Connect with us

Malappuram

മാപ്പിളപ്പാട്ട് വേദിക്ക് അവഗണന

Published

|

Last Updated

കോട്ടക്കല്‍: മലപ്പുറത്തിന്റെ മണ്ണില്‍ മാപ്പിളപ്പാട്ടിന് അവഗണന. അസൗകര്യങ്ങള്‍ക്ക് നടുവിലായിരുന്നു മത്സരം നടന്നത്. സ്‌കൂള്‍ ക്യാമ്പസിന് പുറത്ത് ഏറ്റവും അകലെയുള്ള വേദി പതിമൂന്നിലായിരുന്നു മത്സരമൊരുക്കിയിരുന്നത്.
ഏറ്റവും ചെറിയ വേദി, ശബ്ദ സൗകര്യങ്ങളുടെ അപര്യാപ്തത, കാണികളും വിധികര്‍ത്താക്കളും വെയിലേല്‍ക്കേണ്ട സാഹചര്യം. രാവിലെ മത്സരം ആരംഭിക്കുന്നതിന് മുമ്പെ പ്രതിഷേധവുമായി കാണികളും അധ്യാപകരുമെത്തി. നിറഞ്ഞ സദസിന് ഇരിക്കാന്‍ ഇരുപത് കസേരകള്‍ മാത്രം. തണല്‍ വിരിക്കാന്‍ ഒരു തുണിപന്തലും. ശബ്ദമില്ലാത്ത ക്യാബിനുകളും വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി.
വീഡിയോ റെക്കോര്‍ഡിംഗിനും സംവിധാനമുണ്ടായിരുന്നില്ല. മാപ്പിളപ്പാട്ടിനെ ഹൃദയത്തില്‍ താലോലിക്കുന്ന മലപ്പുറത്ത് ഇത്രയും അവഗണന പ്രതീക്ഷിച്ചില്ലെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പരാതിപ്പെട്ടു. ഒടുവില്‍ ഉച്ചയോടെ ഒരു പന്തല്‍കൂടി കെട്ടുകയായിരുന്നു. കസേരകള്‍ കാണികള്‍ തന്നെ കൊണ്ടുവന്നാണ് ഇരിപ്പിടമൊരുക്കിയത്. ഭൂരിഭാഗം പേര്‍ക്കും നിന്ന് മത്സരം വീക്ഷിക്കേണ്ടി വന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരങ്ങള്‍ ഇവിടെയാണ് നടന്നത്. കാണികളുടെ ഇടപെടലിനെ തുടര്‍ന്ന് ഒരു മത്സരാര്‍ഥിയുടെ ഗാനം രണ്ട് തവണ മുടങ്ങിയിരുന്നു. പ്രധാന വേദികളില്‍ വിരലിലെണ്ണാവുന്നവര്‍ കാണികളായുളള സംസ്‌കൃത മത്സരങ്ങള്‍ നടക്കുമ്പോഴാണ് മാപ്പിളപ്പാട്ടിനെ തളച്ചിട്ടത്.