Connect with us

Ongoing News

തൊഴിലുറപ്പ് പദ്ധതി: കേരളത്തിന് കേന്ദ്രമന്ത്രിയുടെ വിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ചട്ടപ്രകാരം നടത്തേണ്ട സോഷ്യല്‍ ഓഡിറ്റ് കേരളം ഇനിയും തുടക്കം കുറിക്കാത്തത് പ്രധാന പോരായ്മയാണെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദ്ര സിംഗ്. രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും ഇലക്ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സ്‌കീമിനു കീഴിലാക്കുകയും 60,000 ഗ്രാമപഞ്ചായത്തുകളില്‍ മൊബൈല്‍ അടിസ്ഥാനമാക്കിയുള്ള മേല്‍നോട്ട സംവിധാനം നടപ്പാക്കും. 300 ജില്ലകളില്‍ തൊഴിലുറപ്പു പദ്ധതിയുടെ വേതന വിതരണം ഗുണഭോക്താക്കള്‍ക്ക് ബേങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമവികസന മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പു പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് പരമ്പരാഗത തൊഴില്‍ മേഖയില്‍ ഉള്ളവരടക്കം കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ക്ഷീരോത്പാദനം, നെല്‍കൃഷി, ഫാമിംഗ്, കയര്‍, ഖാദി, കൈത്തറി മേഖലകളെ കൂടി ഉള്‍പ്പെടുത്തുന്നത് കൃഷി, അനുബന്ധ മേഖലകളിലെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായകരമാകും. തൊഴിലുറപ്പ് പദ്ധതി ഉത്പാദനക്ഷമമാക്കാന്‍ കൂടുതല്‍ പ്രവൃത്തികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ഭരണത്തില്‍ ഏറിയതുമുതലുള്ള ആവശ്യമാണ്. ഇതു സംബന്ധിച്ച നിര്‍ദേശം പലതവണ കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തതാണ്. സംസ്ഥാനങ്ങളുടെ പ്രത്യേകതകള്‍ കണക്കിലെടുക്കാതെയാണ് പലപ്പോഴും കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Latest