Connect with us

Wayanad

ബാവലിയിലെ ബാറുകളുടെ ലൈസന്‍സ് കര്‍ണാടക എക്‌സൈസ് വകുപ്പ് റദ്ദ് ചെയ്തു

Published

|

Last Updated

കല്‍പ്പറ്റ: ബാവലിയിലെ അനധികൃത ബാറുകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു. കര്‍ണാടകയിലെ എക്‌സൈസ് മന്ത്രിയുടെ അടുത്ത ബന്ധുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബാവലിയിലെ അനധികൃത ബാറുകളുടെ ലൈസന്‍സാണ് റദ്ദ് ചെയ്തത്. നിയമാനുസൃതമല്ലാതെ പിന്‍വാതിലിലൂടെ കൈക്കലാക്കിയ സി എല്‍ 7 (റിസോര്‍ട്ടിനുള്ളില്‍ മദ്യം വിളമ്പാനുള്ള ലൈസന്‍സ്), സി എല്‍ 2 (ചില്ലറ മദ്യ വില്‍പ്പനശാല നടത്താനുള്ള ലൈസന്‍സ്) ലൈസന്‍സുകളാണ് കര്‍ണാടക എക്‌സൈസ് വകുപ്പ് അടിയന്തരമായി റദ്ദ് ചെയ്തത്. മേല്‍ ലൈസന്‍സുകളുടെ മറവില്‍ ബാംബു ഹട്ടുകളുകളിലൂടെയും റസ്റ്റോറന്റുകളിലൂടെയും അനധികൃതമായി വ്യാജമദ്യം ഉള്‍പ്പടെയുള്ളവ ഇവിടെ വിതരണം ചെയ്യുന്നുണ്ടായിരുന്നു. സി എല്‍ 7 ലൈസന്‍സ് അടിയന്തരമായി റദ്ദ് ചെയ്യുകയും, സി എല്‍ 2 ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്തതായുമാണ് മൈസൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജഗദീഷ് നായിക് ഉത്തരവിറക്കിയിരിക്കുന്നത്. ഒരു മാസത്തിനകം സി എല്‍ 2 ലൈസന്‍സ് മൈസൂര്‍ ജില്ലയിലെ മറ്റെവിടേക്കെങ്കിലും മാറ്റാമെന്നും അതുകൊണ്ട് ക്യാന്‍സല്‍ ചെയ്യരുതുമെന്ന വൈ അണ്ണപ്പയുടെ അഭ്യര്‍ഥന മാനിച്ചാണ് ഒരു മാസത്തിനകം ലൈസന്‍സ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന നിബന്ധനയോടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തിട്ടുള്ളത്. മേല്‍ അനധികൃത സ്ഥാപനങ്ങളുടെ ഉടമയായ വൈ അണ്ണപ്പ എക്‌സൈസ് കമ്മീഷണര്‍ വൈ മഞ്ജുനാഥയുടെ സഹോദരനാണ്. വൈ മഞ്ജുനാഥയാകട്ടെ, കര്‍ണാടക എക്‌സൈസ് മന്ത്രി സതീഷ് ജാര്‍ക്കോളിയുടെ അടുത്ത ബന്ധുവുമാണ്. ഇത്തരം സ്വാധീനങ്ങള്‍ ഉപയോഗിച്ചാണ് അനധികൃതമായി ലൈസന്‍സ് കരസ്ഥമാക്കിയതെന്ന ആരോപണം പരക്കെ ഉയര്‍ന്നിരുന്നു.
2012-ലാണ് വൈ അണ്ണപ്പയുടെ പേരില്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ഡോ. വൈ മഞ്ജുനാഥ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരിക്കുന്ന സമയത്താണ് ബാവലിയില്‍ പ്രവര്‍ത്തിച്ചുവന്ന ബാലാജി പോത്തരാജുവിന്റെ പേരിലുള്ള സി എല്‍ 9 ലൈസന്‍സ് റദ്ദ് ചെയ്യുന്നത്. ബാലാജി ബാവലിയില്‍ ഒരു ബാറും റസ്റ്റോറന്റും സ്ഥലമുടമയും പാര്‍ട്ട്ണറുമായ കെ പി ബാബുസേനനുമൊത്ത് നടത്തിവരികയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ മഞ്ജുനാഥ നിരസിക്കുകയും, തുടര്‍ന്ന് ബാലാജി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
കര്‍ണാടക ഹൈക്കോടതി ലൈസന്‍സ് പുതുക്കി നല്‍കാന്‍ എക്‌സൈസ് കമ്മീഷണറോട് നിര്‍ദേശിച്ചെങ്കിലും വന്യജീവി നിയമങ്ങള്‍ ചൂണ്ടികാണിച്ച് എക്‌സൈസ് വകുപ്പ് ബാലാജിയുടെ അപേക്ഷ നിരസിക്കുകയായിരുന്നു. എന്നാല്‍ മുമ്പ് ബാലാജിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന അതേ സ്ഥലത്ത് പഴയ സ്ഥലമുടമസ്ഥനോടൊന്നിച്ച് വൈ അണ്ണപ്പ പുതിയ ബാറുകള്‍ തുറക്കുകയും, പ്രസ്തുത ബാറുകള്‍ക്ക് സി എല്‍ 7 ലൈസന്‍സ് കരസ്ഥമാക്കുകയുമായിരുന്നു. അണ്ണപ്പയും മഞ്ജുനാഥും ചേര്‍ന്ന് നടത്തിയ ചില നീക്കങ്ങളാണ് അനധികൃതമായി ലൈസന്‍സ് ലഭിക്കാന്‍ കാരണമെന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം യാതൊരു തടസവുമില്ലാതെ മേല്‍സ്ഥാപനങ്ങള്‍ സുഗമമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തുടര്‍ന്ന് സംഭവത്തിലിടപെട്ട അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ. ശ്രീജിത്ത് പെരുമന വിവരാവകാശ നിയമപ്രകാരം വിവിധ വകുപ്പുകളില്‍ നിന്നും മേല്‍സ്ഥാപനങ്ങളുടെ പൂര്‍ണവിവരങ്ങളും ഇടപാടുകളും നടത്തിയതിന്റെ ഞെട്ടിക്കുന്ന രേഖകള്‍ പുറത്തുകൊണ്ടുവരികയും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും, സംസ്ഥാന മുഖ്യമന്ത്രിക്കുമുള്‍പ്പെടെ എല്ലാ വകുപ്പുകള്‍ക്കും നിരന്തരം പരാതികള്‍ നല്‍കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും, ദേശീയ കടുവാസംരക്ഷണ അതോറിറ്റിയും ദേശീയ വന്യജീവി ബോര്‍ഡും ഉള്‍പ്പെടെ നാഗര്‍ഹോളൈ ടൈഗര്‍ റിസര്‍വ്വ് ഡയറക്ടറും ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ അടിയന്തര അന്വേഷണങ്ങള്‍ക്കും ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും ശുപാര്‍ശ ചെയ്തിരുന്നു. മേല്‍ സ്ഥാപനങ്ങളുടെ അനധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ നാഗര്‍ഹോളൈ ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ആര്‍ ഗോകുല്‍ മൂന്നില്‍ കൂടുതല്‍ പ്രാവശ്യം പ്രസ്തുത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് എക്‌സൈസ് വകുപ്പിനോടും ജില്ലാകലക്ടറോടും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയതായ നാഗര്‍ഹോളൈ കടുവാസങ്കേതത്തിനുള്ളില്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വനം വന്യജീവി വകുപ്പിന്റെ യാതൊരു വിധ അനുമതികളും ഇല്ലാതെയാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതെന്നതും വിചിത്രമായ ഒരു വസ്തുതയായിരുന്നു.
കേരളത്തിലെ മദ്യനയവുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ ആദിവാസികളുള്‍പ്പെടെയുള്ള വയനാടന്‍ ജനതയുടെ സൈ്വര്യജിവിതം തകര്‍ത്തുവരികയായിരുന്നുവെന്നും മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്ത ചെയ്തിരുന്നു. കൂടാതെ ഈ വിഷയം അഡ്വ. ശ്രീജിത്ത് പെരുമന വയനാട് ജില്ലാകലക്ടറുടെയും, നോര്‍ത്ത് വയനാട് ഡി എഫ് ഒയുടെയും, വയനാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോടും അടിയന്തരമായി അന്വേഷണം നടത്തുന്നതിനായി പരാതി നല്‍കിയിരുന്നു. മേല്‍ പരാതി സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് അന്വേഷണം നടത്തിയ നോര്‍ത്ത് വയനാട് ഡി എഫ് ഒ ഷാനവാസ് അനധികൃതമായാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അടിയന്തര നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ട് വയനാട് ജില്ലാകലക്ടര്‍ക്കും നാഗര്‍ഹോളൊ കടുവാസങ്കേതം ഡയറക്ടര്‍ക്കും കത്ത് നല്‍കിയിരുന്നു. കൂടാതെ കബനിനദിയുടെ തീരം കയ്യേറിയെന്ന അഡ്വ. ശ്രീജിത്തിന്റെ പരാതിയില്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ജില്ലാകലക്ടര്‍ മാനന്തവാടി സബ്കലക്ടറോട് ഉത്തരവിട്ടിരുന്നു. അഡ്വ. ശ്രീജിത്ത് പെരുമനയുടെ നിരന്തരമായ ഇടപെടലുകളുടെയും, പോരാട്ടത്തിന്റെയും ഒടുവില്‍ ആഴ്ചകള്‍ക്ക് മുമ്പ് മേല്‍സ്ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്തിരുന്നു തുടര്‍ന്ന് കഴിഞ്ഞ ദിവസം ലൈസന്‍സ് റദ്ദ് ചെയ്തുകൊണ്ടുവന്ന വാര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പ്രദേശവാസികള്‍ക്കും വലിയ ആശ്വാസമായിരിക്കുകയാണ്. കൂലിപ്പണിയെടുത്ത് അതിജീവനം തേടുന്ന ആദിവാസി സമൂഹങ്ങള്‍ക്ക് വലിയ സാമൂഹ്യപരിവര്‍ത്തനമാണ് ഇതോടെ ലഭിക്കുകയെന്ന് അഡ്വ. ശ്രീജിത്ത് പെരുമന പറഞ്ഞു.

---- facebook comment plugin here -----

Latest