Connect with us

International

സിറിയന്‍ സംഘര്‍ഷം: കൊല്ലപ്പെട്ടത് 160 കുട്ടികള്‍ ; പഠിക്കാനാകാതെ 16 ലക്ഷം വിദ്യാര്‍ഥികള്‍

Published

|

Last Updated

യുനൈറ്റഡ് നാഷണ്‍: കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷങ്ങളില്‍ ചുരുങ്ങിയത് 160 സ്‌കൂള്‍ കുട്ടികളെങ്കിലും സിറിയയില്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ. ഇതിന് പുറമെ 16 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയതായും യു എന്‍ വ്യക്തമാക്കി.
സ്‌കൂളുകള്‍ സമാധാന മേഖലകളായിരിക്കണം. മരണമോ പരുക്കുകളോ ഇല്ലാതെ പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഉണ്ടാക്കിക്കൊടുക്കലും അനിവാര്യമാണ്. 2014ല്‍ സിറിയയില്‍ സ്‌കൂളുകള്‍ക്ക് നേരെ 68 ആക്രമണങ്ങള്‍ നടന്നു. സംഘര്‍ഷത്തിനിടെ 160ലധികം പേര്‍ കൊല്ലപ്പെടുകയും 343 വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചില സ്‌കൂളുകള്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടന്നിരുന്നു. അഞ്ച് വര്‍ഷമായി സിറിയയില്‍ സംഘര്‍ഷം തുടരുകയാണ്. സ്‌കൂളുകള്‍ക്ക് നേരെയും അധ്യാപകര്‍ക്ക് നേരെയും സിറിയയില്‍ ഭീകരമായ ആക്രമണങ്ങളാണ് നടക്കുന്നത്. ഇതിന്റെ ദുരന്തം അനുഭവിക്കുന്നത് ഇവിടുത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. 13ലക്ഷത്തിനും 16 ലക്ഷത്തിനും ഇടയില്‍ വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷങ്ങള്‍ മൂലം സ്‌കൂളുകളില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. സംഘര്‍ഷങ്ങളില്‍ ഇതുവരെ രണ്ട് ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതായും രാജ്യത്തെ മൊത്തം ജനതയുടെ പകുതി പേരെയും അഭയാര്‍ഥികളാക്കിയതായും യു എന്‍ വ്യക്തമാക്കി.