Connect with us

National

രഹസ്യാന്വേഷണ ഏജന്‍സികളുടെ അധികാരത്തെ ചോദ്യം ചെയ്ത ഹരജി തള്ളില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികള്‍ പോലീസ് അധികാരം പ്രയോഗിക്കുന്നതിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി തള്ളാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പോലീസിന്റെ അധികാരം നല്‍കുന്ന നിയമം നിലവിലില്ല. ഈ പൊതുതാത്പര്യ ഹരജി തള്ളാന്‍ തങ്ങള്‍ക്കാകില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.
ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി), റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ), നാഷനല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍ ടി ആര്‍ ഒ) ഉത്തരവാദിത്വത്തെ സംബന്ധിച്ച് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (സി പി ഐ എല്‍) സമര്‍പ്പിച്ച ഹരജിയില്‍ 2013ല്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് നല്‍കിയിരുന്നു. യു കെ, യു എസ് എ മുതലായ രാഷ്ട്രങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ചുമതല താരതമ്യം ചെയ്തായിരുന്നു ഹരജി സമര്‍പ്പിച്ചത്. പൊതു താത്പര്യ ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട് റോയിലെ മുന്‍ ഉദ്യോഗസ്ഥയുടം അഭിഭാഷകയുമായ നിഷ പ്രയി ഭാട്ടിയയാണ് ഇടക്കാല ഹരജി സമര്‍പ്പിച്ചത്. വിഷയം ഏപ്രില്‍ അവസാനയാഴ്ച പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് പ്രഫുല്ല സി പാന്ഥും ബഞ്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പാര്‍ലിമെന്റ് പാസ്സാക്കാത്ത നിയമത്തിന്റെ അഭാവത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പോലീസിന്റെ അധികാരം പ്രയോഗിക്കുന്നതിനെ ചോദ്യം ചെയ്താണ് പൊതുതാത്പര്യ ഹരജി. ഫോണ്‍ ചോര്‍ത്തല്‍ പോലെയുള്ള പോലീസിന്റെ അധികാരം പ്രയോഗിക്കുന്നതിനെ ഹരജി ചോദ്യം ചെയ്യുന്നു. സര്‍ക്കാറിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരമാണോ ചോര്‍ത്തല്‍ പോലെയുള്ള അധികാരം പ്രയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ഈ ഹരജി പരിഗണിക്കാന്‍ കോടതി വൈമനസ്യം പ്രകടിപ്പിച്ചിരുന്നു. ഹരജിയില്‍ നിരവധി പ്രധാന ചോദ്യങ്ങളുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അനില്‍ ദിവാന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഹരജി പരിഗണിക്കാന്‍ കോടതി തയ്യാറായത്.