിക്കും. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ദിവസവും വിവിധ കലാപരിപാടികളും അരങ്ങേറും. നാളെ വൈകീട്ട് അഞ്ചിന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി പി രഞ്ജിനിയുടെ അധ്യക്ഷതയില്‍ സി കെ നാണു എം എല്‍ എ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ നാഷനല്‍ അക്വപെറ്റ്‌സ് അക്കാദമി മാനേജിംഗ് ഡയരക്ടര്‍ പി അബ്ദുല്‍ നാസര്‍, ഡയരക്ടര്‍ ബി ഷാജഹാന്‍, സുനില്‍ കുമാര്‍ കൊയിലാണ്ടി പങ്കെടുത്തു.

Latest