Connect with us

Wayanad

മുതിര്‍ന്നവരും കുട്ടികളുമടക്കം 182 പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന് സബ് കലക്ടര്‍

Published

|

Last Updated

മാനന്തവാടി: അഞ്ചുകുന്ന് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി ഡി എം ഒ ഡോ.നിത വിജയന്‍ അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്ന കടകളില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കൂടാതെ കുടിവെള്ള സാമ്പിളുകളും രോഗം ബാധിച്ച കുട്ടികളുടെ മലത്തിന്റെ സാമ്പിളും വിദഗ്ധ പരിശോധനക്കയച്ചു.
ഭക്ഷ്യ വിഷബാധ ബാധിക്കുന്നത് സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് ബോധവത്കരണം നല്‍കി. പൊരുന്നന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. രോഗബാധയുടെ അടിസ്ഥാനത്തില്‍ പൊതുവായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡി എം ഒ അറിയിച്ചു. തുറന്ന് വെച്ച ആഹാര സാധനങ്ങള്‍ കഴിക്കരുത്. വഴിയോരങ്ങളില്‍ വില്‍ക്കുന്ന ഗുണനിലവാരമില്ലാത്ത ഐസ്‌ക്രീം, സിപ്പ് അപ്പ്, ലഘുപാനീയങ്ങള്‍, മിഠായികള്‍, അച്ചാറുകള്‍ തുടങ്ങിയവ കഴിക്കരുത്. ഹോട്ടലുകളിലും ലഘുഭക്ഷണ ശാലകളിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ നല്‍കണം. ആഘോഷവേളകളിലും സല്‍ക്കാരങ്ങളിലും മറ്റും വിതരണം ചെയ്യുന്ന ആഹാര സാധനങ്ങളും കുടിവെള്ളവും ശുചിയുള്ളതാണെന്ന് ഉറപ്പ് വരുത്തണം. ഏതെങ്കിലും തരത്തിലുള്ള ഭക്ഷ്യ വസ്തുക്കള്‍ ശീലമാക്കിയ വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ 9847117700 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇതിനിടെ ഇന്നലെ ഈ പ്രദേശത്തെ മുതിര്‍ന്നവര്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. മുതിര്‍ന്നവരും കുട്ടികളുമടക്കം മൊത്തം 182 പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ടെന്ന് സബ് കലക്ടര്‍ ശീറാം സാംബശിവറാവു പറഞ്ഞു.
ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാനായി ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മൂന്ന് ഡോക്ടര്‍മാര്‍ വയനാട്ടിലെത്തി. ഇതിനിടെ ഭക്ഷ്യ വിഷബാധയുടെ കാരണം കണ്ടെത്താന്‍ ആരോഗ്യവകുപ്പും ഫുഡ്‌സേഫ്റ്റി അധികൃതരും അന്വേഷണമാരംഭിച്ചു. രോഗബാധിതരുടെ ശരീര സ്രവങ്ങളും ആഹാരാവശിഷ്ടങ്ങളുടെയും കുടിവെള്ളത്തിന്റെയും സാമ്പിളുകളുംശേഖരിച്ച് അധികൃതര്‍ പരിശോധനക്കയച്ചു. ഇന്നലെ ഈ പ്രദേശത്തുള്ള വീടുകള്‍ കയറിയിറങ്ങി അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെയാണ് മുതിര്‍ന്നവര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
എന്നാല്‍ കടകളില്‍ നിന്ന് കുട്ടികള്‍ വാങ്ങിയ മിഠായിയും മറ്റും കഴിച്ച മുതിര്‍ന്നവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചുകുന്നിലെ കടകളില്‍ വിറ്റഴിച്ച സിപ്പപ്പ്, ഐസ്‌ക്രീം, പുളിയച്ചാര്‍, എ.ബി.സി.ഡി എന്ന പേരിലുള്ള മിഠായി തുടങ്ങിയവ കഴിച്ച കുട്ടികള്‍ക്കാണ് കൂടുതലും ഭക്ഷ്യവിഷബാധയേറ്റത്.
ലബോറട്ടറി പരിശോധനാഫലം വന്നാല്‍ മാത്രമേ ഭക്ഷ്യ വിഷബാധയുടെ കാരണം വ്യക്തമാവുകയുള്ളുവെന്ന് ഡി.എം.ഒ ഡോ. നിതാ വിജയന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് പനമരം പോലീസ് പരിശോധന നടത്തിയെങ്കിലും കടയില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല. വിവാദമായ കട അടച്ചിടാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവരമറിഞ്ഞ് സബ്കലക്ടര്‍, ഡി.എം.ഒ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ മിഠായികളും മറ്റ് വസ്തുക്കളും വില്‍ക്കുന്നത് തടയാന്‍ റെയ്ഡ് നടത്താന്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശാരീരിക അസ്വസ്ഥതകളുണ്ടായ കുട്ടികളില്‍ പലരും വിവിധ ആശുപത്രികളില്‍ കഴിയുകയാണ്. ഇവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനായുള്ള ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ച് പീഡിയാട്രീഷ്യന്‍, ന്യൂറോളജിസ്റ്റ്, മൈക്രോബയോളജിസ്റ്റ് എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എത്തിയത്.

Latest