Connect with us

Malappuram

ചെമ്മാട്ടെ ഗതാഗത നിയന്ത്രണം; കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം

Published

|

Last Updated

തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ഗതാഗതകുരുക്ക് ഒഴുവാക്കാന്‍ കര്‍ശന നടപടി കൈകൊള്ളാന്‍ താലൂക്ക് ഓഫീസില്‍ചേര്‍ന്ന യോഗത്തില്‍ തീരുമാനം.
പലതവണ തീരുമാനമെടുത്തിട്ടും ദിവസങ്ങള്‍ക്കകം അവ താറുമാറാവുകയും ഗതാഗതകുരുക്ക് നിത്യസംഭവമാവുകയും ചെയ്യുന്ന പശ്ചാതലത്തിലാണ് യോഗം ചേര്‍ന്നത്. പഞ്ചായത്ത് ഓഫീസ് മുതല്‍ പഴയ ജുമുഅത്ത് പള്ളി വരെയുള്ള ഭാഗങ്ങളില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് പാടില്ല. കൊടിഞ്ഞി റോഡിലും ബ്ലോക്ക് റോഡിലുമുള്ള അനധികൃത പാര്‍ക്കിംഗ് തടയും.
ചെമ്മാട് പഴയ ജുമുഅത്ത് പള്ളിക്ക് സമീപമുള്ള റോഡിലൂടെ വണ്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെമ്മാട് ടൗണില്‍ നിന്നുള്ള ചെറിയവാഹനങ്ങള്‍ക്ക് ഇതുവഴി കൊടിഞ്ഞി റോഡിലേക്ക് പോകാം. തിരിച്ച് ഇങ്ങോട്ട് വാഹനങ്ങള്‍ വരാന്‍പാടില്ല. കോഴിക്കോട് റോഡ് ജംഗ്ഷന്‍ മുതല്‍ അല്‍പഭാഗം പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. പരപ്പനങ്ങാടി റോഡില്‍ ഒരേസമയം മൂന്ന് ട്രക്കറുകളില്‍ കൂടുതല്‍ പാര്‍ക്കിംഗ് പാടില്ല. ചെമ്മാട് ബസ് സ്റ്റാന്റിന്റെ ഉള്ളില്‍ ബസുകളല്ലാത്ത വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. മമ്പുറം റോഡിലും ബ്ലോക്ക് റോഡിലുമുള്ള വണ്‍വേ തെറ്റിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. അതേ സമയം റോഡരുകിലെ നടപ്പാതയുടെ കൈയേറ്റത്തെകുറിച്ചും പാര്‍ക്കിംഗ് പ്രശ്‌നത്തിലും ചര്‍ച്ചവന്നുവെങ്കിലും തീരുമാനമായിട്ടില്ല. വെന്നിയൂര്‍ ടൗണിലെ ഗതാഗത പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ അടുത്തദിവസം യോഗം ചേരാനും തീരുമാനിച്ചു.
പേപാര്‍ക്കിംഗ് സൗകര്യം ആളുകള്‍ ഉപയോഗപ്പെടുത്താത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നാളെ മുതല്‍ തീരുമാനം നടപ്പിലാക്കുമെന്ന് പോലീസ് അറിയിച്ചു. അഡീഷണല്‍ തഹസില്‍ദാര്‍ എ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി ഐ അനില്‍ബി റാവുത്തര്‍ എസ് ഐ എ സുനില്‍, എ എം വി ഐ മുഹമ്മദ് ശഫീഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുര്‍റഹ്മാന്‍ കുട്ടി എന്നിവരും വിവിധ രാഷ്ട്രീയപാര്‍ട്ടി ടാക്‌സി തൊഴിലാളി യൂണിയന്‍ ബസ് ഓണേഴേസ് അസോസിയേഷന്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest