Connect with us

National

പാക് പ്രകോപനങ്ങളെ അതേ നാണയത്തില്‍ നേരിടും: ബി എസ് എഫ്‌

Published

|

Last Updated

ജമ്മു: ജമ്മു കാശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ബി എസ് എഫ്. പാക് സൈന്യത്തിന്റെ പ്രകോപനങ്ങളോട് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ ഡി കെ പതക് പറഞ്ഞു. സാംബ സെക്ടറില്‍ പാക് വെടിവെപ്പില്‍ വീരമൃത്യു വരിച്ച കോണ്‍സ്റ്റബിള്‍ ദേവേന്ദര്‍ സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊരു സന്തോഷപ്രദമായ വേളയല്ല. കഴിയുന്നത്ര വേഗത്തില്‍ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാനാണ് ആഗ്രഹം. പക്ഷെ എന്ത് ചെയ്യും? എങ്ങനെ നിശ്ശബ്ദരാകാന്‍ സാധിക്കും? ആക്രമിക്കുന്ന അതേ രീതിയില്‍ തിരിച്ചടിക്കും. സമാധാനം ആഗ്രഹിക്കുന്നു. പക്ഷെ അത് ഇരുകൂട്ടരും സമ്മതിക്കണം. ഒരു കൂട്ടര്‍ മാത്രം ആഗ്രഹിച്ചിട്ട് കാര്യമില്ല. ഇന്ത്യന്‍ ഭാഗത്ത് നിന്ന് ഒരു പ്രകോപനം പോലും ഉണ്ടായിട്ടില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിര്‍ത്തികളിലൂടെ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം സുഗമമാക്കുന്നതിന് വേണ്ടിയായിരിക്കാം പ്രകോപനമില്ലാതെയുള്ള വെടിവെപ്പ്. കഴിഞ്ഞ 31ന് രാത്രി മൂന്ന് നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്. അതായിരിക്കാം പ്രകോപനമില്ലാതെയുള്ള വെടിവെപ്പിന് കാരണം. പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ കിഴക്കന്‍ അതിര്‍ത്തിയെ കലുഷമാക്കുകയാണ് പാക്കിസ്ഥാന്‍. കഴിഞ്ഞ ഒന്നാം തീയതി ഇരുപക്ഷവും ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്ന് മുതല്‍ രണ്ട് തവണ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു പാക് സൈന്യം. സാധാരണക്കാരുടെ മരണത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ പഥക് ഇങ്ങനെ മറുപടി നല്‍കി. “സാധാരണക്കാരുടെ ഇടങ്ങളെ ബി എസ് എഫ് ഒരിക്കലും ലക്ഷ്യം വെക്കില്ല. അതേസമയം, പാക് സൈന്യം യാതൊരു വിവേചനവുമില്ലാതെ സാധാരണക്കാരെ ലക്ഷ്യം വെക്കുകയാണ്.”

---- facebook comment plugin here -----

Latest